EDUCATION

മെഡിക്കൽ വിദ്യാ‍ർഥികൾക്ക് ആശ്വാസം പകര്‍ന്ന്‌ എൻഎംസി; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ പങ്കെടുക്കാം

എഫ്എംജിഇ പരീക്ഷയില്‍ യോഗ്യത നേടുന്ന വിദേശത്ത് പഠിച്ച മെഡിക്കൽ ബിരുദധാരികൾ രണ്ട് വര്‍ഷത്തെ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പിന് (CRMI) വിധേയരാകേണ്ടതുണ്ട്.

വെബ് ഡെസ്ക്

കോവിഡ്-19 മഹാമാരിയും റഷ്യ-യുക്രെയ്‌ൻ യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന വിദേശത്ത് പഠിച്ച ഇന്ത്യന്‍ മെഡിക്കൽ വിദ്യാ‍ർഥികൾക്ക് ആശ്വാസം പകര്‍ന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) പുതിയ പദ്ധതി രൂപപ്പെടുത്താൻ തീരുമാനിച്ചു. വിദേശ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എംബിബിഎസ് കോഴ്സ് പൂർത്തിയാക്കിയ മെഡിക്കൽ ബിരുദധാരികൾക്ക് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ (എഫ്എംജിഇ) പങ്കെടുക്കാം. ഇതോടെ കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം വിദേശ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസാനവര്‍ഷ ഇന്ത്യൻ വിദ്യാർഥികളുടെ ആശങ്കകൾക്കാണ് വിരാമമിട്ടത്.

എൻഎംസി അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോര്‍ഡിന്റെ (NMC - UGMEB) വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചത്‌.

എൻഎംസിയുടെ വിജ്ഞാപനം

എഫ്എംജിഇ പരീക്ഷയില്‍ യോഗ്യത നേടുന്ന വിദേശത്ത് പഠിച്ച ഇന്ത്യന്‍ മെഡിക്കൽ ബിരുദധാരികൾ രണ്ട് വര്‍ഷത്തെ റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പിന് (CRMI) വിധേയരാകേണ്ടതുണ്ട്. ഇന്റേൺഷിപ്പ് കാലയളവ് ഇരട്ടിയാക്കുന്നത് ക്ലിനിക്കൽ പ്രായോഗിക നൈപുണ്യ പരിശീലനത്തിലെ വിടവ് നികത്താൻ കൂടിയാണ്.വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് സിആർഎംഐ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ രജിസ്ട്രേഷൻ ലഭിക്കൂ. ഇവർക്ക് നൽകിയിട്ടുള്ള മേൽപ്പറഞ്ഞ ഇളവ് ഒറ്റത്തവണ മാത്രമാണ്. വരും വർഷങ്ങളിൽ ഇത് ഉണ്ടായിരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി.

COVID-19 ഉം തുടർന്നുളള യുക്രെയ്ന്‍-റഷ്യ യുദ്ധവും കാരണം ചൈനയിലേയും യുക്രെയിനിലേയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം മുടങ്ങിയ നിരവധി ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരുന്നത്‌. എന്നാൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തന്നെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാനുളള നിയമ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

ഈ വിഷയത്തിൽ നിരവധി സംഘടനകൾ ഇടപെടുകയും യുക്രെയ്നിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് യുക്രെയിനില്‍ പഠനം നടത്തിയിരുന്ന മെഡിക്കൽ വിദ്യാർഥികളെ ഇന്ത്യൻ മെഡിക്കൽ സംവിധാനത്തിലേക്ക് സംയോജിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഒരു പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്തിരുന്നു. ഇതിനുപുറമെ വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധവും നടത്തിയിരുന്നു.

നേരത്തെ യുക്രെയ്നിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഒന്നും രണ്ടും വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്ക് തുടർ പഠനം ലഭിക്കാൻ സാധ്യതയില്ലെന്ന് എൻഎംസി ആരോഗ്യ മന്ത്രാലയത്തോട് സൂചിപ്പിച്ചിരുന്നു. അവരുടെ മെറിറ്റ് അനുസരിച്ച് ഇന്ത്യയിലെ ഒരു കോളേജിൽ പ്രവേശനത്തിനായി NEET (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതാൻ UGMEB നിർദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവർക്ക് താത്ക്കാലിക രജിസ്ട്രേഷൻ നൽകുന്നതിന് രണ്ട് മാസത്തിനുള്ളിൽ നയം രൂപീകരിക്കാൻ സുപ്രീംകോടതി എൻഎംസിയോട് നിർദേശിച്ചിരുന്നു. ഇതേത്തുട‍ർന്ന് UGMEB അംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിലെയും വിദേശകാര്യവകുപ്പിലേയും ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ചർച്ചയിൽ, യുക്രെയ്‌നിലെ വിവിധ മെഡിക്കൽ കോളേജുകളിലും സർവകലാശാലകളിലുമായി 20,672 ഇന്ത്യൻ വിദ്യാർഥികൾ എൻറോൾ ചെയ്തിട്ടുണ്ടെന്നും ഇവർക്കെല്ലാം ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളിൽ ബിരുദം നേടിയവർക്ക് FMGE പരീക്ഷയ്ക്ക് അനുമതി നൽകുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ