EDUCATION

വിദേശ വിദ്യാർഥികൾക്ക് രണ്ടുവർഷത്തേക്ക് അഡ്‌മിഷനില്ല, നിര്‍ണായക തീരുമാനവുമായി കനേഡിയൻ പ്രവിശ്യ

അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം

വെബ് ഡെസ്ക്

രാജ്യാന്തര വിദ്യാർഥികൾക്കുള്ള പുതിയ അഡ്മിഷന് താത്കാലിക വിലക്ക് ഏർപ്പെടുത്തി കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ. 2026 ഫെബ്രുവരി വരെ കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് അവസരം നൽകേണ്ടതില്ലെന്നാണ് തീരുമാനം. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് വിക്ടോറിയ തുടങ്ങി ഗണ്യമായ തോതിൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുളള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ. സ്വകാര്യ പരിശീലന സ്ഥാപനങ്ങളിൽ മിനിമം ഭാഷ ആവശ്യകത എന്ന മാനദണ്ഡം കൊണ്ടുവരാനും തൊഴിൽ വിപണി ആവശ്യകതകൾക്കും ബിരുദ നിലവാരത്തിനും ഉയർന്ന നിലവാരം സ്ഥാപിക്കാനും ബ്രിട്ടീഷ് കൊളംബിയ പദ്ധതിയിടുന്നതായും വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

അന്തർദ്ദേശീയ വിദ്യാർഥികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ രാജ്യാന്തര വിദ്യാർഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്. കുടിയേറ്റം വർധിച്ചതോടെ വലിയ ഭവനക്ഷാമ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഈ വർഷം മുതൽ കാനഡയിലേക്ക് പഠനത്തിനായി വരുന്ന പുറംരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 3,60,000 ആയി ചുരുക്കാൻ നേരത്തെ കാനഡ തീരുമാനിച്ചിരുന്നു. അടുത്ത രണ്ടുവർഷത്തേക്കാണ് ഈ നിയന്ത്രണം. ചില വിദ്യാർഥികൾക്ക് പഠന ശേഷം ജോലിക്കുള്ള വിസ നൽകുന്നതിനും വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു.

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ ജനസംഖ്യ ഒരു ദശലക്ഷത്തിലും അധികമാണ്. അതിൽത്തന്നെ ഇന്ത്യക്കാരാണ് കൂടുതൽ. മുഴുവൻ രാജ്യാന്തര വിദ്യാർഥികളുടെ 37 ശതമാനവും ഇന്ത്യയിൽ നിന്നാണെന്നാണ് കണക്ക്. 2023-ൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി അഞ്ച് ലക്ഷം സ്ഥിര താമസക്കാരെയും ഒൻപത് ലക്ഷം അന്തർദ്ദേശീയ വിദ്യാർഥികളെയും പ്രവേശിപ്പിക്കാനായിരുന്നു കാനഡ ലക്ഷ്യമിട്ടത്. എന്നാൽ ഈ പരിധികളെല്ലാം ലംഘിക്കപ്പെട്ടു. കഴിഞ്ഞ വർഷം 3,45,000 ഭവന യൂണിറ്റുകളുടെ കുറവാണ് രാജ്യത്തുണ്ടായത്. അന്തർദേശീയ വിദ്യാർഥികളുടെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർ വിദ്യാഭ്യാസ അവസരങ്ങൾക്ക് പുറമെ സ്ഥിരതാമസമാക്കാനും ലക്ഷ്യമിട്ടാണ് കാനഡയിലേക്കെത്തുന്നത്. പ്രാദേശിക വിദ്യാർഥികളെ അപേക്ഷിച്ച് മൂന്നിരട്ടി ഫീസും ഇതിനായി ചെലവാക്കാറുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി