ജനുവരിയുടെ നഷ്ടമാണ് പി പത്മരാജൻ എന്ന നക്ഷത്രങ്ങളുടെ കാവൽക്കാരൻ. സിനിമയുടെയും എഴുത്തിന്റെയും ലോകത്ത് നിന്നും പത്മരാജൻ വിട പറഞ്ഞിട്ട് 32 വർഷമാകുന്നു. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളെ തന്റെ കഥയിലേക്ക് സന്നിവേശിപ്പിച്ച് കൊണ്ട് മലയാളികളുടെ വായനാ ഹൃദയത്തെ കീഴടക്കിയ കഥാകാരൻ. പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും മലയാളികൾ നെഞ്ചേറ്റിയപ്പോൾ പത്മരാജൻ , സിനിമാ ആസ്വാദകർക്ക് പപ്പേട്ടനായി
1975ൽ ഭരതൻ ആദ്യമായി സംവിധാനം ചെയ്ത പ്രയാണത്തിന് തിരക്കഥയെഴുതിയാണ് പത്മരാജൻ വെളളിത്തിരയിലേക്ക് തന്റെ വരവറിയിക്കുന്നത്. ആ യാത്ര 1991ൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ഞാൻ ഗന്ധർവൻ വരെ തുടർന്നു. 1979 ൽ പെരുവഴിയമ്പലത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ മലയാള സിനിമയുടെ വസന്തകാലമാണ് പിന്നെ പിറന്നത്. ജയറാം, അശോകൻ, റഹ്മാൻ, റഷീദ്, രാമചന്ദ്രൻ തുടങ്ങി ഒരുപിടി മികച്ച കലാകാരൻമാരെ കൂടി സിനിമയ്ക്ക് സംഭാവന ചെയ്തിട്ടാണ് അദ്ദേഹം അകാലത്തിൽ വിട പറഞ്ഞത്
പത്മരാജന്റെ അനുസ്മരണദിനത്തിൽ അദ്ദേഹവുമായുള്ള ഓർമ്മകൾ ഫേയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് നടൻ റഹ്മാൻ.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനും അപ്പുറം. എന്നിട്ടും, പപ്പേട്ടനുമായുള്ള അവസാന കൂടിക്കാഴ്ച ഇപ്പോഴും മനസ്സിൽ മായാതെയുണ്ട് . 1983 ൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്ത് വന്ന കൂടെവിടെ എന്ന സിനിമയിലൂടെയാണ് റഹ്മാൻ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ, തിലകന്റെ അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധയമായ മൂന്നാം പക്കത്തിൽ ചെറിയ റോൾ ചെയ്യേണ്ടി വന്നതും അതിൽ തന്റെ വിഷമം പത്മരാജൻ മനസ്സിലാക്കിയതും ആണ് റഹ്മാൻ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.
‘കൂടെവിടെ’യിലൂടെ എന്ന സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന, ‘പറന്നു പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെ ആദ്യ നായകവേഷം തന്ന, ‘കാണാമറയത്തി’ലും ‘കരിയിലക്കാറ്റുപോലെ’യിലും മികച്ച വേഷങ്ങൾ തന്ന പപ്പേട്ടന്റെ, മറ്റൊരു മികച്ച കഥാപാത്രത്തെ സ്വപ്നം കണ്ടാണ് അദ്ദേഹം മൂന്നാംപക്കത്തിന്റെ സൈറ്റിലെത്തിയതെന്നും ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്ത ജയറാമിന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു തനിക്കെന്നും റഹ്മാൻ പറയുന്നു. തമിഴിൽ മികച്ച നായകവേഷങ്ങൾ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് മൂന്നാം പക്കത്തിലേക്കുളള വിളി വരുന്നതെന്നും എന്നാൽ ചെറിയ റോളാണെങ്കിലും ഒരു വിഷമവും പുറത്തുകാണിക്കാതെ, പപ്പേട്ടനുമൊത്തുള്ള ഷൂട്ടിങ് ദിവസങ്ങൾ ആസ്വദിച്ചുതന്നെ പൂർത്തിയാക്കിയെന്നും അദ്ദേഹം പറയുന്നു.
മൂന്നാംപക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീർന്ന ദിവസം എന്നെ ചേർത്തുനിർത്തി പറഞ്ഞ വാക്കുകൾ ഇപ്പോഴും ഉള്ളിൽ മുഴങ്ങുന്നു.'നിന്റെ വേഷം ചെറുതാണെന്ന് ഓർത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ഞാൻ വിളിക്കും..'' ഇതായിരുന്നു റഹ്മാനോടുളള പത്മരാജന്റെ അവസാന വാക്കുകൾ. എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടൻ പറഞ്ഞാൽ താൻ അഭിനയിക്കുമെന്ന് അദ്ദേഹത്തിനുമറിയാമെന്നും റഹ്മാൻ പറയുന്നു. ആദ്യമായി പപ്പേട്ടന്റെ അടുത്തെത്തിയതു മുതൽ ഒരു മകനോടുളള വാത്സല്യമായിരുന്നു കാണിച്ചിരുന്നതെന്നും ഷൂട്ടിങ്ങ് ദിവസങ്ങളിൽ താമസിക്കുന്ന ഹോട്ടലിൽ അദ്ദേഹത്തിന്റെ മുറിക്ക് അടുത്ത് തന്റെ മുറിയും ഉറപ്പാക്കുമെന്നും റഹ്മാൻ പറയുന്നു.
എന്നാൽ പത്മരാജൻ മരിക്കുമ്പോൾ തനിക്ക് അവസാനമായി തന്ന വാക്ക് പാലിക്കാൻ കഴിയാതെ രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി തനിക്ക് തരാതെ അദ്ദേഹം യാത്രയായി എന്ന് റഹ്മാൻ ഓർക്കുന്നു. തന്റെ ഗുരുനാഥന്റെ ഓർമകൾക്കു മുന്നിൽ, ഒരായിരം പൂക്കൾ എന്ന് പറഞ്ഞ് കൊണ്ടാണ് റഹ്മാൻ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.