സമയം ഉച്ചയ്ക്ക് 12 മണി, ഉച്ചഭക്ഷണം കഴിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാൽ രാവിലത്തെ ഭക്ഷണം പറ്റാവുന്നത്ര കഴിച്ചാണ് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയത്. ഏകദേശം രണ്ടു മാസത്തെ കഷ്ടപ്പാടിനുള്ള അവസാനമെന്ന ചിന്തയില്‍ അത്യാവശ്യം ആശ്വാസത്തോടെയായിരുന്നു നെറ്റ് പരീക്ഷയുടെ കേന്ദ്രമായ കണ്ണൂര്‍ ചിന്മയ കേന്ദ്രത്തിലേക്ക് ഉപ്പയോടൊപ്പം പുറപ്പെട്ടത്. വീട്ടില്‍ നിന്ന് അര മണിക്കൂര്‍ ദൂരമേയുള്ളുവെങ്കിലും ബ്ലോക്കുകള്‍ താണ്ടി കുന്നിന്‍പുറത്തെ കേന്ദ്രത്തിലെത്താന്‍ സമയം അധികരിക്കുമെന്നതിനാലായിരുന്നു ഈ നേരത്തെയുള്ള യാത്ര.
ഇത് എന്റെ മാത്രം അനുഭവമല്ല, പരീക്ഷയെഴുതിയ ബഹുഭൂരിഭാഗം പേരുടെയും കഥയാണ്
ബസ് സ്റ്റോപ്പില്‍ നിന്നും വീണ്ടും രണ്ടു കിലോമീറ്ററെങ്കിലും നടന്നു വേണം പരീക്ഷാകേന്ദ്രത്തിലെത്താന്‍. ഞാനെത്തുമ്പോഴേക്കും ഗേറ്റിന് മുന്നില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളുമടക്കം എണ്ണമറ്റ ആളുകള്‍ തിങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. ഈ ആളുകള്‍ക്കുള്ളിലൂടെ തള്ളിക്കയറി ഗേറ്റിന് മുന്നില്‍ പതിപ്പിച്ചിരുന്ന പരീക്ഷാ ഹാളിലെ വിവരങ്ങള്‍ നോക്കുമ്പോഴാണ് ഉച്ചയ്ക്ക് മുന്നേയുള്ള ഷിഫ്റ്റ് ഒന്നിലെ വിദ്യാര്‍ഥികള്‍ പുറത്തേക്കിറങ്ങുന്നേയുള്ളുവെന്ന വിവരം ലഭിച്ചത്. എല്ലാവരും ഇറങ്ങുന്നതും കാത്ത് ഗേറ്റിന് മുന്നില്‍ തൂങ്ങി നില്‍ക്കുമ്പോഴും ഇത്തവണയെങ്കിലും നെറ്റ് കിട്ടണമേയെന്ന ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളു. വീണ്ടും പരീക്ഷയെഴുതാനുള്ള മാനസികാവാസ്ഥയില്ലാത്തതും എത്തിച്ചേരാന്‍ സാധിക്കാത്ത പരീക്ഷാകേന്ദ്രങ്ങളുമായിരുന്നു അത്തരമൊരു ആഗ്രഹത്തിന് പിന്നില്‍.
അവസാനം ഊഴം വന്നപ്പോള്‍ എല്ലാവരെയും രണ്ട് ക്യൂവായി നിര്‍ത്തി അകത്തേക്ക് പ്രവേശിപ്പിച്ചു. പരീക്ഷയ്ക്കാവശ്യമായുള്ള ഹാള്‍ ടിക്കറ്റ്, ഫോട്ടോ, തിരിച്ചറിയില്‍ രേഖ എന്നിവ കൈവശമുണ്ടോയെന്ന് ഉറപ്പാക്കാന്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഗേറ്റിന് മുന്നില്‍ തന്നെയുണ്ടായിരുന്നു. ആ പ്രക്രിയയും കഴിഞ്ഞ് നേരെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചു. അവിടെ ഫ്രിസ്‌കിങ്ങിന് (കര്‍ശനശരീര പരിശോധന) വേണ്ടി മൂന്ന് നാല് വനിതാ ഉദ്യോഗസ്ഥര്‍ അണിനിരന്നിട്ടുണ്ടായിരുന്നു. നേരത്തെ എഴുതിയ പരീക്ഷയുടെ ഓര്‍മയില്‍ സെക്കന്റ് സ്റ്റെഡ് ഉള്‍പ്പെടെ ആഭരണങ്ങള്‍ വീട്ടില്‍ ഊരിവച്ചായിരുന്നു കേന്ദ്രത്തിലേക്ക് വന്നത്. അതുകൊണ്ടുതന്നെ ഫ്രിസ്‌കിങ്ങിലെ മറ്റ് ചെക്കിങ്ങുകള്‍ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കൂടെ വന്ന ഒരുപാട് പേര്‍ കൈയിലെയും കാതിലെയും കാലിലെയുമടക്കം ആഭരണങ്ങള്‍ അഴിക്കാനുള്ള തത്രപ്പാടിലായിരുന്നു.
പല പരീക്ഷകളിലുമുള്ളതിനേക്കാള്‍ കര്‍ക്കശമായ രീതിയിലാണ് നെറ്റ് പരീക്ഷയുടെ ഫ്രിസ്‌കിങ്ങ്. ഫ്രിസ്‌കിങ്ങിന് വേണ്ടി മുറിയിലേക്ക് കടക്കുമ്പോള്‍ തന്നെ ഉള്ളിലൊരു പേടിയുണ്ടാകും. അത് കഴിഞ്ഞാല്‍ അടുത്ത നടപടി രജിസ്‌ട്രേഷനാണ്. എഴുതാന്‍ വന്നിരിക്കുന്നവരുടെ ഐഡിന്റിറ്റി ഉറപ്പിക്കാനുള്ള പ്രക്രിയയാണ്. തുടര്‍ന്ന് ബയോമെട്രിക് വെരിഫിക്കേഷന്‍. അതായത് ഫ്രിസ്‌കിങ്ങും രജിസ്ട്രഷനും ബയോമെട്രിക് വെരിഫിക്കേഷനുമുള്‍പ്പെടെ പത്തിലധികം ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് ഒരു വിദ്യാര്‍ഥി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നത്.
സാധാരണയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒഎംആര്‍ വഴി ഓഫ്‌ലൈനായിരുന്നു പരീക്ഷ. പരീക്ഷാ നടത്തിപ്പിന് വേണ്ടി 12 വിദ്യാര്‍ഥികളുള്ള എന്റെ ക്ലാസിലുണ്ടായിരുന്നത് രണ്ട് അധ്യാപകര്‍. പരീക്ഷാപേപ്പറിലും ഹാള്‍ ടിക്കറ്റിലും ഒഎംആര്‍ഷീറ്റിലും എന്തൊക്കെ വെരിഫിക്കേഷന്‍ നടത്താന്‍ പറ്റുമോ അത്രയും നടത്തിയിട്ട് തന്നെ മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷ അവസാനിച്ചു. എത്ര കാര്‍ക്കശ്യമായാണ് നെറ്റ് പരീക്ഷ നടത്തുന്നതെന്ന് വ്യക്തമാക്കാനായിരുന്നു ഇത്രയും നീണ്ട കുറിപ്പ്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട നടന്നിട്ടുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കിടയിലും ആശങ്കയോടെ തന്നെയാണ് എന്‍ടിഎ സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി തയാറെടുത്തതും പരീക്ഷയെഴുതിയതും
മുമ്പ് എഴുതിയ പരീക്ഷകളേക്കാള്‍ ഇത്തവണ താരതമ്യേന എളുപ്പമുള്ളതായതിനാല്‍ ഏറെ സന്തോഷത്തോടെ തന്നെയാണ് എക്‌സാം ഹാള്‍ വിട്ടിറങ്ങിയത്. എന്നാല്‍ കണ്ണൂരില്‍ നിന്നും തിരികെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി വരുമ്പോഴാണ് നെറ്റ് പരീക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത വരുന്നത്. പ്രതീക്ഷകളും സ്വപ്നങ്ങളും അസ്ഥാനത്തായ നിമിഷം. ഒരു നിമിഷം മനസ് മരവിച്ച അവസ്ഥ. മുകളില്‍ പറഞ്ഞ പരീക്ഷാഎഴുത്തിനേക്കാള്‍ കഠിനമായ രണ്ട് മാസക്കാലമായിരുന്നു മനസിലെത്തിയത്. ജോലിക്കിടയിലും സമയം കണ്ടെത്തി, ഉറക്കം പോലും ഉപേക്ഷിച്ച് പഠിച്ച രണ്ട് മാസം. പറ്റാവുന്ന ഗൈഡുകള്‍ വാങ്ങിയും ഓണ്‍ലൈന്‍ വഴി ചോദ്യോത്തരങ്ങള്‍ ചെയ്ത് പഠിച്ചും ഏറെ പ്രതീക്ഷയോടെ തന്നെയായിരുന്നു നെറ്റിന് വേണ്ടി ഇത്തവണ തിരുവനന്തപുരത്ത്‌നിന്നും കണ്ണൂരിലേക്ക് വണ്ടി കയറിയത്. എല്ലാം ഇനി ഒന്നേ എന്നു തുടങ്ങണമല്ലോയെന്ന് കരുതിയപ്പോള്‍ തളം കെട്ടി നിന്നത് ശൂന്യത മാത്രം, അതായിരുന്നു നെറ്റ് പരീക്ഷയെഴുതിയ 11 ലക്ഷം വിദ്യാര്‍ഥികളിലൊരാളായ എന്റെ അവസ്ഥ.
ഇത് എന്റെ മാത്രം അനുഭവമല്ല, പരീക്ഷയെഴുതിയ ബഹുഭൂരിഭാഗം പേരുടെയും കഥയാണ്. ജോലി രാജി വെച്ച് ആറ് മാസത്തോളം പരീക്ഷയ്ക്ക് തയാറെടുത്തവര്‍, മാനസിക ശാരീരീക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പഠിക്കാന്‍ സമയം കണ്ടെത്തിയവര്‍, വിദ്യാര്‍ഥികള്‍ ഒരിക്കലും എത്താന്‍ പാടില്ലെന്ന് ഉറപ്പിച്ചത് പോലെ വെക്കുന്ന ബസോ, മറ്റ് യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് കടം വാങ്ങി പരീക്ഷയെഴുതാന്‍ പോയവര്‍, രാവിലത്തെ ഷിഫ്റ്റിന് വേണ്ടി തലേ ദിവസം തന്നെ അവിടെ പോയി തങ്ങുന്നവര്‍.....തുടങ്ങി എണ്ണമറ്റ വിദ്യാര്‍ഥികളുടെ സ്വപ്നമാണ് എന്‍ടിഎ പരീക്ഷാക്രമക്കേട് എന്ന ഒറ്റ വാക്കില്‍ ഇല്ലാതാക്കിയത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട നടന്നിട്ടുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കിടയിലും ആശങ്കയോടെ തന്നെയാണ് എന്‍ടിഎ സംഘടിപ്പിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി തയാറെടുത്തതും പരീക്ഷയെഴുതിയതും. ഇത്രയും സന്നാഹങ്ങളോടെയും കര്‍ക്കശത്തോടെയും നടക്കുന്ന പരീക്ഷയില്‍ എങ്ങനെ ക്രമക്കേട് നടന്നുവെന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ഥികളോട് വ്യക്തമാക്കേണ്ട ബാധ്യതയുണ്ടായിട്ടും ഇതുവരെയും എന്‍ടിഎ അതിന് വേണ്ടി തയാറായിട്ടില്ല. നിലവില്‍ പുതിയ പരീക്ഷ നടത്തുമെന്ന അറിയിപ്പാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) തുടങ്ങിയവയുടെ യോഗ്യതയ്ക്ക് വേണ്ടി നടത്തുന്ന നെറ്റ് പരീക്ഷ ഒരു പറ്റം വിദ്യാര്‍ഥികളുടെ ഏക ആശ്വാസമാണ്. ഫെല്ലോഷിപ്പുകളിലൂടെ മാത്രം പിഎച്ച്ഡി നേടാന്‍ സാധിക്കുന്ന വിദ്യാര്‍ഥികള്‍ പല പ്രതിസന്ധികളിലൂടെയും കടന്നാണ് ഓരോ വര്‍ഷവും രണ്ട് തവണയായി നടത്തുന്ന പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.
എന്നാല്‍ നിരാശ ബാധിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യക്ഷത്തില്‍ എന്തുറപ്പാണ് അടുത്ത പരീക്ഷയ്ക്ക് മുന്നോടിയായി എന്‍ടിഎയും വിദ്യാഭ്യാസ മന്ത്രാലയവും നല്‍കുന്നത്. നീറ്റിന്റെ പേരില്‍ രാജ്യത്തെ കൗമാരക്കാരായ വിദ്യാര്‍ഥികളുടെയും നെറ്റിന്റെ പേരില്‍ യുവാക്കളെയും ഒരു പോലെ സമ്മര്‍ദത്തിലാക്കി വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത ഇല്ലാതാക്കുന്ന എന്‍ടിഎ സംവിധാനത്തിലെ വീഴ്ചകള്‍ ഇനിയെങ്കിലും സൂക്ഷ്മമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. ആര്‍ക്ക് വേണ്ടിയാണ്, എന്തിന് വേണ്ടിയാണ് രാജ്യത്തെ പ്രധാന പരീക്ഷകളെല്ലാം അട്ടിമറിക്കുന്നതെന്ന അന്വേഷണം ഇനിയെങ്കിലും കേന്ദ്രം ഗൗരവപരമായി നടത്തണം. പരീക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കേള്‍ക്കാതെ ഉണരാനുള്ള അവകാശം ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന തോന്നല്‍ ഇനിയെങ്കിലും എന്‍ടിഎയക്കുണ്ടാകണമെന്ന പ്രതിഷേധത്തോടെ നെറ്റ് പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ഥി....