അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു 'അരിവാൾ ചുറ്റിക നക്ഷത്രം'. പ്രഖ്യാപനം കഴിഞ്ഞ് പത്ത് വർഷത്തിൽ അധികം കഴിയുമ്പോഴും ചിത്രത്തിനെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നില്ല.
വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഗുരുവായൂർ അമ്പലനടയിൽ എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കഥയായിരുന്നു ചിത്രം പറയാനിരുന്നത്. കേരളത്തിലെ ഒരു ഹിൽസ്റ്റേഷന്റെ പശ്ചാത്തലത്തിലായിരുന്നു 'അരിവാൾ ചുറ്റിക നക്ഷത്രം' ഒരുക്കാനിരുന്നത്. പ്രീ-പ്രൊഡക്ഷൻ ഘട്ടങ്ങളിൽ ചില പ്രശ്‌നങ്ങൾ നേരിട്ടെന്നും ഉയർന്ന ബഡജറ്റും പ്രശ്‌നമായിരുന്നു.
അന്ന് അരിവാൾ ചുറ്റിക നക്ഷത്രത്തിനായി ആലോചിച്ച കഥയുടെ സമാന സ്വഭാവമുള്ള ചില ചിത്രങ്ങൾ പിന്നീട് മലയാളത്തിൽ തന്നെയുണ്ടായെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. പോക്കിരി രാജ, വൺവെ ടിക്കറ്റ്, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ചഭിനയിച്ചത്.
അതേസമയം, മമ്മൂട്ടിയും പൃഥ്വിയും നായകനും വില്ലനുമായി ഒന്നിക്കുന്നുവെന്ന റിപ്പോർട്ട് എതാനും ദിവസം മുമ്പ് ഒടിടി പ്ലേ പുറത്തുവിട്ടിരുന്നു. നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രം ആന്റോ ജോസഫ് ആയിരിക്കുംനിർമിക്കുന്നതെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.
ടർബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രം മേയ് 23 ന് പുറത്തിറങ്ങും. തെലുങ്ക് താരം സുനിൽ, കന്നഡ താരം രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ആടുജീവിതത്തിന് ശേഷം വിപിൻ ദാസിന്റെ 'ഗുരുവായൂർ അമ്പലനടയിൽ' മേയ് 16 നാണ് റിലീസ് ചെയ്യുക. ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്.