കാതൽ സിനിമയുടെ ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിനും നടൻ മമ്മൂട്ടിക്കും അഭിനന്ദനവുമായി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കാതൽ പോലൊരു മഹത്തായ കലാസൃഷ്ടി ഒരുക്കിയതിന് തീവ്ര സിനിമാ പ്രേമിയായ താൻ നന്ദി പറയുന്നെന്നും എല്ലാത്തരം സിനിമകളും തുല്യ ധൈര്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരേയൊരു നടൻ എന്ന നിലയിൽ മമ്മുട്ടി എന്നെന്നേക്കും ഓർമിക്കപ്പെടുമെന്നും അനൂപ് മേനോൻ പറഞ്ഞു.
ചിത്രം കണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അനൂപ് മേനോൻ മമ്മൂട്ടിയെ അഭിനന്ദിച്ചത്. കാതൽ കണ്ടു. മലയാളം സിനിമ തെലുങ്കിലെയും ബോളിവുഡിലെയും പോലെ ബുദ്ധിശൂന്യമായ മസാല നിലവാരത്തിലേക്ക് കുതിക്കുന്ന ഒരു സമയത്ത്, പത്മരാജൻ, ലോഹിതദാസ്, ഭരതൻ, എംടി എന്നിവർ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ജിയോ ബേബിയും അതിശയകരമായ കഴിവുള്ള എഴുത്തുകാരായ ആദർശും പോൾസണും ചേർന്ന് കെ ജി ജോർജിനെപ്പോലുള്ള ധാർമികതയും ചാരുതയും തിരികെ കൊണ്ടുവന്നുവെന്നും അനൂപ് മേനോൻ പറഞ്ഞു.
ജിയോ ബേബിയും ആദർശും പോൾസണും സൂക്ഷ്മമായ ഒരു വിഷയത്തെ സമർത്ഥമായി കൈകാര്യം ചെയ്‌തെന്നും അനൂപ് മേനോൻ പറഞ്ഞു. ഒരു വേനൽമഴയ്ക്കിടയിൽ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം നമ്മുടെ ഏറ്റവും കാവ്യാത്മക നിമിഷങ്ങളിൽ ഒന്നായി മാറി.
സാധ്യമായ എല്ലാ തരം സിനിമകളിലും തുല്യ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരേയൊരു നടൻ എന്ന നിലയിൽ മമ്മൂക്ക നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും... നിങ്ങളുടെ താരപരിവേഷം നൽകിയില്ലായിരുന്നെങ്കിൽ ജിയോയ്ക്ക് ഇത്രയും വലിയ പ്രേക്ഷകരിലേക്കെത്താൻ കഴിയുമായിരുന്നില്ല. ഒരു തീവ്ര സിനിമാ പ്രേമിയിൽ നിന്ന് ഇതിന് നന്ദി എന്നും അനൂപ് മേനോൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാതല്‍ ഒടിടിയില്‍ റിലീസ് ചെയ്തത്. മാത്യു ദേവസി എന്ന സ്വവര്‍ഗ അനുരാഗിയായ കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മിച്ച ചിത്രത്തിന് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
സാലു കെ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.