പ്രതീകാത്മക ചിത്രം 
EDUCATION

പത്താം ക്ലാസിൽ കൂട്ടത്തോൽവി; 34 പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടാനൊരുങ്ങി അസം സർക്കാർ

വെബ് ഡെസ്ക്

ഈ വർഷത്തെ പത്താം ക്ലാസ് പരീ​ക്ഷയിൽ ഒരു കുട്ടി പോലും ജയിക്കാത്ത 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനൊരുങ്ങി അസം സർക്കാർ. അസം സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 34 സ്കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് ഇത്തവണ അസം ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തിയ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. എന്നാൽ അവരാരും പരീക്ഷയിൽ വിജയിച്ചില്ല.

അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെ​ഗു

വിജയശതമാനം ഇല്ലാത്ത സ്കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് അസം വിദ്യാഭ്യാസ മന്ത്രി റനോജ് പെ​ഗു പറഞ്ഞു. ''സംസ്ഥാന സർക്കാർ എല്ലാ വർഷവും അനുവദിക്കുന്ന വാർഷിക ബജറ്റിലാണ് സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളുകളുടെ പ്രാഥമിക കടമ. എച്ച്എസ്എൽസി പരീക്ഷയിൽ ഒരു സ്കൂളിന്റെ ഫലം പൂജ്യമാണെങ്കിൽ, അത്തരം സ്കൂളുകൾ നിലനിർത്തുന്നതിൽ അർത്ഥമില്ല. വിജയശതമാനം ഇല്ലാത്ത സ്കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കാൻ സർക്കാരിന് കഴിയില്ല'' മന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളെ സമീപത്തെ സ്കൂളുകളുമായി ലയിപ്പിക്കുമെന്നും അസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ലയനത്തിന്റെ ഭാ​ഗമായി ചില സ്കൂളുകൾ അടച്ചുപൂട്ടും. പുതിയ സ്‌കൂൾ പുതിയ രൂപഭാവത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കും. സ്കൂളുകൾ ലയിപ്പിക്കാൻ ഏകദേശം 2000 മുതൽ 2500 അപേക്ഷകളാണ് ലഭിച്ചത്. അത് പരിശോധിച്ച് വരികയാണെന്നും ഈ സ്കൂളുകൾ നിലനിർത്താൻ പരമാവധി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

അടുത്തിടെ, അസമിലെ 290 ഓളം സ്‌കൂളുകൾ തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാർഥികളുടെ പ്രവേശന നിരക്ക് ഗണ്യമായി കുറവാണെന്നും പരീക്ഷാ ഫലം തൃപ്തികരമല്ലെന്നും സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് അയച്ചിരുന്നു. 2022 ജൂണിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മോശം ഫലത്തിന് നൂറിലധികം സ്‌കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

കോവിഡ് പകർച്ചവ്യാധിയാണ് പരീക്ഷകളിലെ മോശം ഫലത്തിനും വിദ്യാർഥികളുടെ നിരാശാജനകമായ പ്രകടനത്തിനും കാരണമെന്ന് അസമിലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കൊപ്പം പല സ്‌കൂളുകളിലെയും അധ്യാപകർ വിദ്യാർഥികളെ പൂർണമായി ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്കൂളുകൾ അടച്ചുപൂട്ടാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നു. സ്‌കൂൾ അടച്ചുപൂട്ടൽ പരിഹാരമല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം നിരവധി പുതിയ സ്കൂളുകൾ തുറക്കേണ്ടതുണ്ട്. സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിന് പകരം വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും കെജ്‍രിവാൾ ട്വീറ്റിൽ കുറിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?