നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത 19 (1) (a) മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രം മേളയിലെ മത്സരേതര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക. ലോക സിനിമാ വേദിയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിൽ സന്തോഷമെന്ന് സംവിധായിക ഇന്ദു വി എസ് ദ ഫോർത്തിനോട് പ്രതികരിച്ചു
2020 ലാണ് 19 (1) (a) ചിത്രീകരിക്കുന്നത്. 2023 ലും ആ ചിത്രം അതിന്റെ വേദി കണ്ടെത്തുന്നുവെന്നതിൽ വളരെ സന്തോഷമുണ്ട് . നമ്മൾ കാണാൻ ആഗ്രഹിക്കുന്ന ചലച്ചിത്രകാരൻമാരുടെ ചിത്രങ്ങൾക്കൊപ്പം നമ്മുടെ സിനിമയും പ്രദർശിപ്പിക്കുന്നുവെന്നതും വലിയ നേട്ടമായി കാണുന്നു. മാത്രമല്ല ലോകോത്തര പ്രേക്ഷകരിലേക്ക് മലയാളത്തിൽ നിന്നൊരു സിനിമ എത്തുന്നുവെന്ന നിലയ്ക്ക് കൂടിയാണ് ഈ നേട്ടം സന്തോഷം തരുന്നത്. ഇന്ദുവിന്റെ വാക്കുകൾ
ഈ മാസം 20 മുതൽ 27 വരെയാണ് മോസ്കോ ചലച്ചിത്രോത്സവം നടക്കുക . ഇന്ദു തന്നെ തിരക്കഥ എഴുതിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിർമ്മിച്ചത്. രാഷ്ട്രീയമായും സാമൂഹികമായും പ്രേക്ഷകരോട് സംവദിച്ച സിനിമ നേരത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം പുരസ്കാരങ്ങളും നേടിയിരുന്നു