ENTERTAINMENT

പലസ്തീനിലെ കുഞ്ഞുങ്ങളുടെ വീഡിയോ ബാധിച്ചു, ആ സമയത്താണ് ഈ സംഭവം; കളമശേരി സംഭവത്തിലെ പ്രതികരണത്തെ കുറിച്ച് ഷെയ്ൻ നിഗം

തൊട്ടപ്പുറത്തെ വീട്ടില്‍ ജനിച്ചിരുന്നെങ്കില്‍ മാറുമായിരുന്ന ഒന്നുമാത്രമാണ് നമ്മുടെയാക്കെ മതപരമായ മേല്‍വിലാസം

വെബ് ഡെസ്ക്

കളമശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ സിനിമ മേഖലയില്‍ നിന്ന് ആദ്യമായി പ്രതികരിച്ച നടന്മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ നിഗം. താന്‍ പ്രതികരിക്കാന്‍ ഇടയായ സാഹചര്യം ദ ഫോര്‍ത്തിനോട് ഷെയ്ന്‍ വിശദീകരിച്ചു. പലസ്തീനിലെ കുഞ്ഞുങ്ങളുടെ വീഡിയോ തന്നെ ബാധിച്ചിരുന്നെന്നും ഇത്തരമൊരവസ്ഥയില്‍ ഇരിക്കുമ്പോളായിരുന്നു കളമശേരി സംഭവമെന്നും ഷെയ്ന്‍ പറഞ്ഞു.

ആ സമയത്ത് പ്രതികരിക്കണമെന്ന് തോന്നിയതിനാലാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ അത്തരത്തില്‍ പോസ്റ്റിട്ടതെന്നും ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു. മുമ്പ് വിമര്‍ശിച്ചിരുന്നവര്‍ തന്നെ ഷെയ്‌നിന്റെ പോസ്റ്റിനെ അഭിനന്ദിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.

'കഴുത്തോളം മുങ്ങിയാല്‍ പിന്നെ കുളിരില്ല എന്ന് പറഞ്ഞത് പോലെയാണ് എന്റെ അവസ്ഥ. നമ്മള്‍ വിചാരിച്ചതോ ചിന്തിച്ചതിനേക്കാളും അപ്പുറത്തായിട്ട് നമ്മള്‍ പറഞ്ഞതിനെ ഇന്‍ര്‍പെര്‍ട്ട് ചെയ്യുന്നവര്‍ ഉണ്ട്. മറ്റൊന്ന് നമ്മള്‍ പ്രതീക്ഷിക്കാത്ത ഘട്ടങ്ങളില്‍ വന്നിട്ട് നമ്മള്‍ക്ക് വലിയ ഒരു പ്രതിസന്ധി വരുമ്പോള്‍ നമ്മള്‍ക്ക് ഇത് എന്തുചെയ്യണമെന്ന് അറിയില്ല ആരോട് പറയണമെന്നറിയില്ല.

അങ്ങനെയുള്ള ഓരോ സിറ്റുവേഷനും കടന്ന് അത് നേരിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ എങ്ങനെ അത് എടുത്താലും.. അത് അങ്ങനെയായി. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും മതത്തിന്റെ വിഷം പരത്തല്‍ അവിടെ ഇവിടെയായി ഉണ്ട്. അങ്ങനെയല്ലല്ലോ ഇത് കാണേണ്ടത്, തൊട്ടപ്പുറത്തെ വീട്ടില്‍ ജനിച്ചിരുന്നെങ്കില്‍ മാറുമായിരുന്ന ഒന്നുമാത്രമാണ് നമ്മുടെയാക്കെ മതപരമായ മേല്‍വിലാസം. മതത്തിന്റെയോ മറ്റ് എന്തിന്റെയോ പേരില്‍ അല്ല ആളുകളെ വിലയിരുത്തേണ്ടത്. എല്ലാത്തിലും നല്ലവരും ഉണ്ട് എല്ലാത്തിലും മോശമായവരും ഉണ്ട്. അതില്‍ നല്ല മനുഷ്യര്‍ എന്ന് പറഞ്ഞാല്‍ എപ്പോഴും നല്ലത് മാത്രം ചെയ്യുന്നവരല്ല.

മിഠായിക്കവറില്‍ പൊതിഞ്ഞതുപോലെ വെള്ളത്തുണിയില്‍ കൊണ്ടുപോകുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ വിഷമിപ്പിച്ചു. അങ്ങനെ കാണുമ്പോള്‍ എന്നെയും എന്റെ അമ്മയേയുമാണ് ഞാന്‍ അവിടെ സങ്കല്‍പ്പിച്ചത്
ഷെയ്ന്‍ നിഗം

ഇന്‍സ്റ്റഗ്രാം തുറക്കുന്നത് ഇപ്പോള്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. പലസ്തീനില്‍ നിന്നുളള വീഡിയോകള്‍ എന്നെ വിഷമിപ്പിച്ചു. അത് എന്തും ആയിക്കോട്ടെ അതിന്റെ കാര്യങ്ങളോ കാരണങ്ങളോ എനിക്ക് അറിയില്ല അതിനെ കുറിച്ച് പറയാനും എനിക്ക് അറിയില്ല. അതിനും അപ്പുറത്ത് മിഠായിക്കവറില്‍ പൊതിഞ്ഞതുപോലെ വെള്ളത്തുണിയില്‍ കൊണ്ടുപോകുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ വിഷമിപ്പിച്ചു. അങ്ങനെ കാണുമ്പോള്‍ എന്നെയും എന്റെ അമ്മയേയുമാണ് ഞാന്‍ അവിടെ സങ്കല്‍പ്പിച്ചത്.

അപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. ആ മാനസിക അവസ്ഥയിലാവാം കളമശേരി സ്‌ഫോടന വാര്‍ത്തയും കേള്‍ക്കുന്നത്. ആ മൊമന്റില്‍ പ്രതികരിക്കണമെന്ന് തോന്നി.' എന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശേരി സ്‌ഫോടനമെന്നും ഈ അവസരത്തില്‍ ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമായിരുന്നു ഷെയ്‌നിന്റെ പോസ്റ്റ്. സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു.

'വേല'യാണ് ഷെയ്ന്‍ നിഗമിന്റെതായി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. നവംബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ ശ്യാം ശശിയാണ് സംവിധാനം ചെയ്യുന്നത്. അതിഥി ബാലന്‍ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ