ENTERTAINMENT

പരിഹാസവും അവ​ഗണനയും ഊർജ്ജമാക്കിയ കലാകാരൻ; കൃഷ്ണന്‍കുട്ടിനായർ അരങ്ങൊഴിഞ്ഞിട്ട് 28 വർഷം

സുല്‍ത്താന സലിം

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടൻ, കലാസ്വാദകർ എന്നുമോർമ്മിക്കേണ്ട കലാകാരൻ, കൃഷ്ണന്‍കുട്ടിനായർ അരങ്ങൊഴിഞ്ഞിട്ട് 28 വർഷം തികയുന്നു. പൊട്ടിച്ചിരിപ്പിച്ച ഹാസ്യ മുഹൂർത്തങ്ങളും കണ്ണുനിറച്ച വൈകാരിക രം​ഗങ്ങളും അനേകം. ശോഷിച്ച ശരീരവും ആരും ചിരിച്ചുപോകുന്ന ചടുല പെരുമാറ്റവും പ്രത്യേകതയുളള ശബ്ദവും കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് അപരന്മാരില്ലാത്ത കലാകാരനായി മാറി.

1934 ൽ തിരുവനന്തപുരം ശാസ്തമംഗലത്ത് ജനിച്ച കൃഷ്ണൻകുട്ടിനായർ പഠനശേഷം തലശ്ശേരി ബ്രണ്ണൻ കോളേജ് ലൈബ്രറേറിയനായി ജോലിക്ക് കയറി. ഇക്കാലത്ത് അദ്ദേഹം കാവാലം നാരായണപണിക്കരുടെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. നാടക വേദികളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമാ മേഖലയിലേക്കുളള കടന്നുവരവ്. 1997 ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമാ തുടക്കം. അവനവൻ കടമ്പയിൽ അഭിനയിച്ചതോടെയാണ് കൃഷ്ണൻകുട്ടി നായർ എന്ന നടൻ പ്രസിദ്ധനാകുന്നത്.

ശരീരപ്രകൃതിയിൽ ഇന്ദ്രൻസിന്റെ ചേട്ടനായി വരും കൃഷ്ണൻകുട്ടിയെന്ന് ഒരുകാലത്ത് പറച്ചിലുണ്ടായിരുന്നു. ഏറെ പരിഹാസങ്ങളും മാറ്റിനിർത്തലുകളും നേരിട്ടെങ്കിലും ഈ രൂപം കൊണ്ടു തന്നെ വെള്ളിത്തിരയിൽ അദ്ദേഹം ശ്രദ്ധേയനായി. മഴവിൽക്കാവടിയിലെ ബാർബറും കാക്കോത്തിക്കാവിലെ കാലൻ മത്തായിയും പൊൻമുട്ടയിടുന്ന താറാവിലെ തട്ടാനും പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളായി. ഒരിടത്തൊരു ഫയൽവാനിലെയും അരപ്പട്ടകെട്ടിയ ഗ്രാമത്തിലെയും, വരവേൽപ്പിലേയും കഥാപാത്രങ്ങൾ പ്രേക്ഷക സ്നേഹം പിടിച്ചുപറ്റി. കടിഞ്ഞൂൽ കല്യാണം, കുറ്റപത്രം, ഉള്ളടക്കം, മൂക്കില്ലാ രജ്യത്ത്, കിഴക്കൻ പത്രോസ്... അങ്ങനെ പറഞ്ഞാൽ തീരാത്തത്ര സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായി. സ്ഥലത്തെ പ്രധാന പയ്യൻസിൽ വിദേശയാത്ര കഴിഞ്ഞു വന്ന് നീന്തൽകുളത്തിൽ നീന്തുന്ന മന്ത്രിയും കരിയറിൽ പേരുകേട്ട വേഷമായി.

കൊച്ചു കൊച്ചു റോളുകളിൽ വന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ അപൂർവം ചില കലാകാരന്മാരിൽ ഒരാളെന്നും വിശേഷിപ്പിക്കാം. സിനിമകൾക്കൊപ്പം തന്നെ നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും ഭാ​ഗമായിരുന്നു ഇദ്ദേഹം. സി കെ തോമസിന്റെ അഞ്ചലാപ്പീസിലും ബൈജു ചന്ദ്രന്റെ തൊപ്പി, ശിങ്കാരത്തൊപ്പിയിലും വി ആർ ഗോപിനാഥിന്റെ സിനിമ ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്നിവയിലെ വേഷങ്ങൾ കൃഷ്ണൻകുട്ടി നായരുടെ അഭിനയജീവിതത്തിലെ തിളക്കമുളള ഏടുകളാണ്.

ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടകങ്ങളിൽ സജീവമായിരുന്ന കാലത്ത് മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിലും ഉള്ളിൽ തങ്ങുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു ഇദ്ദേഹം. ദൂരദർശനിലെ രണ്ടാമത്തെ സീരിയൽ സക്കറിയ എഴുതിയ കൈരളി വിലാസം ലോഡ്ജിലും പുന്നക്കവികസന കോർപ്പറേഷനിലും കൃഷ്ണൻകുട്ടി നായരുടേതായി സീരിയൽ പ്രേമികൾ ഇന്നുമോർമ്മിക്കുന്ന വേഷപ്പകർച്ചകളുണ്ട്. സംസ്ഥാന അവാർഡ് നേടിയ അടൂരിന്റെ മുഖാമുഖത്തിൽ ബീഡിതെറുപ്പുകാരനായിരുന്നു കൃഷ്ണൻകുട്ടിനായർ. കൃഷ്ണന്‍കുട്ടി നായരെ പോലെ തന്നെ മകൻ ശിവകുമാറിന്റെയും സിനിമാ പ്രവേശനം നാടകരംഗത്ത് നിന്നായിരുന്നു.

അത്ഭുതപ്പെടുത്തുന്ന രൂപസാദൃശ്യമാണ് അച്ഛനുമായി ശിവകുമാറിനുളളത്. മലയാളസിനിമയില്‍ പല ചെറിയ വേഷങ്ങളിലും നമ്മൾ ശിവകുമാറിനെ കണ്ടിട്ടുണ്ട്. അരവിന്ദന്‍ സംവിധാനം ചെയ്ത മാറാട്ടം ആണ് ശിവകുമാറിന്റെ ആദ്യചിത്രം. ഉടോപ്യയിലെ രാജാവ്, ആമി, കൂടെ, ഒറ്റാല്‍, ഒഴിമുറി തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരിക്കൽപോലും സിനിമയിൽ അഭിനയിക്കാനായി അച്ഛന്റെ മേല്‍വിലാസം ഉപയോ​ഗിക്കുകയോ ആ പേരിൽ അവസരങ്ങൾക്കായി സമീപിക്കുകയോ ചെയ്തിട്ടില്ല ഇദ്ദേഹം. അങ്ങനെ ചെയ്യരുതെന്നും എന്നും നമ്മുടെ സ്വന്തം കഴിവുകൊണ്ട് മാത്രം വളരണമെന്നുമാണ് അച്ഛന്‍ തങ്ങളെ പഠിപ്പിച്ചതെന്ന് ഒരിക്കൽ ശിവകുമാർ പറഞ്ഞിരുന്നു. ആ ഉപദേശം ഇപ്പോഴും പിന്തുടരുകയാണ് ശിവകുമാര്‍.

1996 ഒക്ടോബർ 6 ആം തിയതി സുഹൃത്തുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ തിരുവനന്തപുരം ശ്രീകാര്യം കുടുംബ കോടതിക്ക് സമീപത്തുവെച്ചുണ്ടായ അപകടമായിരുന്നു കൃഷ്ണന്‍കുട്ടി നായരെ മരണത്തിലേക്ക് നയിച്ചത്. പരുക്കേറ്റ് ഒരുമാസം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഒരു മാസത്തിനുശേഷം 1996 നവംബർ 6 ആം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് അന്തരിച്ചു. കലയും കലാലോകവും വിട്ട് യാത്ര പറയുമ്പോൾ 62 വയസായിരുന്നു കൃഷ്ണൻകുട്ടി നായർക്ക്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം