സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ എഴുതുന്നവരില്‍ 83 ശതമാനമെങ്കിലും ഒരോ വര്‍ഷവും ഉപരിപഠനത്തിന് അര്‍ഹരാവാറുണ്ട്. എന്നാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ വിജയം 50 ശതമാനത്തില്‍ താഴെ മാത്രമാണ്. മൊത്തം വിജയശതമാനം വര്‍ഷാവര്‍ഷം ഉയരുന്നതിനിടയില്‍ മുങ്ങിപ്പോകുന്ന ഈ കണക്കുകള്‍ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു.
2016 ല്‍നിന്ന് 2023ലേക്ക് എത്തുമ്പോള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിജയത്തില്‍ 15 ശതമാനത്തിന്റെ കുറവ് കാണാം. സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കിയ കോവിഡ് കാലത്താണ് (2020 ലും 2021ലും) വിജയശതമാനത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടായിരിക്കുന്നത്. 60ന് മുകളിലുണ്ടായിരുന്ന വിജയശതമാനം 2020ല്‍ 58ലേക്കും പിറ്റേ വര്‍ഷം 48ലേക്കും കൂപ്പുകുത്തി. അതേസമയം, മൊത്തം വിജയശതമാനം എഴുപതില്‍നിന്ന് എണ്‍പതിന് മുകളിലേക്ക് കുതിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ 2023 ലെ വിജയശതമാനം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
പ്രതിസന്ധി
പ്ലസ് ടു പരീക്ഷയെഴുതുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍നിന്നാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവര്‍ സ്‌കൂളിലെത്തുന്നത്. മിക്കവരുടെയും മാതാപിതാക്കള്‍ കൂലിപ്പണിക്കാരാതിനാല്‍, വീട്ടുജോലികള്‍ കൂടി ചെയ്യേണ്ട ബാധ്യത ഈ കുട്ടികള്‍ക്കുണ്ട്. ഭാരിച്ച ഫീസ് നല്‍കി ട്യൂഷന്‍ ക്ലാസുകളില്‍ ചേരാനും സാധിക്കില്ല.
പല മാതാപിതാക്കള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലുമില്ല. അതിനാല്‍ കുട്ടികളെ പഠനത്തില്‍ സഹായിക്കാനും പലര്‍ക്കും സാധിക്കില്ല. പട്ടികവര്‍ഗ കുടുംബങ്ങളില്‍നിന്നുള്ള ആദ്യ തലമുറ വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നതെന്നും അതിന്റെ പ്രതിസന്ധികള്‍ അവര്‍ നേരിടുന്നുണ്ടെന്നും പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനത്തിനായി പ്രവര്‍ത്തിക്കുന്ന മണിനാരായണന്‍ പറയുന്നു.
സ്‌കൂളുകളിലേക്ക് എത്തുമ്പോള്‍
മറ്റു കുട്ടികള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും പഠിക്കാനുള്ള ബുദ്ധിമുട്ട് തങ്ങള്‍ക്ക് മലയാളം പഠിക്കാനുമുണ്ടെന്നാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ വിദ്യാര്‍ഥി കെ ആര്‍ രേഷ്മ പറയുന്നത്. സ്‌കൂളിലെ ചുമര്‍ ചിത്രങ്ങള്‍ മുതല്‍ അധ്യയന രീതികള്‍ വരെ ഈ കുട്ടികള്‍ക്ക് പരിചിതമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഓരോ വിദ്യാലയങ്ങളിലും മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നുവെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല.
75 ശതമാനം വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌പോട്ട് അഡ്മിഷനിലാണ് പ്രവേശനം തേടുന്നത് . ഈ കുട്ടികള്‍ ക്ലാസിലെത്തുമ്പോഴേക്കും അധ്യയനം തുടങ്ങി മൂന്ന് മാസമെങ്കിലും കഴിഞ്ഞുകാണും. അധിക ബാച്ചുകള്‍ വേണ്ടിടത്ത് സര്‍ക്കാര്‍ അധികസീറ്റ് അനുവദിച്ച് പ്രശ്‌നം പരിഹരിക്കുകയാണെന്നും സ്‌പോട്ട് അഡ്മിഷനെഎടുത്ത ഭൂരിഭാഗം കുട്ടികളും പരീക്ഷയില്‍ വിജയിക്കുന്നില്ലെന്നും വിദ്യാഭ്യാസപ്രവര്‍ത്തകന്‍ സി മണികണ്ഠന്‍ പറയുന്നു.
ഓണ്‍ലൈന്‍ പഠനം
കോറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചെങ്കിലും 2020 ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ അധ്യയനം തുടങ്ങുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതിസന്ധിയിലായത് പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. വിക്ടറി ചാനലിലെ ക്ലാസുകള്‍ വിദ്യാര്‍ഥികളിലേക്ക് എത്തുന്നതിലുണ്ടായ കാലതാമസം മുതല്‍, പഠനത്തിനാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് വരെയുള്ള കാര്യങ്ങള്‍ പഠനനിലവാരത്തെ ബാധിച്ചു.
സ്വന്തമായി പഠനമുറി, വൈഫൈ ലാപ്‌ടോപ്പ് മുതലായ സൗകര്യങ്ങളുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് നെറ്റ്‌വര്‍ക്ക് കവറേജോ കൃത്യമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണോ പോലും ഇല്ലാതെയാണ് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസകാലം കഴിച്ചുകൂട്ടിയത്.
കോവിഡ് കാലയളവില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധന കാണാം. 2020ല്‍ പഠനം പകുതിയി നിര്‍ത്തിയ മൊത്തം വിദ്യാര്‍ഥികള്‍ 0.15 ശതമാനമാണങ്കില്‍ പട്ടികവര്‍ഗ വിഭാഗത്തിലത് 1.17 ശതമാനമാണ്.
പ്രതിവിധി
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആകെ പാളിയെന്നല്ല പറഞ്ഞുവരുന്നത്. കൃത്യമായ ശ്രദ്ധ ലഭിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ മികച്ച പ്രകടനങ്ങള്‍ കാണിക്കുന്നുണ്ടെന്നതാണ് മറുവശം. കൊഴിഞ്ഞുപോക്ക് തടയാന്‍ കുട്ടികള്‍ക്ക് പുഴുങ്ങിയ കോഴിമുട്ട നല്‍കിയാന്‍ മതിയെന്ന സമീപനമാണ് മാറേണ്ടതെന്നും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും സി മണികണ്ഠന്‍ പറയുന്നു.
കേരളത്തില്‍ നടപ്പിലാക്കിയ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍ (എം ആര്‍ സി)പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മാനന്തവാടി എം ആര്‍ സിയില്‍ ഏഴ് വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഗിരിവികാസ് പോലുള്ള കേന്ദ്രത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മതിയായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും പരീക്ഷ പാസായശേഷം മാത്രമേ ഇവര്‍ കേന്ദ്രം വിടുന്നുള്ളൂവെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഒപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസം പോലുള്ള പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കുമ്പോള്‍ അതില്‍ പാര്‍ശവത്കൃത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്, എല്ലാവര്‍ക്കും പ്രാപ്യമായിട്ടുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ പറയുന്നു.