ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്തത ഒരു യുട്യൂബ് ടാബ്ലോയിഡിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഐശ്വര്യ റായ് ബച്ചൻ-അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ ബച്ചൻ. തന്നെക്കുറിച്ച് വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് 11 വയസുകാരി ആരാധ്യ കോടതിയെ സമീപിച്ചത്. കേസിൽ നാളെ വാദം കേൾക്കും.
ആരാധ്യ ബച്ചൻ പലപ്പോഴും ട്രോളുകൾക്ക് ഇരയാകുകയും മകളെ നിരന്തരം ആക്രമിക്കുന്ന ട്രോളന്മാർക്കെതിരെയും അഭിഷേക് ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ ഒരു പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ- എന്നായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം. ബോബ് ബിശ്വാസിന്റെ പ്രമോഷനുകൾക്കിടെയാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.
അടുത്തിടെയായി കുടുംബത്തോടൊപ്പം നിരവധി പൊതുപരിപാടികളിൽ ആരാധ്യ പങ്കെടുത്തിരുന്നു. ജിയോ വേൾഡ് ഗാർഡൻസിൽ വച്ച് നടന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ (എൻഎംഎസിസി) ഉദ്ഘാടന ചടങ്ങിലാണ് ഐശ്വര്യയും മകളും അവസാനമായി പങ്കെടുത്തത്.