Christmas

മുഹമ്മദ് റഫിയുടെ യേശുദേവൻ

അനശ്വരങ്ങളായ ഹിന്ദു ഭജൻ ഗാനങ്ങളും മുസ്ലിം ഭക്തിഗാനങ്ങളും നിരവധി ആലപിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയ ഗീതങ്ങൾ അധികമില്ല റഫിയുടെ ക്രെഡിറ്റിൽ.

രവി മേനോന്‍

ജെറി അമൽദേവിന്റെ സംഗീതത്തിൽ സാക്ഷാൽ മുഹമ്മദ് റഫി പാടിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ കേൾക്കാനുള്ള ഭാഗ്യം നമ്മെ ഒഴിഞ്ഞുപോയത് നേരിയ വ്യത്യാസത്തിൽ. ആത്മകഥയിൽ അക്കഥ വിവരിച്ചിട്ടുണ്ട് ജെറി മാസ്റ്റർ.

ലത്തീൻ ആരാധനാക്രമത്തിലുള്ള ഹിന്ദി ദിവ്യബലിയിലെ ഗാനങ്ങൾ തനിമയോടെ ചിട്ടപ്പെടുത്തിയപ്പോഴാണ് അവയിൽ ചിലത് റഫി സാബിനെക്കൊണ്ട് പാടിച്ചാലോ എന്ന ചിന്തയുദിക്കുന്നത്. എസ് വി ഡി സെമിനാരിയിൽ ഒപ്പമുണ്ടായിരുന്ന ഫാദർ മാത്യു മുളവനയുടെതായിരുന്നു ആശയം. മലയാളത്തിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ടില്ല അന്ന് ജെറി. ഹിന്ദി സിനിമാലോകത്ത് നൗഷാദിന്റെ സഹായിയുടെ റോളിലാണ്.

ലത്തീൻ ആരാധനാക്രമത്തിലുള്ള ഹിന്ദി ദിവ്യബലിയിലെ ഗാനങ്ങൾ തനിമയോടെ ചിട്ടപ്പെടുത്തിയപ്പോഴാണ് അവയിൽ ചിലത് റഫി സാബിനെക്കൊണ്ട് പാടിച്ചാലോ എന്ന ചിന്തയുദിക്കുന്നത്.

''ചിട്ടപ്പെടുത്തിയ ഗാനങ്ങളുമായി ഞാൻ ബാന്ദ്രയിലെ റഫി സാഹിബിന്റെ വീട്ടിൽ ചെന്നു.''-- ജെറി എഴുതുന്നു. ''റഫീ സാബ്, കാത്തലിക് ചർച്ചിന്റെ ചില ആരാധനാഗാനങ്ങൾ താങ്കളെക്കൊണ്ട് പാടിക്കണമെന്ന് താല്പര്യമുണ്ട്.'' -- ഞാൻ പറഞ്ഞു.

മക്കൾ പഠിച്ചിരുന്നത് മുംബൈയിലെ പ്രമുഖ കാത്തലിക് സ്കൂളിൽ ആയിരുന്നതിനാൽ സഭയെക്കുറിച്ചൊക്കെ നന്നായി അറിയാം റഫി സാബിന്. ചിട്ടപ്പെടുത്തിയ പാട്ടുകളിലൊന്ന് പാടിക്കേൾക്കട്ടെ എന്നായി അദ്ദേഹം. സാഹിത്യപരമായി ഏറ്റവും കഠിനമായ ''ക്രേദോ'' അഥവാ വിശ്വാസപ്രമാണമാണ് ജെറി പാടിക്കേൾപ്പിച്ചത്: ''സർവ്ഷക്തി സംപന്ന് പിതാ ജോ, ഏക് മാത്ര പര്മേശ്വര്... ''

അത്രയുമായപ്പോൾ റഫി സാബ് വിലക്കി. ''ജെറി സാബ്, യഹ് ഖഡീ ബോലി ഹയ് ! മേരി മുഹ്സേ യഹ് നഹീ നിക്ക് ലേഗി.'' ഇത് കട്ടിയാണ്, സംസ്കൃതമാണ്, എന്റെ നാവിനു വഴങ്ങില്ല എന്ന്. എന്നിട്ട് നല്ലൊരു നിർദ്ദേശവും തന്നു: സാബ് മന്നാഡേയോട് പറയൂ. അദ്ദേഹമാണ് ഇതിന് ഏറ്റവും അനുയോജ്യനായ ആൾ.' ഒപ്പം മന്നാഡേയുടെ സംസ്കൃത പദനിബിഢമായ ഒരു ഗാനം മൂളിക്കേൾപ്പിച്ചു: പൂച്ചോ നാ കൈസേ മയ് നേ രൈന് ബിത്തായീ..'' വിധിനിയോഗമെന്നോണം പിന്നീട് ആ പാട്ടുകൾക്ക് ശബ്ദം പകർന്നത് മന്നാഡേ ആയിരുന്നു എന്നോർക്കുന്നു ജെറി അമൽദേവ്.

അനശ്വരങ്ങളായ ഹിന്ദു ഭജൻ ഗാനങ്ങളും മുസ്ലിം ഭക്തിഗാനങ്ങളും നിരവധി ആലപിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയ ഗീതങ്ങൾ അധികമില്ല റഫിയുടെ ക്രെഡിറ്റിൽ. എങ്കിലും പാടിയ പാട്ടുകൾ ഒന്നിനൊന്ന് ഹൃദ്യം. ബോംബെ ബിഷപ് ഡൊണാൾഡ് കെന്നഡിയുടെ ആഗ്രഹപ്രകാരം ഗ്രാമഫോൺ കമ്പനിയുടെ ''സോങ്‌സ് ഓഫ് ഔർ ലോർഡ് ജീസസ്'' എന്ന ആൽബത്തിന് വേണ്ടി നാല്‌ സ്തുതിഗീതങ്ങൾ പാടി റെക്കോർഡ് ചെയ്തിട്ടുണ്ട് റഫി. ഉദ്ധവ് കുമാറിന്റെ രചനകൾക്ക് ഈണം പകർന്നത് മധുകർ പഥക്. വാദ്യവിന്യാസം വിഖ്യാത ഗിറ്റാറിസ്റ് എനോക് ഡാനിയൽസിന്റെ വക.

''ചലോ ചലോ ദർശൻ കർനേ ജഗ് രഖ് വാലാ ആയാ ഹേ'' ആണ് അവയിൽ ഏറെ പ്രശസ്തം. ചുഡാനേ പാപ് സേ സബ്‌കോ, ലിയാ ഔതാർ യേശു നേ, ധന്യ ക്രൈസ്റ്റ് പ്രഭു ജയ് ഹോ എന്നീ ഗാനങ്ങളിലുമുണ്ട് റഫിയുടെ ഭാവദീപ്തമായ ആലാപനത്തിന്റെ തിളക്കം. സിനിമക്ക് വേണ്ടി പാടിയ പാട്ടുകളിൽ സച്ഛായി (1969) യിലെ ''മേരെ ഗുനാഹ് മാഫ് കർ'' മറക്കാനാവില്ല. രജീന്ദർ കിഷൻ -- ശങ്കർ ജയകിഷൻ സഖ്യത്തിന് വേണ്ടിയാണ് റഫിയുടെ ആലാപനം.

അമൃത്‌സറിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെ കോട്ട്ലാ സുൽത്താൻ സിംഗ് എന്ന ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിൽ 98 വർഷം മുൻപ് ഒരു ക്രിസ്‌മസ്‌ തലേന്ന് പിറന്നു വീണ മുഹമ്മദ് റഫിയുടെ ജീവിതകഥ സംഗീതം പോലെ മധുരതരം. എല്ലാ അർത്ഥത്തിലും സ്നേഹഗായകനായിരുന്നു അദ്ദേഹം. ഏത് മത വിശ്വാസികളുടെ ഭക്തിഗാനങ്ങളിലും റഫി നിറച്ചുവെച്ചതും ഇതേ സ്നേഹവർണ്ണങ്ങൾ തന്നെ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ