ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ബി 32" മുതൽ 44" വരെ എന്ന സിനിമയിലെ 'ആനന്ദം' എന്ന ഗാനം പുറത്തിറങ്ങി. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാൻസ്മാൻ്റെയും കഥയാണ് ചിത്രം പറയുന്നത്. ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്യുന്ന വികാരങ്ങളെയും ചിന്തകളെയും പ്രേക്ഷകരിലേയ്ക്ക് എത്തിക്കും വിധത്തിലാണ് സുദീപ് പലനാടും സംഘവും ഗാനങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ വനിതാ സംവിധായകരുടെ സിനിമ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെഎസ്എഫ്സിസി) ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ആദ്യ ഗാനം 'ആനന്ദ'ത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പെൺ ശരീരത്തിന്റെ അളവുകളും അതിലെ രാഷ്ട്രീയവും സൂചിപ്പിക്കുന്ന ചിത്രത്തിന്റെ പേരും ഏറെ ചർച്ചയായി.
ചലച്ചിത്ര മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് വിമെൻ സിനിമ പ്രോജക്ട്. ബി 32" മുതൽ 44" വരെ എന്ന സിനിമയുടെ അണിയറ സംഘത്തിൽ മുപ്പതോളം വനിതകളാണ് പ്രവർത്തിച്ചിട്ടുള്ളത്. സ്ത്രീകളുടെ വീക്ഷണത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. രമ്യ നമ്പീശൻ, റെയ്‌ന രാധാകൃഷ്ണൻ, അശ്വതി ബി എന്നിവരും ചിത്രത്തിന്റെ സംവിധായിക ശ്രുതി ശരണ്യം, സംഗീത സംവിധായകൻ സുദീപ് പലനാട്, ഗായിക ഭദ്ര റജിൻ, ഗാനങ്ങളിൽ വാദ്യോപകരണങ്ങൾ ചെയ്ത അരവിന്ദ്, മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്ന സ്റ്റോറീസ് സോഷ്യലിന്റെ സംഗീത ജനചന്ദ്രൻ എന്നിവർ കുസാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.