നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ മെഡിക്കൽ യുജി പ്രവേശന പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ചെന്നാണ് പരാതി. നീറ്റ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ ലോഹം കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ടെന്നും അതുകൊണ്ടാണ് സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുന്നതെന്നുമായിരുന്നു പരീക്ഷാ ചുമതലയുള്ളവരുടെ വിശദീകരണം.
ഇതാദ്യമായല്ല നീറ്റ് പരീക്ഷാര്‍ഥികളുടെ പരിശോധന സംബന്ധിച്ച് പരാതി ഉയരുന്നത്. പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കുക, ആൺകുട്ടികളുടെയടക്കം വസ്ത്രങ്ങളുടെ കൈ മുറിക്കുക തുടങ്ങിയ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. നീറ്റ് പോലുള്ള പരീക്ഷകൾക്ക് കൃത്യമായ ഡ്രസ് കോഡ് നൽകാറുണ്ട്. കൃത്യമായ മാർഗ നിർദേശങ്ങൾ പാലിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പല തവണ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ എൻടിഎ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡ്രസ് കോഡുകൾ കൃത്യമായി നിർദേശിക്കുന്നുണ്ട്.
നീറ്റ് പരീക്ഷയുടെ ഡ്രസ് കോഡ്
നീറ്റ് പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് ഡ്രസ് കോഡ് സംബന്ധിച്ച് കർശനമായ നിർദേശങ്ങളാണുള്ളത്. പല തവണ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ എൻടിഎ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡ്രസ് കോഡുകൾ കൃത്യമായി നിർദേശിക്കുന്നുണ്ട്. നിരോധിച്ച വസ്തുക്കളോ വസ്ത്രങ്ങളോ ധരിച്ചെത്തുന്ന വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല.
ആൺകുട്ടികൾക്കുള്ള ഡ്രസ് കോഡ്
കോവിഡ് 19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പരീക്ഷാര്‍ഥികൾ മാസ്കും കയ്യുറകളും ധരിക്കണം
ലളിതമായ ഹാഫ് കൈ ഷർട്ട് / ടി-ഷർട്ട് എന്നിവയാണ് ധരിക്കേണ്ടത്
സിപ്പ് പോക്കറ്റുകൾ, പോക്കറ്റുകൾ, വലിയ ബട്ടണുകൾ, വിപുലമായ എംബ്രോയ്ഡറി ഉള്ള വസ്ത്രങ്ങൾ നിർബന്ധമായും ധരിക്കരുത്
കുർത്തയോ പൈജാമയോ അനുവദിക്കില്ല. സാധാരണ പാന്റുകൾ ധരിക്കാം
ഷൂസ് ഉപയോഗിക്കാൻ പാടില്ല. വള്ളി ചെരുപ്പുകൾ ഉപയോഗിക്കാം
പെൺകുട്ടികൾക്കുള്ള ഡ്രസ് കോഡ്
എംബ്രോയ്ഡറി, പൂക്കൾ, ബ്രൂച്ചുകൾ അല്ലെങ്കിൽ ബട്ടണുകൾ ഉള്ള വസ്ത്രങ്ങൾ ധരിക്കരുത്
ഫുൾകൈ വസ്ത്രങ്ങൾ ധരിക്കരുത്
വലിയ പോക്കറ്റുകളും ഫാഷനുകളുമുള്ള ജീൻസ് അനുവദിക്കില്ല. ജീൻസ് ധരിക്കുന്നത് ഒഴിവാക്കാനാണ് നിർദേശം
ലെഗ്ഗിംഗ്സ്, പലാസോ എന്നിവയും അനുവദനീയമല്ല
ഹൈ ഹീൽസും കട്ടിയുള്ള സോൾ ഷൂകളും ഒഴിവാക്കി പകരം ചെരുപ്പുകളോ സ്ലിപ്പറോ ധരിക്കാം
കമ്മലുകൾ, മൂക്കുത്തികൾ, മോതിരങ്ങൾ, പെൻഡന്റുകൾ, മാലകൾ, ബ്രേസ്ലെറ്റ്, പാദസരം തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം.
പെൺകുട്ടികൾക്ക് ബുർഖ,ഹിജാബ് ധരിക്കാൻ അനുവാദമുണ്ട്. എന്നാൽ ആചാരപരമായ വസ്ത്രം ധരിക്കുന്നവർ റിപ്പോർട്ടിംഗ് സമയത്തിന് ഒരു മണിക്കൂർ മുൻപേ ഹാജരാകാൻ നിർദേശമുണ്ട്. പ്രത്യേക പരിശോധനകൾക്ക് ശേഷം മാത്രമേ ഇവരെ പ്രവേശിപ്പിക്കുകയുള്ളൂ.