സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഫലം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഫലം www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും 'സഫലം 2023' എന്ന മൊബൈല്‍ ആപ്പിലും പരിശോധിക്കാം. www.results.kite.kerala.gov.in, keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in. എന്നീ സൈറ്റുകളിലും ഫലം പരിശോധിക്കാം. 'സഫലം 2023' എന്ന മൊബൈല്‍ ആപ്പില്‍ വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനങ്ങള്‍, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം ലഭ്യമാണ്. ഇതിനായി 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യണമെന്നില്ല.
ഇത്തവണ 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,40,703 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 2,51,567 കുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ 27,092 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ 518ഉം ലക്ഷദ്വീപില്‍ 289 ഉം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. പ്ലസ്ടു ഫലം മേയ് 25ന് പ്രസിദ്ധീകരിക്കുമെന്നും പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.