തുടര്‍ച്ചയായ ഹിറ്റുകളില്‍ ചരിത്രം കുറിക്കാനൊരുങ്ങി മലയാള സിനിമ. ആദ്യ മൂന്ന് മാസത്തിനുള്ളില്‍ തന്നെ 600 കോടിയിലേറെ രൂപയുടെ ബിസിനസ് മലയാള സിനിമയില്‍ ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിലും ആഗോള ബോക്‌സ് ഓഫീസിലും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള മലയാളത്തിന്റെ ഏറ്റവും മികച്ച സിനിമക്കാലമെന്ന് ഫിയോക്കും വിലയിരുത്തുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 32 മലയാള ചിത്രങ്ങളാണ് തീയേറ്ററിലെത്തിയത്. അതില്‍ രോമാഞ്ചം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റും പ്രണയവിലാസം സൂപ്പര്‍ഹിറ്റുമായി. 100 കോടിയില്‍ താഴെ മാത്രമായിരുന്നു അപ്പോഴും ആകെ ബിസിനസ്. ഈ വര്‍ഷമാകട്ടെ മാര്‍ച്ച് 31 വരെ തീയേറ്ററിലെത്തിയത് 38 മലയാള ചിത്രങ്ങള്‍. ഇന്‍ഡസ്ട്രി ഹിറ്റും ബ്ലോക്ക് ബസ്റ്ററുമടക്കം ആറ് ചിത്രങ്ങളില്‍ നിന്നായി ഇതിനോടകം 600 കോടിയാണ് മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് സമ്പാദ്യം. ജയറാമിന്റെ മിഥുന്‍ മാനുവല്‍ തോമസിന്റെ ഓസ്ലര്‍, ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും, മമ്മൂട്ടിയുടെ ഭ്രമയുഗം എന്നിവ സൂപ്പര്‍ഹിറ്റുകളായപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തീയേറ്ററില്‍നിന്ന് മാത്രം 225 കോടിയിലേറെ നേടി ഇന്‍ഡസ്ട്രി ഹിറ്റായി. 130 കോടിയിലേറെ കളക്ട് ചെയ്ത പ്രേമലു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റും. ആടുജീവിതം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുന്നു.
മലയാളത്തിന്റെ വിജയരഹസ്യം
മലയാള സിനിമ വീണ്ടും തീയേറ്ററിലേക്കും സിനിമാറ്റിക് എക്‌സീപിരിയന്‍സിലേക്കും തിരിച്ചെത്തിയതാണ് തുടര്‍ച്ചയായ വിജയത്തിനു പിന്നില്‍. അതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പക്ഷേ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ തന്നെയാണെന്ന് വേണം കരുതാന്‍. കാരണം കോവിഡിനുശേഷം പ്രതിസന്ധിയിലായ മലയാള സിനിമ തുടര്‍ച്ചയായി ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്കുവേണ്ടി മാത്രമായി ചിത്രങ്ങള്‍ ഒരുക്കുന്ന രീതിയിലേക്ക് മാറിയതോടെ ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ കഴിഞ്ഞവര്‍ഷം തന്നെ നിലപാട് കടുപ്പിച്ചു.
തീയേറ്ററില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ ഒ ടി ടികളിലേക്ക് എടുക്കുന്നില്ലെന്ന നിബന്ധന അവര്‍ മുന്നോട്ടുവച്ചു. ഒ ടി ടിക്കു മാത്രമായി എടുത്ത മോഹന്‍ലാലിന്റെ എലോണ്‍ തീയേറ്ററില്‍ റിലീസ് ചെയ്തതും തീയേറ്ററില്‍ പരാജയപ്പെട്ട ബാന്ദ്രയുടേയും ബോസ് ആന്‍ഡ് കോയുടേയും ഒടിടി അവകാശം വിറ്റുപോകാത്തതും ഇതിന് ഉദാഹരണങ്ങളാണ്. സ്വാഭാവികമായും നിലവാരം മെച്ചപ്പെടുത്താന്‍ സിനിമ മേഖല നിര്‍ബന്ധിതമായി. തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന കൂടുതല്‍ സിനിമകള്‍ വന്നു, മലയാള സിനിമ കഴിഞ്ഞ പത്തുവര്‍ഷത്തെ മികച്ച ഫോമിലേക്ക് തിരികെയെത്തി
1000 കോടിയിലേക്ക്
ആദ്യ മൂന്നുമാസം കൊണ്ട് 600 കോടി നേടിയ മലയാള സിനിമ 1000 കോടി ബിസിനസിലേക്കെത്തുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമലോകവും ആരാധകരും. വിഷു റിലീസായെത്തുന്ന ഹൃദയം ടീമിന്റെ വര്‍ഷങ്ങള്‍ക്കുശേഷം, രോമാഞ്ചത്തിന്റെ ഹിറ്റിനുശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം ആവേശം എന്നിവയാണ് അടുത്ത ബ്ലോക്ക് ബസ്റ്റര്‍ പ്രതീക്ഷകള്‍.
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ്, ഇന്ദ്രജിത്തിന്റെ മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നിവയും വിഷു റിലീസായി തീയേറ്ററിലെത്തും. ആദ്യ ആറുമാസത്തിനുള്ളില്‍ 800 കോടിയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിയോക് പ്രതിനിധി സുരേഷ് ഷേണായി ദ ഫോര്‍ത്തിനോട് പറഞ്ഞു. എന്നാല്‍ 1000 കോടി എളുപ്പമാകാനിടയില്ല. മേയ് ഒന്നിന് എത്തുന്ന നിവിന്റെ മലയാളി ഫ്രം ഇന്ത്യ, മേയ് മൂന്നിന് എത്തുന്ന ടോവിനോയുടെ നടികര്‍, ഓഗസ്റ്റ് 15 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന അമല്‍ നീരദ് - കുഞ്ചാക്കോ ബോബന്‍ ചിത്രം എന്നിവയാണ് അടുത്ത പ്രതീക്ഷകള്‍. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അപ്രതീക്ഷിത ബ്ലോക്ക്ബസ്റ്ററുകളുണ്ടായാല്‍ മാത്രമേ 1000 കോടിയിലേക്ക് എത്തുവെന്നും സുരേഷ് ഷേണായി പറഞ്ഞു.
മലയാളത്തിന്റെ കോടിക്ക് തിളക്കമേറും
ഇന്ത്യയിലെ മറ്റ് മുന്‍നിര സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിന്റെ കോടിക്ക് തിളക്കമേറും. കാരണം മറ്റ് ഇന്‍ഡസ്ട്രികളെ പോലെ പണമെറിഞ്ഞ് പണം വാരുന്ന രീതിയല്ല മലയാളത്തിലേത്. മലയാളത്തിലെ ഒരു സിനിമയുടെ മൊത്തം ബജറ്റിന്റെ നാലോ അഞ്ചോ ഇരട്ടിയാണ് അന്യഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. 200 മുതല്‍ 400 കോടി വരെയാണ് അവിടെ ഒരു സിനിമയുടെ ശരാശരി ബജറ്റ്. മലയാളത്തിലോ ഒന്‍പത് കോടി മുടക്കിലെടുത്ത പ്രേമലു 130 കോടിയും 30 കോടിയില്‍ താഴെ ബജറ്റുള്ള മഞ്ഞുമ്മല്‍ 225 കോടിയും നേടുമ്പോള്‍ അത് ഇരട്ടി മധുരമാണ്.