''മലയാള സിനിമയിലെ വെയില്‍മരം പോലെയാണ് ഞാന്‍, കൊടും വെയിലിലും പെരുമഴയിലും പ്രതീക്ഷയോടെ പിടിച്ചുനിന്നതിന്റെ അംഗീകാരങ്ങളാണ് ഇന്ന് എന്നെ തേടിയെത്തുന്നത്,'' വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചപ്പോൾ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണിത്.
നാലുപതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽനിന്ന് ഇന്ദ്രൻസ് പഠിച്ച പാഠവും പകരുന്ന പാഠവുമാണ് ഈ വാക്കുകൾ. ആൾക്കൂട്ടത്തിനിടയിൽനിന്ന് 'ആളൊരുക്ക'ത്തിലൂടെ മലയാള സിനിമയുടെ 'ഹോം' ആയി മാറിയ ഇന്ദ്രജാലം.
1980 കളിൽ വസ്ത്രാലങ്കാര സഹായിയായി മലയാള സിനിമയുടെ ഓരംപറ്റി വന്ന തിരുവനന്തപുരം സ്വദേശി സുരേന്ദ്രനെന്നതാണ് ആദ്യ മേൽവിലാസം. ലാളിത്യവും എളിമയും കഠിനാധ്വാനവും മാത്രം കൈമുതലാക്കി പതിയെ പതിയെ സ്വതന്ത്ര വസ്ത്രാലങ്കാരം എന്ന നിലയിലേക്ക്.
പത്മരാജനും വേണു നാഗവള്ളിയുമൊക്കെ സുരേന്ദ്രന്റെ വസ്ത്രാലങ്കാര മികവിനെ സിനിമയിൽ അവസരങ്ങൾ നൽകി അംഗീകരിച്ചു. അതുവരെ സുരേന്ദ്രന്റെ തയ്യൽഷോപ്പ് മാത്രമായിരുന്നു ഇന്ദ്രൻസ് എന്ന് അറിയപ്പെട്ടതെങ്കിൽ സിനിമയിൽ സുരേന്ദ്രൻ തന്നെ ഇന്ദ്രൻസായി മാറി.
അതിനിടയിൽ പത്മരാജന്റെ ഇന്നലെയിലെ അറ്റൻഡർ പോലുള്ള ആൾക്കൂട്ടത്തിനിടയിൽ മിന്നിമറയുന്ന പലതരം വേഷങ്ങളുമായി സിനിമയിലേക്കും എത്തി.
1994 ൽ പുറത്തിറങ്ങിയ രാജസേനന്റെ സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ് എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രൻസ് ഹാസ്യനടൻ എന്ന ലേബലിലേക്ക് ഉയരുന്നത്. ജയറാമിനൊപ്പമുള്ള ഹാസ്യരംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ആദ്യകാലഘട്ടങ്ങളിലെല്ലാം കുടക്കമ്പിയെന്ന പേരിൽ ആ രൂപത്തെയും ശബ്ദത്തേയും വരെ ആക്ഷേപിച്ചും ആഘോഷിച്ചും തന്നെയാണ് മലയാള സിനിമ പലപ്പോഴും ഹാസ്യമുണ്ടാക്കിയത്. ആദ്യത്തെ കൺമണി, മാനത്തെ കൊട്ടാരം, അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ, കുസൃതിക്കാറ്റ് തുടങ്ങി മാന്നാർ മത്തായി സ്പീക്കിങ് വരെയുള്ള ചിത്രങ്ങളൊന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.
നീർക്കോലി നാരായണൻ എന്ന് കഥാപാത്രത്തിന് പേരിട്ടപ്പോഴോ ആ രൂപത്തിൽ തിരക്കഥാകൃത്തും സംവിധായകനും ഹാസ്യം കണ്ടെത്തിയപ്പോഴോ ചിരിച്ച പ്രേക്ഷകനോ അഭിനയിച്ച ഇന്ദ്രൻസിനോ ആ കാലത്ത് അതിലെ ശരികേട് ബോധ്യപ്പെട്ടില്ലെന്നത് മറ്റൊരു വസ്തുത. ഈ രൂപമായിരിക്കാം എന്നെ സിനിമയിൽ എടുക്കാൻ കാരണമെന്നും അതിൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഇന്ദ്രൻസ് പ്രതികരിച്ചത്.
''സീരിയസ് കഥാപാത്രങ്ങളാണ് ആഗ്രഹിച്ചത്. എന്നാല്‍ കിട്ടിയത് കൊടക്കമ്പിപോലുള്ള കോമഡി വേഷങ്ങളും, എങ്കിലും എന്നെ കാണുമ്പോൾ എല്ലാവരും ചിരിച്ചു, ആ ചിരിയായിരുന്നു എന്റെ എനർജി.'' ഒരുപക്ഷേ ജീവിതത്തെ അങ്ങനെ രൂപപ്പെടുത്തിയെടുത്തതാവാം ഇന്ദ്രൻസ്.
പക്ഷേ 2004 ൽ ആ യാത്ര പതിയെ വഴിമാറിത്തുടങ്ങി. കഥാവശേഷൻ, വെയിൽമരങ്ങൾ, മണ്‍ട്രോ തുരുത്ത്, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു, ലീല, മക്കാന, പാതി, അഞ്ചാം പാതിര, ഉടൽ... നവരസങ്ങളിൽ ഹാസ്യത്തിനപ്പുറമുള്ള ഭാവങ്ങളിലേക്കും ഇന്ദ്രൻസ് പ്രേക്ഷകൻ കൂട്ടുകൊണ്ടുപോയി, അമ്പരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും മാത്രമായിരുന്നില്ല, ഈ കാലമത്രയും ഇന്ദ്രൻസിനെ ഹാസ്യതാരമെന്ന ലേബലിലൊതുക്കിയതിന്റെ കുറ്റബോധം പ്രേക്ഷകനും മലയാള സിനിമയ്ക്കും തോന്നിപ്പിക്കും വിധമായിരുന്നു ആ പ്രകടനങ്ങളെല്ലാം.
2018 ൽ ആളൊരുക്കത്തിലൂടെ സംസ്ഥാന പുരസ്കാരം ആദ്യമായി തേടിയെത്തുന്നതിനും എത്രയോ മുൻപേ പ്രേക്ഷക മനസിൽ മികച്ച നടനായി കഴിഞ്ഞിരുന്നു ഇന്ദ്രൻസ്. അഞ്ചുവർഷത്തിനിപ്പുറം ഹോമിലെ ഒലിവർ ട്വിസ്റ്റിന്റെ നിസഹായത ദേശീയതലത്തിലും കൂടി പ്രത്യേകം പരാമർശിക്കപ്പെടുമ്പോൾ, അത് അർഹതയ്ക്ക് വൈകി ലഭിച്ച അംഗീകാരമായി കൂടിയാണ് വിലയിരുത്തപ്പെടേണ്ടത്.
...
നാലുപതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിന്റെ ഇന്ദ്രജാലം.