അഞ്ചുവർഷം മുൻപ് ഒരു മാർച്ച് ഒന്നിനാണ് ബ്ലസിയുടെ സ്വപ്ന ചിത്രമായ ആടുജീവിതത്തിന്റെ പൂജ നടന്നത്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടയിൽ അഭ്രപാളിയിലെ ആടുജീവിതം എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കുകയാണ് സംവിധായകൻ ബ്ലസിയും ബ്ലസിക്ക് ആടുജീവിതം പരിചയപ്പെടുത്തിയ എഴുത്തുകാരൻ രവി വർമ്മ തമ്പുരാനും കഥാകാരൻ ബെന്യാമിനും പൂജ വീഡിയോയിൽ.
അവർ പറയുന്നു ആടുജീവിതം സിനിമയായത് ഇങ്ങനെ...
സംവിധായകൻ ബ്ലസി
നീണ്ടു വിരിഞ്ഞ് കിടക്കുന്ന മരുഭൂമി , അതിങ്ങനെ നീണ്ട് നീണ്ട് അങ്ങ് ചക്രവാളത്തിൽ ചെന്ന് തൊടുന്നു. മരത്തിന്റെ ഒരു നിഴൽ പോലുമില്ല ആ കാഴ്ചയെ തടുക്കാൻ. ഒരുവശത്ത് മാത്രം അൽപം വലിയൊരു കുന്നുണ്ട്. ബാക്കിയെല്ലാം രണ്ടാൾ , മൂന്നാൾ പൊക്കമുള്ള മൺകൂനകൾ മാത്രം… ആടുജിവിതം എനിക്ക് പരിചയപ്പെടുത്തിയത് എഴുത്തുകാരനായ രവിവർമ്മ തമ്പുരാനാണ് .
എഴുത്തുകാരൻ രവിവർമ്മ തമ്പുരാൻ
2009 ൽ തിരുവല്ല റസ്റ്റ് ഹൗസിലാണ് ഞാൻ ആദ്യമായി ബ്ലസി സാറുമായി കാണുന്നത് .അത് എന്റെ റിയാലിറ്റി ഷോ എന്ന ചെറുകഥ സമാഹാരത്തിന് അവതാരിക എഴുതിക്കുന്നതിന് വേണ്ടിയായിരുന്നു. ഞങ്ങൾ അന്ന് കുറേ നേരം സാഹിത്യത്തെ പറ്റിയും സിനിമയെ കുറിച്ചുമൊക്കെ സംസാരിച്ചു. അക്കൂട്ടത്തിൽ അദ്ദേഹം തന്റെ പുതിയ സിനിമയ്ക്ക് പ്രമേയം ആലോചിച്ചാണ് കഴിഞ്ഞ പതിനാല് ദിവസമായി ഇരിക്കുന്നതെന്ന് പറഞ്ഞു . മറ്റുള്ളവരുടെ കഥകൾ അങ്ങ് സിനിമയാക്കുമോ എന്ന് ഞാൻ കാഷ്വലായി ചോദിച്ചു. നല്ല കഥയുണ്ടെങ്കിൽ ഉറപ്പായും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാൻ ആടുജീവിതത്തെ കുറിച്ച് ഓർത്തത്.
കാരണം ആ സമയത്ത് ആടുജീവിതം വായിച്ചതിന്റെ ഒരു ത്രില്ലിൽ ഇരിക്കുകയായിരുന്നു ഞാൻ . ആ നോവലും അതിന്റെ പശ്ചാത്തലവും സന്ദർഭവുമെല്ലാം എന്നെ വല്ലാതെ വേട്ടയാടി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് . പക്ഷെ അപ്പോൾ അദ്ദേഹം ആടുജീവിതം വായിച്ചിരുന്നില്ല . പിറ്റേ ദിവസം തന്നെ അയച്ചു കൊടുത്തു. വായിച്ച ശേഷം അദ്ദേഹം വലിയ സന്തോഷം പറഞ്ഞു. പിന്നീടാണ് അത് സിനിമയാക്കാൻ പോകുന്നു എന്ന് അറിഞ്ഞത് .
ബെന്യാമിൻ
ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന കാലത്താണ് ഒരു ദിവസം സന്ധ്യക്ക് ബ്ലസി സാർ എന്നെ വിളിക്കുന്നത് . ആടുജീവിതം വായിച്ച സന്തോഷത്തിലായിരുന്നു ആ വിളി. ആ നോവൽ സിനിമയാക്കാനുള്ള ഒരു താൽപര്യം അദ്ദേഹം എന്നോട് പ്രകടിപ്പിച്ചു. അതിന് മുൻപും പല സംവിധായകരും ആടുജീവിതം സിനിമയാക്കുന്നത് സംബന്ധിച്ച ആലോചനകൾ നടത്തിയിട്ടുണ്ടായിരുന്നെങ്കിൽ പോലും ബ്ലെസി സാറിന്റെ സമീപനം കുറച്ചും കൂടി ആഴത്തിലുള്ളതും കൂടുതൽ ഇഷ്ടത്തോട് കൂടിയുള്ളതാണെന്നും തോന്നി. അതിന് ശേഷമാണ് ഞാൻ നാട്ടിൽ വരുന്നതും ഞങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് കൂടുതൽ ആഴത്തിൽ ചർച്ച നടത്തുന്നതും . അപ്പോൾ സാർ എത്ര കൃത്യമായും സൂക്ഷ്മമായും ഈ കൃതിയെ മനസാക്കിരിക്കുന്നുവെന്നും അതിന്റെ ദൃശ്യപരത എത്രത്തോളമുണ്ടാകുമെന്നും തിരിച്ചറിഞ്ഞറിഞ്ഞിരിക്കുന്നുവെന്നും എനിക്ക് മനസിലായി . അങ്ങനെയാണ് ഒടുവിൽ ഞങ്ങൾ ഇതൊരു സിനിമ ആക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്
പ്രേക്ഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസിയുടെ ആടുജീവിതം . അമല പോളാണ് ചിത്രത്തിലെ നായിക. ജോർദാനായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. എ ആർ റഹ്മാനാണ് സംഗീതം . റീലിസ് പ്രഖ്യാപിക്കാത്ത ആടുജീവിതം ഉടൻ എത്തുമെന്ന സൂചനയും നൽകിയാണ് പൃഥ്വിരാജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്