ENTERTAINMENT

അനിമേഷനിൽ ദേശീയ പുരസ്കാരം, തെങ്ങിന്റെ കഥ പറഞ്ഞ 'എ കോക്കനട്ട് ട്രീ'

രതീഷ് വാസുദേവൻ

കേരനിരകളാൽ സമ്പന്നമാണ് കോഴിക്കോട് തിരുവമ്പാടിയെന്ന മലയോര ഗ്രാമം. നാളികേര കൃഷി തന്നെയാണ് മലയോര മേഖലയിലെ പ്രധാന വരുമാനങ്ങളിൽ ഒന്ന്. ഈ നാളികേര പെരുമ ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ തിളക്കം കൂടി സ്വന്തമാക്കുകയാണ്. ദേശീയ സിനിമ പുരസ്കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയ 'എ കോക്കനട്ട് ട്രീ' എന്ന എട്ട് മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ ചിത്രമാണ് മലയാളത്തിനും തിരുവമ്പാടിക്കും അഭിമാനമായി മാറുന്നത്.

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്ടിൽ ജോഷി ബെനഡിറ്റിനാണ് പുരസ്കാരം. 'എ കോക്കനട്ട് ട്രീ' എന്ന തന്റെ ആദ്യ സിനിമക്ക് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ജോഷിയും കുടുംബവും.

നാടും വീടും മനുഷ്യനും കൃഷിയും പ്രകൃതിയും പ്രമേയമാക്കിയാണ് ജോഷിയുടെ ചിത്രം. മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ തെങ്ങിൻ തൈ നടുന്നതും പരിപാലിക്കുന്നതും അത് ഒരു മരം എന്നതിലുപരി അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. നാളികേര കഥ സിനിമയായത് യാദൃശ്ചികമല്ലെന്നും സംവിധായകൻ ജോഷി പറയുന്നത്.

തൃശൂർ ഫൈനാർട്സ് കോളേജിൽനിന്ന് ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി 'പന്നിമലത്ത്', 'കൊപ്രച്ചേവ്' എന്നീ രണ്ട് ഗ്രാഫിക് നോവലുകളുടെ രചയിതാവ് കൂടിയാണ്. ആനിമേഷൻ ചിത്രം ഇതാദ്യമായാണ് ഒരുക്കിയത്. ആദ്യ ശ്രമത്തിനു പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജമാകുമെന്നും ജോഷി പറഞ്ഞു.

'എ കോക്കനട്ട് ട്രീ' 2021 ൽ പൂർത്തിയാക്കിയെങ്കിലും 2022 ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൻറെ ആശയവും ആവിഷ്കാരവും ഉൾപ്പെടെ ഭൂരിഭാഗം സാങ്കേതിക ജോലികളും ജോഷി സ്വയമാണ് ചെയ്തത്. പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബിജിപാലാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

പുല്ലൂരാംപാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകനാണ് ജോഷി. സ്കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ. മകൻ: ബെനഡിക്ട്. തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്കാരിക പഠന കേന്ദ്രത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് ജോഷി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും