ENTERTAINMENT

27 ലക്ഷം മുടക്കി, പ്രതിഫലം പോലും വാങ്ങിയില്ല എന്നിട്ടും അവസാനം വില്ലൻ; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

'വഴക്ക്' സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ആരോപണത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തിൽ തന്റെ ഭാഗം വിശദീകരിച്ചത്.

സനൽകുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനൽകുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാൽ ഇപ്പോഴത്തെ സനൽകുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു.

'വഴക്ക്' സിനിമ ചെയ്യുന്നതിന് മുമ്പ് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് തനിക്ക് പ്രശ്‌നമൊന്നും തോന്നിയിരുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു. ചിത്രത്തിനായി താൻ 27 ലക്ഷം രൂപ നിർമാണ ചിലവ് നൽകി, പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. ചിത്രത്തിന്റെ സഹനിർമാതാവ് ആയ പാരമൗണ്ട് ഫിലിംസിന് വേണ്ടി ഗിരീഷ് നായരും 27 ലക്ഷം മുടക്കിയെന്നും ടൊവിനോ പറഞ്ഞു.

പലപ്പോഴായി സനൽകുമാർ ഈ തുകയിൽ നിന്ന് പ്രതിഫലം പറ്റിയിട്ടുണ്ട്. ഐഎഫ്എഫ്‌കെയിൽ നിന്ന് ലഭിച്ച തുക എന്ത് ചെയ്തു എന്ന് ആരും സനൽകുമാറിനോട് ചോദിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.

സനൽകുമാറുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ടൊവിനോ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. പ്രതീക്ഷിച്ച പോലെ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രത്തിന് എൻട്രി ലഭിച്ചില്ല. ഒരു ഫിലിം ഫെസ്റ്റിവലിൽ നിന്ന് ചിത്രം റിജക്ട് ചെയ്തപ്പോൾ ഏതോ ഇന്റർനാഷണൽ കോക്കസ് തനിക്കെതിരെയും ചിത്രത്തിനെതിരെയും പ്രവർത്തിക്കുന്നുവെന്നായിരുന്നു സനൽകുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

പിന്നീട് ഐഎഫ്എഫ്കെയ്ക്ക്‌ അവസരം കിട്ടിയപ്പോഴും ചിത്രം അവിടെ പ്രദർശിപ്പിച്ചേക്കില്ലെന്നും അവിടെയും ചിത്രംം തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു സനൽ കുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

ഐഎഫ്എഫ്‌കെയിലെ പ്രദർശനത്തിന് ശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നായിരുന്നു സനൽകുമാർ പറഞ്ഞിരുന്നതെന്നും എന്നാൽ ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്‌കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

ഇത് ടൊവിനോയുടെ പരാാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്‌പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞതെന്നും അത് തെറ്റായി വ്യാഖ്യാനിക്കുകയാണ് സനൽകുമാർ എന്നും ടൊവിനോ പറഞ്ഞു.

ഒടിടി റിലീസിന് ശ്രമിച്ചെങ്കിലും ഒടിടി പോളിസി അംഗീകരിക്കാൻ സനൽ കുമാർ തയ്യാറായിരുന്നില്ല. പല പ്ലാറ്റ്‌ഫോമുകളെയും വെറുപ്പിച്ചു. പിന്നീട് ഒടിടി റിലീസ് ചെയ്യാമെന്ന് വീണ്ടും സനൽകുമാർ പറഞ്ഞപ്പോൾ തന്റെ മാനേജറിനോട് നോക്കാൻ പറയാം എന്ന് പറഞ്ഞു. എന്നാൽ മനേജർ വേണ്ടെന്നും അവനും തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സനൽകുമാർ പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

സനൽകുമാറിന്റെ സോഷ്യൽ പ്രെഫൈലും ഒടിടികൾ ചിത്രം ഏറ്റെടുക്കുന്നതിന് തടസമായി വന്നു. 'ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്.' എന്നും ടൊവിനോ തോമസ് പറഞ്ഞു.

തന്റെ കരിയറിനെ ബാധിക്കും എന്ന തരത്തിലായിരുന്നെങ്കിൽ താൻ ഒരിക്കലും നിർമാണ പങ്കാളിയായി 'അദൃശ്യജാലകങ്ങൾ'എന്ന സിനിമ ചെയ്യില്ലായിരുന്നെന്നും ടൊവിനോ തോമസ് പറഞ്ഞു.

വഴക്ക് ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ലെന്നും പ്രെമോഷനായി വന്നിരിക്കാൻ തയ്യാറാണെന്നും ടൊവിനോ തോമസ് പറഞ്ഞു. സനൽകുമാർ ഉന്നയിക്കുന്ന ആരോപണങ്ങളുമായി പാരമൗണ്ടിന് ഒരു ഉത്തരവാദിത്വവുമില്ലെന്ന് നിർമാതാവ് ഗിരിഷും വീഡിയോയിൽ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും