BUSINESS

ക്യാഷ് ഓൺ ഡെലിവറിയിൽ ബാക്കി ലഭിച്ചില്ലേ? വിഷമിക്കേണ്ട, പരിഹാരവുമായി സൊമാറ്റോ, പണം മണി അക്കൗണ്ടിലേക്ക് ചേർക്കാം

വെബ് ഡെസ്ക്

ഓൺലൈനിൽ ക്യാഷ് ഓൺ ഡെലിവറി ആയി ഭക്ഷണം വാങ്ങുമ്പോൾ കൃത്യമായി ബാക്കി തുക ലഭിക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറില്ലേ? ഇതിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ക്യാഷ് ഓൺ ഡെലിവറിയായി വാങ്ങിയ ആഹാരത്തിന് നല്‍കിയ തുകയുടെ ബാലന്‍സ് ലഭിച്ചില്ലെങ്കില്‍ ഇനി ഉപഭോക്താവിന് ആ പണം നഷ്ടമാകില്ല. അവര്‍ക്ക് ആ പണം അവരുടെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് തൽക്ഷണം തന്നെ ചേർക്കാൻ സാധിക്കുന്ന ഫീച്ചറാണ് സൊമാറ്റോ അവതരിപ്പിച്ചത്. ഡെലിവറി എക്‌സിക്യൂട്ടീവുകളോട് ഇക്കാര്യം ഉപയോക്താക്കൾക്ക് ആവശ്യപ്പെടാം. സൊമാറ്റോയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ദീപീന്ദർ ഗോയൽ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക്, കൃത്യമായ പണം കണ്ടെത്തുന്നത് ചിലപ്പോൾ അസൗകര്യമുണ്ടാക്കാം. ഇന്ന് മുതൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഡെലിവറി പങ്കാളികൾക്ക് പണം നൽകാനും ബാക്കി തുക അവരുടെ സൊമാറ്റോ മണി അക്കൗണ്ടിലേക്ക് തൽക്ഷണം ചേർക്കാനും ആവശ്യപ്പെടാം. ഭാവിയിലെ ഡെലിവറി ഓർഡറുകൾക്കോ ഭക്ഷണം കഴിക്കാനോ ​​ഈ ബാലൻസ് ഉപയോഗിക്കാം, ”സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ വ്യക്തമാക്കി.

ഓർഡർ ലഭിക്കുമ്പോൾ കൃത്യമായ പണം കണ്ടെത്തുന്നത് സംബന്ധിച്ച ഉപഭോക്തൃ ആശങ്കകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കമ്പനി മേധാവി വ്യക്തമാക്കി. പുതിയ ഫീച്ചർ ബാംഗ്ലൂർ ആസ്ഥാനമായുള്ള ടാറ്റ ഡിജിറ്റൽ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ഫീച്ചർ നിർമ്മിക്കാൻ തങ്ങൾക്ക് പ്രചോദനമേകിയതായി ദീപീന്ദർ ഗോയൽ പറഞ്ഞു. “ഞങ്ങളുടെ ഡെലിവറി പങ്കാളികൾ (അവരിൽ മൂന്ന് പേർ ഞങ്ങളോടൊപ്പം ഉൽപ്പന്ന മാനേജർമാരായി പ്രവർത്തിക്കുന്നു) ഇത് എത്രയും വേഗം വികസിപ്പിക്കണമെന്ന് ഞങ്ങളെ നിർബന്ധിച്ചു," ഗോയൽ പറഞ്ഞു.

ക്യാഷ് ഓൺ ഡെലിവെറിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ വളരെ ആവേശത്തോടെയാണ് നെറ്റിസൺസ്‌ സ്വീകരിച്ചത്. സൊമാറ്റോയിലെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഉപഭോക്താവിന് മുൻഗണന നൽകുന്ന ഫീച്ചറുകളിലേക്കുള്ള ബ്രാൻഡിൻ്റെ നീക്കത്തെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകൾ പങ്കുവെച്ചത്.

അതേസമയം, കഴിഞ്ഞ എട്ടു മാസത്തിനിടെ പ്ലാറ്റ്‌ഫോം ഫീസ് ഇനത്തിൽ 83 കോടി രൂപയാണ് സൊമാറ്റോ നേടിയത്. ഇതിലൂടെ കമ്പനിയുടെ വരുമാനം 27 ശതമാനം വരെ ഉയർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 7793 കോടി രൂപ ആയതായാണ് റിപ്പോർട്ട്. ഒരു പാഴ്സലിന് രണ്ടു രൂപ ആയിരുന്ന പ്ലാറ്റ്‌ഫോം ഫീസ് ഇപ്പോൾ പ്രധാന ന​ഗരങ്ങളിൽ ആറുരൂപയാക്കിയിട്ടുണ്ട്. ഒപ്പം റസ്‌റ്റോറൻ്റ് കമ്മീഷൻ നിരക്ക് ഉയർന്നതും പരസ്യത്തിലൂടെയുള്ള വരുമാനം മെച്ചപ്പെടുത്തിയതും വരുമാന വർധനവിന് കാരണമായിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്