ഷാരൂഖ് ഖാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ജവാൻ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന സിനിമയിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ലോക സിനിമയിലെ തന്നെ മികച്ച 6 ആക്ഷൻ സംവിധായകരാണ്.
സ്പിറോ റസാതോസ്, യാനിക്ക് ബെൻ, ക്രെയ്ഗ് മാക്രേ, കെച്ച ഖംഫക്‌ഡി, സുനിൽ റോഡ്രിഗസ്, അനൽ അരസു എന്നിവർ ചേർന്നാണ് സിനിമയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച സിനിമകളിലെ ആക്ഷൻ ഫോർമാറ്റുകൾ ഉൾക്കൊണ്ടാണ് ജവാനിലെയും രംഗങ്ങൾ ചെയ്തിരിക്കുന്നത്. ആവേശകരമായ ബൈക്ക് സീക്വൻസുകൾ, ട്രക്ക്, കാർ ചേസുകൾ എന്നിവയും ജവാനിൽ കാണാൻ സാധിക്കും.
സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഈ ആക്ഷൻ സീക്വൻസുകൾ സിനിമയുടെ ആസ്വാധന മികവ് കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച ആക്ഷൻ സംവിധായകർ ചേരുമ്പോൾ ജവാൻ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള ഹോളിവുഡ് ചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സാണ് ഇതിലും പ്രവർത്തിക്കുന്നത്. സിനിമയിലെ സംഘട്ടന രംഗങ്ങൾ ഹോളിവുഡ് ചിത്രങ്ങളിലെ നിലവാരത്തിൽ ഉള്ളതാണ്.
റെഡ് ചില്ലിസ് എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ ഡയറക്ടർ അറ്റ്ലീയുടെ ആദ്യ ഹിന്ദി സിനിമ ആണ്. ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നു നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 7 നു ലോകമെമ്പാടും റിലീസ് ചെയ്യും. ഹിന്ദി, തെലുങ്കു, തമിഴ് എന്നീ ഭാഷകളിൽ ആയിരിക്കും ചിത്രം പുറത്തിറങ്ങുന്നത്.