Christmas

'ചാരായം ചേര്‍ത്ത കേക്ക്' ; മമ്പള്ളി ബാപ്പു ഉണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്കിന്റെ കഥ

1883ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് ബാപ്പുവിനോട് ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്.

തുഷാര പ്രമോദ്

വെള്ളക്കാരുടെ ഇഷ്ടവിഭവമായ കേക്ക് അന്നേവരെ രുചിച്ച് നോക്കിയിട്ടില്ലാത്ത തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു ജീവിതത്തിലാദ്യമായി ഒരു കേക്കുണ്ടാക്കി.. ഇത് കഴിച്ച ഇംഗ്ലണ്ടുകാരന്‍ സായിപ്പ് ബാപ്പുവിന്റെ കൈപ്പുണ്യത്തില്‍ അത്ഭുതപ്പെട്ടുവെന്നത് ചരിത്രം..

കേക്ക്, ക്രിക്കറ്റ്, സര്‍ക്കസ്.. മൂന്ന് 'സി' കളുടെ നാടെന്നാണ് തലശ്ശേരി അറിയപ്പെടുന്നത്. മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരനാണ് 1883 ഡിസംബര്‍ 20ന് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടാക്കിക്കൊണ്ട് കേക്കിലെ 'സി' യില്‍ തലശ്ശേരിയെ അടയാളപ്പെടുത്തിയത്. ബാപ്പു മ്യാന്മറിലേക്ക് നടത്തിയ കപ്പല്‍ യാത്രയിലൂടെയാണ് ഇന്ത്യയില്‍ ആദ്യത്തെ കേക്ക് പിറക്കുന്നത്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം മ്യാന്മറില്‍ നിന്നും ബിസ്‌കറ്റ് നിര്‍മാണം പഠിച്ച ബാപ്പു തലശ്ശേരിയില്‍ തിരിച്ചെത്തി. 1880 ല്‍ തലശ്ശേരിയല്‍ 'മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്‌സ് ഫാക്ടറി' എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ ബേക്കറി അദ്ദേഹം സ്ഥാപിച്ചു.

ബാപ്പുവിന്റെ ബേക്കറിയില്‍ ബിസ്‌ക്കറ്റും ബണ്ണുമൊക്കെയായി കച്ചവടം പൊടിപൊടിച്ചു. നാട്ടുകാര്‍ക്ക് ബേക്കറി വിഭവങ്ങളോട് വലിയ താത്പര്യം ജനിച്ചിട്ടില്ലാത്ത കാലമായതിനാല്‍ സായിപ്പന്‍മാരെ ലക്ഷ്യംവച്ച് തന്നെയായിരുന്നു ബാപ്പുവിന്റെ കച്ചവടം. നാല്‍പതില്‍പരം വ്യത്യസ്ത വിഭവങ്ങള്‍ മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ ഉണ്ടാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. യഥാര്‍ഥത്തില്‍ 1883 വരെ കേരളത്തില്‍ ആര്‍ക്കും കേക്ക് ഉണ്ടാക്കാന്‍ അറിയില്ലായിരുന്നു. 1883ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് ബാപ്പുവിനോട് ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കേക്ക് ബാപ്പുവിന് രുചിക്കാന്‍ കൊടുത്ത് അതുപോലെ ഒന്ന് തനിക്ക് വേണ്ടി ഉണ്ടാക്കാന്‍ സായിപ്പ് ആവശ്യപ്പെട്ടു. ബിസ്‌ക്കറ്റും ബണ്ണുമൊക്കെ ഉണ്ടാക്കാന്‍ അറിയാമെങ്കിലും കേക്ക് ഉണ്ടാക്കാന്‍ അറിയാത്ത ബാപ്പുവിന് സായിപ്പ് തന്നെ കേക്കിന്റെ കൂട്ട് പറഞ്ഞുകൊടുത്തു.

സായിപ്പിന്റെ ആവശ്യം നിരസിക്കാനാവാതിരുന്ന ബാപ്പു തന്റേതായ ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ 1883 ഡിസംബര്‍ 20ന് താനുണ്ടാക്കിയ ആദ്യത്തെ കേക്കുമായി തെല്ല് ആശങ്കയോടെ തന്നെയാണ് ബാപ്പു സായിപ്പിന്റടുത്തെത്തുന്നത്. എന്നാല്‍ ബാപ്പുവിനെ ഞെട്ടിച്ച് കൊണ്ട് കേക്ക് കഴിച്ച സായിപ്പ് സന്തോഷം കൊണ്ട് മതിമറന്നു. 'എക്സെലന്‍റ്' എന്ന് പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചുവെന്നും ചരിത്രം പറയുന്നു. ഇംഗ്ലീഷ് കേക്കിനേക്കാള്‍ രുചിയുള്ളതായിരുന്നു ബാപ്പുവിന്റെ കേക്ക് എന്ന് സായിപ്പന്‍മാര്‍ വരെ സമ്മതിച്ചു.

മമ്പള്ളി ബേക്കറിയുടെ പഴയകാല പരസ്യങ്ങള്‍

പിന്നീടാണ് മമ്പള്ളി ബാപ്പു ആ രുചിയുടെ രഹസ്യം വെളിപ്പെടുത്തുന്നത്. കേക്കിന് രുചി കൂട്ടാന്‍ മാഹിയില്‍ കിട്ടുന്ന ഒരിനം ഫ്രഞ്ച് ബ്രാണ്ടി ചേര്‍ക്കാനാണ് മര്‍ഡോക് ബ്രൗണ്‍ ബാപ്പുവിനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബാപ്പു താനുണ്ടാക്കിയ കേക്കില്‍ ചേര്‍ത്തത് നാടന്‍ ചാരായവും കദളിപ്പഴവും. ഇഗ്ലീഷ് കേക്കിന്റെ രുചി കൂട്ടില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ കൂടി ചേര്‍ത്ത് ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കേക്കുണ്ടാക്കി. അങ്ങനെ കേരളത്തിലെ ആദ്യത്തെ ബേക്കറിയില്‍, ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കേക്ക് ഉണ്ടാക്കി. ഇന്ത്യയിലെ ആദ്യ ബേക്കറി മദ്രാസിലെ സ്‌പെന്‍സര്‍ ബേക്കറിയാണെങ്കിലും ഒരു ഇന്ത്യക്കാരന്‍ ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയ ബേക്കറി ബാപ്പുവിന്റേതാണ്. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് പിറന്നത് മമ്പള്ളി ബാപ്പുവെന്ന തലശ്ശേരിക്കാരന്റെ കൈകളില്‍ നിന്നാണെന്ന് ചരിത്രം അടയാളപ്പെടുത്തി.

മമ്പള്ളി ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ പ്രകാശും ഭാര്യ ലിസിയും

ബാപ്പുവിന്റെ പിന്‍തലമുറക്കാര്‍ അദ്ദേഹത്തിന്റെ മരണശേഷവും ബേക്കറി ബിസിനസ് തുടര്‍ന്നു. ഇന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ബാപ്പുവിന്റെ നാലാം തലമുറ ബേക്കറി കച്ചവടം നടത്തുന്നുവെന്ന് തലശ്ശേരിയിലെ മമ്പള്ളി ബേക്കറിയുടെ ഇന്നത്തെ ഉടമകളായ പ്രകാശും ഭാര്യ ലിസിയും ദ ഫോര്‍ത്തിനോട് പറഞ്ഞു. പ്രകാശിന്റെ മുതുമുത്തച്ഛനാണ് മമ്പള്ളി ബാപ്പു. മരുമക്കത്തായത്തിലൂടെ പ്രകാശിന്റെ മുത്തച്ഛന് ബേക്കറി കൈമാറുകയും പിന്നീടത് പ്രകാശിന്റെ അച്ഛന് ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഇത് പ്രകാശും ഭാര്യ ലിസിയും ചേര്‍ന്ന് നടത്തുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബാപ്പു തുടങ്ങിയ മമ്പള്ളി റോയല്‍ ബിസ്‌ക്കറ്റ്‌സ് ഫാക്ടറിയുടെ കെട്ടിടം തലശ്ശേരിയില്‍ ഉണ്ടായിരുന്നുവെന്ന് ലിസി പറയുന്നു. 13 വര്‍ഷമായി തലശ്ശേരിയിലെ ഹാര്‍ബര്‍ സിറ്റി മാള്‍ കെട്ടിടത്തിലാണ് മമ്പള്ളി ബേക്കറി പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട്, കോട്ടയം, തിരുവന്തപുരം, തിരുവല്ല തുടങ്ങി കേരളത്തിലെ പല ഇടങ്ങളിലും ബാപ്പുവിന്റെ തലമുറക്കാര്‍ ബേക്കറികള്‍ തുറന്നു. പുതിയ തലമുറ മറ്റ് പല മേഖലകളിലേക്കും പോയതോടെ ഏറ്റെടുത്ത് നടത്താന്‍ ആളില്ലാതെ കോഴിക്കോട്ടെ മോഡേണ്‍ ബേക്കറി അടയ്‌ക്കേണ്ടി വന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു. കേക്കിന്റെ ചരിത്രം പിറന്ന് 139 വര്‍ഷങ്ങള്‍ക്കിപ്പുറവും മമ്പള്ളി ബേക്കറിയിലെ പ്ലം കേക്കിന് ആവശ്യക്കാരേറയാണ്.

പാലക്കാട് ലീഡ് തുടര്‍ന്ന് കൃഷ്ണകുമാര്‍, പ്രിയങ്കയുടെ ലീഡ് അമ്പതിനായിരത്തിലേക്ക്‌| Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ സഖ്യം, മഹാരാഷ്ട്രയില്‍ എന്‍ഡിഎ| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ