ജയസൂര്യ നായകനാവുന്ന കത്തനാർ സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ച് മോഹൻലാൽ. കൊച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. ലൊക്കേഷനിലെ ഓരോകാര്യങ്ങളും കണ്ട് മനസിലാക്കിയ അദ്ദേഹം ചിത്രത്തിന് ആശംസകൾ നേരാനും മറന്നില്ല. സെറ്റ് ഗംഭീരമായിട്ടുണ്ടെന്നും സിനിമ അതിഗംഭീരമാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.
കത്തനാരിന്റെ മൂന്നാം ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ഇനിയും 150 ദിവസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. നവംബർ ഏഴിനാണ് കത്തനാരിന്റെ മുന്നാം ഷെഡ്യൂൾ ആരംഭിച്ചത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിതത്തിന്റെ ഗ്ലിംമ്പ്‌സ് നേരത്തെ പുറത്തുവിട്ടിരുന്നു. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിൽ നായികയാവുന്നത്. നീണ്ട നാളത്തെ ഗവേഷണങ്ങൾക്കൊടുവിൽ എഴുത്തുകാരനും ചരിത്രകാരനുമായ ആർ രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാന്റസി ഹൊറർ ത്രില്ലറായെത്തുന്ന കത്തനാർ. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. 'ജംഗിൾ ബുക്ക്', 'ലയൺ കിങ്' തുടങ്ങിയ വിദേശ സിനിമകളിൾ ഉൾപ്പടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനായി കൊച്ചിയിൽ പ്രത്യേക സ്റ്റുഡിയോ തയ്യാറാക്കിയിരുന്നു.
ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.
കുൽപ്രീത് യാദവ്, കിരൺ അരവിന്ദാക്ഷൻ, സനൂപ് സന്തോഷ് തുടങ്ങി നിരവധി താരങ്ങളും സിനിമയിൽ എത്തുന്നുണ്ട്. നീൽ ഡി കുഞ്ഞയാണ് കാമറ. സംഗീതം: രാഹുൽ സുബ്രഹ്‌മണ്യം. ജെ.ജെ. പാർക്ക് ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
എഡിറ്റിങ് റോജിൻ തോമസ്. മേക്കപ്പ് റോണക്‌സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ ഉത്തരാ മേനോൻ. വിഎഫ്എക്‌സ് സൂപ്പർവൈസർ വിഷ്ണു രാജ്. വിഎഫ്എക്‌സ് പ്രൊഡ്യൂസർ സെന്തിൽ നാഥൻ. ഡിഐ കളറിസ്റ്റ് എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടേർസ് ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ് സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, വാഴൂർ ജോസ്. ശ്രീഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.