അയ്യായിരത്തിലധികം സ്റ്റാറുകള്‍ കൊണ്ട് നിറഞ്ഞൊരു കുന്ന് - അതാണ് ക്രിസ്മസ് കാലത്തെ പുതുകുന്ന്. തിരുവനന്തപുരം ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ക്രിസ്മസ് പുതുവര്‍ഷാഘോഷം കെങ്കേമമാക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രധാന ഇടവും ഇത് തന്നെയാണ്. തിരുവനന്തപുരത്തെ പുതുകുന്ന് സി എസ് ഐ പള്ളിക്ക് ചുറ്റുമുള്ള മരങ്ങളിലാണ് പലനിറങ്ങളിലുള്ള നക്ഷത്രങ്ങള്‍ ഇടംപിടിക്കുന്നത്. ഈ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രക്കൂട്ടങ്ങളെ ഇത്രയും മനോഹരമായി ചില്ലകളില്‍ കോര്‍ക്കുന്നത് ഒരു കൂട്ടം യുവാക്കളാണ്.
2004 മുതല്‍ പുതുകുന്ന് സഭയുടെ കീഴിലുള്ള യുവാക്കള്‍ ക്രിസ്മസിന് സ്റ്റാര്‍ ഫെസ്റ്റ് നടത്തിവരികയാണ്. ആദ്യകാലങ്ങളില്‍ പേപ്പറില്‍ നൂറോ ഇരുന്നൂറോ സ്റ്റാര്‍ എന്ന നിലയില്‍ ആരംഭിച്ച ഫെസ്റ്റ്, 2019ല്‍ 7000 സ്റ്റാറുകള്‍ കടന്ന് ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം പിടിക്കുകയും ചെയ്തു. പക്ഷേ തുടര്‍ വര്‍ഷങ്ങളിലുണ്ടായ പ്രതിസന്ധികള്‍ കാരണം ഫെസ്റ്റ് നടത്താനായില്ല. എന്നാല്‍ മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം ഇത്തവണ പ്രതീക്ഷയോടെ സ്റ്റാര്‍ ഫെസ്റ്റ് നടത്തുകയാണ് പുതുകുന്നിലെ ചെറുപ്പക്കാര്‍