ENTERTAINMENT

'യോദ്ധ'; '36 ചേംബർ ഓഫ് ഷാവോലിൻ' പോലൊരു മലയാളപ്പടം

മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളിയുടെ ഇഷ്ട ചിത്രമായി തുടരുന്നു ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ യോദ്ധ

സുല്‍ത്താന സലിം

മുപ്പത്തിയൊന്ന് വർങ്ങൾക്ക് മുൻപ് ഇന്നേ ദിവസമായിരുന്നു സംഗീത് ശിവന്റെ സംവിധാനത്തിൽ ഒരു മോഹൻലാൽ ചിത്രം തീയേറ്റർ റിലീസിനെത്തിയത്. 36 ചേംബർ ഓഫ് ഷാവോലിൻ (The 36th Chamber of Shaolin - 1978) പോലൊരു സിനിമ മലയാളത്തിൽ ചെയ്യണമെന്ന സംവിധായകൻ സം​ഗീത് ശിവന്റെ മോഹത്തിൽ പിറന്ന യോദ്ധ. ആ​ഗ്രഹം ആദ്യം പറഞ്ഞത് മോഹൻലാലിനോട്. കഥ കൊണ്ടുവാ നമുക്ക് ചെയ്യാമെന്ന് ലാൽ. ആ പിന്തുണയിൽ തുടങ്ങിയതാണ് സം​ഗീത് ശിവൻ തന്റെ സ്വപ്ന സിനിമയിലേയ്ക്കുളള യാത്ര. ഇന്ത്യയോടടുത്ത് നിൽക്കുന്ന ബുദ്ധ രാജ്യം നേപ്പാൾ ആയതിനാൽ നേപ്പാളിനെ ക്യാൻവാസിൽ കരുതി ആലോചനകൾ തുടങ്ങി. കഥ നടക്കുന്നത് എവിടെയാണെങ്കിലും എത്രയൊക്കെ വ്യത്യസ്തരായ മനുഷ്യർ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ടെങ്കിലും നായകൻ മലയാളി ആകണമെന്ന നിർബന്ധത്തിൽ കേരളത്തിൽ നിന്ന് നേപ്പാളിലേയ്ക്ക് യാത്രയാവുന്ന നായകൻ അവിടെയും നായകതുല്യ പ്രകടനത്താൽ അത്ഭുതപ്പെടുത്തുന്ന സാഹചര്യങ്ങൾ എല്ലാം സിനിമയ്ക്കായി കരുതിവെച്ചു.

36 ചേംബർ ഓഫ് ഷാവോലിൻ (The 36th Chamber of Shaolin - 1978)
യോദ്ധയിലെ നേപ്പാളിൽ നിന്നുളള ലൊക്കേഷൻ ദൃശ്യം

അപ്പോഴും കേരളത്തിൽ ചെറുതല്ലാത്ത ഒരു ഭാ​ഗം കഥ നടക്കേണ്ടതിന്റെ ആവശ്യകത ഉണ്ടായിരുന്നു. മലയാളസിനിമ ആവുമ്പോൾ മലയാളികളെ മുഴുവൻ സമയം നേപ്പാളിൽ നിർത്താനാവില്ല എന്ന സംവിധായകന്റെ തിരിച്ചറിവിൽ നാട്ടിലെ രം​ഗങ്ങൾക്കായി തുടർ ആലോചനകൾ വേണ്ടിവന്നു. ‌ഈ ആലോചനകളുടെ ഭാ​ഗമായി സംവിധായകൻ സം​ഗീത് ശിവൻ അന്ന് സിനിമയിൽ സജീവമായതും അല്ലാത്തതുമായ പല എഴുത്തുകാരെയും സമീപിച്ചു. പക്ഷെ അവരിൽ നിന്നൊന്നും കേരളത്തിൽ നിന്ന് പുറപ്പെടുന്ന നായകന് കഥാപശ്ചാത്തലമൊരുങ്ങാൻ പോന്ന കഥകൾ ലഭിച്ചില്ല.

ആ കൂട്ടത്തിലാണ് തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴിയോട് സം​ഗീത് ശിവൻ ആശയം പങ്കുവയ്ക്കുന്നത്. കേരളത്തിൽ നിന്ന് പുറപ്പെടുന്ന നായകന് പശ്ചാത്തലമൊരുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് ഒരാഴ്ച സമയം. തിരക്കഥാകൃത്ത് ആവശ്യപ്പെട്ട ആ ഒരാഴ്ച കാലയളവിലാണ് അപ്പുക്കുട്ടനും അശോകനും ഉണ്ണിക്കുട്ടനെന്ന റിമ്പോച്ചെയും ജനിക്കുന്നത്.

യോദ്ധയിലെ നേപ്പാളിൽ നിന്നുളള ലൊക്കേഷൻ ദൃശ്യം
അശോകേട്ടനും ഉണ്ണിക്കുട്ടനും

തിരിഞ്ഞുനോക്കുമ്പോൾ മലയാളസിനിമയിൽ അത്ര സരസമായി കണ്ടിരിക്കാനാവുന്ന നർമ്മമുഹൂർത്തങ്ങൾ സമ്മാനിച്ച ചുരുക്കം സിനിമകളിൽ ഒന്നായി എഴുതപ്പെട്ടു യോദ്ധാ. ഇങ്ങ് കേരളത്തിലെ തൈപ്പറമ്പിൽ അശോകനും അരിശുമൂട്ടിൽ അപ്പുക്കുട്ടനും തമ്മിലുളള രം​ഗങ്ങളും ഒടുവിൽ ഉണ്ണികൃഷ്ണനും ജ​ഗതി ശ്രീകുമാറും നടി മീനയും ഒന്നിക്കുന്ന രം​ഗങ്ങളും പോലെ തന്നെ മികച്ചതായി രണ്ടാം പകുതിയിലെ അശോകേട്ടന്റെ നേപ്പാൾ സൗഹൃദം ഉണ്ണിക്കുട്ടനും അവന്റെ ചുറ്റുപാടും. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മധുബാല തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം സിനിമയില്‍ ഒരു കൂട്ടം നേപ്പാളി അഭിനേതാക്കളും ഉണ്ടായിരുന്നു. എങ്കിലും കഥയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം സിദ്ധാർത്ഥ ലാമയുടെ റിമ്പോച്ചെ തന്നെയായിരുന്നു. റിമ്പോച്ചെ ആയി വന്നത് സിദ്ധാർത്ഥലാമ എന്ന ബാലതാരമായിരുന്നു. മുട്ടതലയുള്ള ലാമ വേഷം ധരിച്ച കണ്ണുകൾ ഇറുക്കിയടച്ച് ചിരിക്കുന്ന അശോകന്റെ ഉണ്ണിക്കുട്ടൻ.

യുബ്ബരാജ് ലാമ കുടുംബത്തോടൊപ്പം. ഭാര്യ മംഗള ദേവി ശ്രേസ്തയും മക്കൾ ആനന്ദലാമയും സിദ്ധാര്‍ത്ഥ ലാമയും സമീപം.

എണ്‍പത്തിയഞ്ചില്‍ നേപ്പാളില്‍ ജനിച്ച സിദ്ധാര്‍ത്ഥ ലാമ തന്റെ ഏഴാം വയസ്സിലാണ് യോദ്ധയില്‍ അഭിനയിക്കുന്നത്. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമ പുരസ്‌കാരവും യോദ്ധയിലെ പ്രകടനത്തിലൂടെ സിദ്ധാര്‍ത്ഥ ലാമ നേടിയിരുന്നു. നിരവധി നേപ്പാളി സിനിമകളിലും ബാലതാരമായി സിദ്ധാർത്ഥ ആ സമയത്ത് അഭിനയിച്ചിരുന്നു. സിദ്ധാര്‍ത്ഥ ലാമയുടെ അച്ഛനും യോദ്ധയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നതാണ് അധികമാർക്കും അറിയാത്ത ഒരു കാര്യം. റിമ്പോച്ചെ സിനിമയില്‍ നായകനായിരുന്നുവെങ്കില്‍ സിദ്ധാര്‍ത്ഥ ലാമയുടെ അച്ഛന്‍ റിമ്പോച്ചെയെ അശോകന്റെ കൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോകുന്ന വില്ലനായിട്ടായിരുന്നു വന്നത്. യുബ്ബരാജ് ലാമ എന്നാണ് ആ നേപ്പാളി നടന്റെ പേര്. നിരവധി നേപ്പാളി സിനിമകളുടെ സംവിധായകനും കൂടിയാണ് യുബ്ബരാജ് ലാമ. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് മുടി നീട്ടി വളര്‍ത്തിയ രൂപത്തിലായിരുന്നു യുബ്ബരാജ് ലാമയുടെ യോദ്ധയിലെ കഥാപാത്രം. അശോകന് കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം റിമ്പോച്ചെയെ രക്ഷിക്കുവാന്‍ എത്തുമ്പോള്‍ യുബ്ബരാജ് ലാമയുടെ കഥാപാത്രവുമായി നടത്തുന്ന സംഘട്ടന രം​ഗങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

യോദ്ധയിലെ നേപ്പാളിൽ നിന്നുളള ലൊക്കേഷൻ ദൃശ്യം

കുട്ടിലാമയ്ക്ക് ലഭിച്ച മികച്ച ബാലതാരത്തിനുളള സംസ്ഥാനപുരസ്കാരത്തിന് പുറമെ മറ്റ് മൂന്ന് പുരസ്കാരങ്ങൾ കൂടി അതേ വർഷം യോദ്ധയ്ക്ക് ലഭിച്ചു. എ ശ്രീകർ പ്രസാദ് മികച്ച എഡിറ്റിങ്ങിനും, അരുൺ കെ. ബോസ് മികച്ച സൗണ്ട് റെക്കോഡിങ്ങിനും എം ജി ശ്രീകുമാർ മികച്ച ​ഗായകനായും ആദരിക്കപ്പെട്ടു. ഏറെ ആസ്വാദകശ്രദ്ധ നേടിയ ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും എ ആർ റഹ്മാന്റെ സംഭാവനയായി. അങ്ങനെ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളിയുടെ ഇഷ്ട ചിത്രമായി തുടരുന്നു ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ യോദ്ധാ.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്