കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം അലജാന്‍ഡ്രോ ലോയ്സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയന്‍ ചിത്രം ഉതമ സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജതചകോരം തുര്‍ക്കിയില്‍ നിന്നുള്ള കെര്‍ സംവിധാനം ചെയ്ത ടൈഫൂണ്‍ പേഴ്സിമോളു സ്വന്തമാക്കി. ആലം എന്ന ചിത്രം സംവിധാനം ചെയ്ത ഫിറാസ് ഖൗരിയാണ് മികച്ച നവാഗത സംവിധായകന്‍.
നന്പകല്‍ നേരത്ത് മയക്കം മേളയില്‍ ജനപ്രിയ ചിത്രം
ചലച്ചിത്ര മേളയുടെ ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം അഭിനേതാക്കളായ മനീഷ സോണി, മുസ്‌കാന്‍ എന്നിവര്‍ സ്വന്തമാക്കി. ഏക്താര കളക്ടീവ് സംവിധാനം ചെയ്ത 'എ പ്ലേസ് ഓഫ് അവര്‍ ഓണ്‍/ഏക് ജഗാഹ് അപ്നി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മേളയില്‍ ജനപ്രിയ ചിത്രത്തിനാണ് ഡെലിഗേറ്റ്സ് ചോയ്സ് അവാര്‍ഡ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്പകല്‍ നേരത്ത് മയക്കം സ്വന്തമാക്കി.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ്.
എട്ടു രാപകലുകള്‍ നീണ്ട ചലച്ചിത്ര വിസ്മയക്കാഴ്ചകള്‍ക്കാണ് ഇന്ന് തിരശ്ശീല വീണത്. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യേതു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയായി.
20 ലക്ഷമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് സമ്മാനത്തുക. രജതചകോരത്തിന് അര്‍ഹത നേടുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരം നേടുന്ന മികച്ച നവാഗത സംവിധായകനു മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരം നേടുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് അര്‍ഹത നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.