ENTERTAINMENT

ബ്ലെസി കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ചയാൾ, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യം: എ ആർ റഹ്മാൻ

വെബ് ഡെസ്ക്

സംവിധായകൻ ബ്ലെസിയെ കണ്ട് താൻ പ്രചോദിതനായെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ബ്ലെസിയെ പോലുള്ള ആളുകളോടൊപ്പം ജോലി ചെയ്യുന്നത് അനുഗ്രമാണെന്നും അദ്ദേഹം പറഞ്ഞു. "14 വർഷത്തെ അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും ഈ ഒരൊറ്റ സിനിമ മികച്ചതാക്കി മാറ്റാനായിരുന്നു. നമ്മൾ ചെയ്യുന്ന കാര്യത്തോട് വേണ്ട പ്രതിജ്ഞാബദ്ധത എന്താണെന്ന് അദ്ദേഹത്തിൽ നിന്നാണ് മനസിലായത്. കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ആളാണ് അദ്ദേഹം," എ ആർ റഹ്മാൻ പറഞ്ഞു.

ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിച്ചിരുന്നു. അന്ന് ആടുജീവിതം സിനിമ സെറ്റിൽ നിന്നും പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 2022ൽ നടത്തിയ അഭിമുഖം ഇപ്പോഴാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

ആടുജീവിതത്തിലേക്ക് എത്താനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കവെയാണ് എ ആർ റഹ്മാൻ ബ്ലെസിയെ കുറിച്ച് സംസാരിച്ചത്. മറ്റനവധി കാര്യങ്ങൾ മൂലം തിരക്കിലായിരുന്നുവെങ്കിലും ബ്ലെസിയോട് യെസ് പറയുകയായിരുന്നുവെന്നും അദ്ദേഹം പൃഥ്വിരാജിനോട് പറഞ്ഞു.

മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് ആയി പൃഥ്വിരാജ് ആണ് എത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ചിത്രത്തിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്.

അമല പോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും