ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബെന്യാമിൻ പറഞ്ഞുവച്ചതിനപ്പുറമുള്ള മരുഭൂമിയിലെ ജീവിതങ്ങളെ കാണിക്കാനാണ് സിനിമയിലൂടെ താൻ ശ്രമിച്ചത്. സിനിമയിൽനിന്ന് മുറിച്ചുമാറ്റിയ ഭാഗങ്ങൾ പിന്നീട് പുറത്തുവിടും. പൃഥ്വിരാജ് എന്ന നടൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് ആ ദൃശ്യങ്ങളിൽനിന്ന് അറിയാമെന്നും ബ്ലെസി പറഞ്ഞു.
സിനിമാ നടനോ രചയിതാവോ സംവിധായകനോ ആയിട്ടല്ല, ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. ആടുജീവിതത്തിന്റെ യാത്രക്കിടയിൽ തന്റെ ജീവിതം ഒരുപാട് മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നു. സിനിമാ പ്രവർത്തകനെന്ന നിലയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. നജീബിന്ഫെ ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ബ്ലെസിയെ കേരളത്തിലെ ആളുകൾ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് താൻ ഈ സിനിമ ചെയ്യാൻ കാരണമായതെന്ന് എആർ റഹ്‌മാൻ പറഞ്ഞു.
''ബ്ലെസി എന്നെ ആദ്യം സമീപിച്ചപ്പോൾ എന്നോട് നോവലിനെപ്പറ്റിയാണ് സംസാരിച്ചത്. ആ ബുക്ക് എത്ര പ്രശസ്തമാണെന്നും പറഞ്ഞു. പിന്നീട് ഞാൻ എനിക്കറിയാവുന്നവരോടൊക്കെ ബ്ലെസിയെക്കുറിച്ചും ആ നോവലിനെക്കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു. അദ്ദേഹത്തെ കേരളത്തിലെ ആളുകൾ എത്രത്തോളം മതിക്കുന്നുണ്ടെന്ന് എനിക്കപ്പോൾ മനസിലായി. ഇദ്ദേഹത്തിന്റെ സിനിമകൾ ഒന്നും ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഈ സിനിമ ചെയ്യുന്നത്,'' റഹ്മാൻ പറഞ്ഞു.
ചിത്രത്തിലെ നായിക അമലപോൾ, റസൂൽ പൂക്കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ആടുജീവിതം മാർച്ച് 28 നാണ് റിലീസ് ചെയ്യുന്നത്. 10 വർഷത്തോളമെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഷൂട്ടിങ് ഏഴ് വർഷത്തോളം നീണ്ടു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാജിക് ഫ്രെയിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെ എസ് സുനിൽ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം: ശ്രീകർ പ്രസാദ്.