അധ്യയനത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം അമിതമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം സ്‌കൂളുകളില്‍ നിരോധിക്കണമെന്നും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി അധികമായി ആശ്രയിക്കരുതെന്നും ഐക്യരാഷ്ട്രസഭാസമിതി റിപ്പോര്‍ട്ടിലുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസം ഓഫ്ലൈൻ പഠനത്തിന് പകരമാവില്ലെന്ന് യുനെസ്കോ
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതിയായ യുനെസ്‌കോയുടെ 2023 ഗ്ലോബല്‍ എജുക്കേഷന്‍ മോണിറ്റര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ഉപയോഗം പഠനത്തെയും 'സ്‌ക്രീന്‍ ടൈം' കൂടുന്നത് കുട്ടികളുടെ വൈകാരിക സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിരോധനം, സാങ്കേതികാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യം കുറയ്ക്കണമെന്ന സന്ദേശം നല്‍കാന്‍ സഹായിക്കുമെന്നും യുനെസ്‌കോ വിലയിരുത്തുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയ്ക്ക് പല നല്ലവശങ്ങളും ഉണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ അതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കരുതെന്നാണ് യുനെസ്കോ വ്യക്തമാക്കുന്നത്. രാജ്യങ്ങളിലെ വിദ്യാഭ്യസനയ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നവർക്കാണ് നിര്‍ദേശം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അതിപ്രസരം വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. 'എല്ലാ മാറ്റങ്ങളും പുരോഗതിയല്ല; ചിലത് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ മാത്രം അത് ചെയ്യണമെന്ന് നിർബന്ധമില്ല,' റിപ്പോര്‍ട്ട് ഓർമപ്പെടുത്തുന്നു.
''സാങ്കേതിക വിപ്ലവത്തിന് അളവറ്റ സാധ്യതകളുണ്ട്. എന്നാല്‍ സമൂഹത്തില്‍ അതിന്‌റെ അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കുന്നതുപോലെ വിദ്യാഭ്യാസ മേഖലയിലും നിയന്ത്രണം ആവശ്യമാണ്, '' യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും അതൊരിക്കലും ഹാനികരമാകരുതെന്നും ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും യുനെസ്‌കോ ഓര്‍മപ്പെടുത്തി.
അധ്യയനത്തിന് ഓണ്‍ലൈന്‍ വിദ്യാഭ്യസം കൂടുതല്‍ ആശ്രയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഡിജിറ്റല്‍ പഠന സാമഗ്രികളുടെ ലഭ്യതയും വര്‍ധിച്ചുവരുന്നുണ്ട്. എന്നാല്‍ ക്ലാസ് മുറികളുലെ പഠനവും നേരിട്ടുള്ള ആശയവിനിമയവും വിദ്യാഭ്യാസത്തിന്‌റെ സാമൂഹിക വശവും ഏറെ പ്രധാനപ്പെട്ടതെന്നും ഇതു കൂടി കണക്കിലെടുത്ത് വേണം നയ രൂപീകരണമെന്നുമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം.
എല്ലാ മാറ്റങ്ങളും പുരോഗതിയല്ല; ചിലത് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ മാത്രം അത് ചെയ്യണമെന്ന് നിർബന്ധമില്ല2023 ഗ്ലോബല്‍ എജുക്കേഷന്‍ മോണിറ്റര്‍ റിപ്പോര്‍ട്ട്
ലോകത്ത് ആറില്‍ ഒന്ന് രാജ്യങ്ങളിലും സ്‌കൂളികളില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുവെന്ന് ചൂണ്ടിക്കാട്ടി ഫിന്‍ലാന്‍ഡ് ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചത്. 2018 ല്‍ ഫ്രാന്‍സും ഈ നടപടി സ്വീകരിച്ചിരുന്നു. 2024 മുതല്‍ ഈ നയം നടപ്പിലാക്കാന്‍ നെതര്‍ലാന്‍ഡ് തീരുമാനിച്ചിരിക്കുകയാണ്. പഠിപ്പിക്കാന്‍ ഡിജിറ്റല്‍ സാമഗ്രികളുടെ ഉപയോഗം നിയന്ത്രിക്കുന്ന നയം ചൈന പിന്തുടരുന്നുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണം വ്യാപിപ്പിക്കണമെന്നാണ് യുനെസ്‌കോ മുന്നോട്ടുവയ്ക്കുന്ന നയം.