ENTERTAINMENT

'കഥ ചോദിക്കില്ല, പ്രതിഫലത്തിൽ പിടിവാശിയില്ല; തന്മയത്വമുള്ള അഭിനയപ്രതിഭ'

അന്തരിച്ച നടൻ ടി പി മാധവനെ സംവിധായകന്‍ കമല്‍ അനുസ്മരിക്കുന്നു

ഗ്രീഷ്മ എസ് നായർ

നാലു പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ സജീവസാന്നിധ്യമായിരുന്ന അഭിനേതാവ്, അറുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ആവര്‍ത്തനവിരസതയില്ലാത്ത അഭിനയം, താരസംഘടനയായ അമ്മയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി, സര്‍വോപരി മാന്യനായ കലാകാരന്‍... ടി പി മാധവനെ സംവിധായകന്‍ കമല്‍ അനുസ്മരിക്കുന്നു

അസോസിയേറ്റായിരുന്ന കാലത്തേയുള്ള പരിചയം

എന്‌റെ ആദ്യ സിനിമ മുതല്‍ അദ്ദേഹം എനിക്കൊപ്പമുണ്ട്. അതിനും മുന്‍പ് ഞാന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന കാലത്ത് മധു സാര്‍ നിര്‍മിച്ച 'അര്‍ച്ചന ടീച്ചര്‍' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. തിരുവനന്തപുരത്ത് മധു സാറിന്‌റെ ഉമ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. ഞാനും സത്യന്‍ അന്തിക്കാടുമൊക്കെ അന്ന് അവിടെയാണ് താമസിക്കുന്നത്. ഒരേസമയം നാലോ അഞ്ചോ സിനിമകളൊക്കെ അവിടെ ഷൂട്ട് നടക്കുന്നതിനാല്‍ പല സിനിമകളുടെ ഭാഗമായി ഞങ്ങളെല്ലാം അവിടെയുണ്ട്. അവിടെവച്ചാണ് ആദ്യമായി മാധവന്‍ ചേട്ടനെ കാണുന്നത്.

മധു സാറിന്‌റെ അടുത്ത സുഹൃത്തായ മാധവന്‍ ചേട്ടന്‍ അന്നൊക്കെ എപ്പോഴും മധുസാറിനൊപ്പമുണ്ടായിരുന്നു. മധു സാറാണ് അദ്ദേഹത്തെ സിനിമയിലേക്കു കൊണ്ടുവന്നതും. പിന്നീട് ഞാന്‍ സംവിധായകനായപ്പോഴേക്കും അദ്ദേഹം തിരക്കുള്ള നടനായി മാറി. ആദ്യ ചിത്രമായ 'മിഴിനീര്‍പ്പൂക്കളില്‍' ഒരു സീനിലേ ഉണ്ടായിരുന്നുള്ളൂ. ഓര്‍ക്കാപ്പുറത്ത്, 'ഉള്ളടക്കം' 'കൈക്കുടന്നനിലാവ്' 'അയാള്‍ കഥയെഴുതുകയാണ്' തുടങ്ങി പത്തിലേറെ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ ടി പി മാധവനും മോഹൻലാലും

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ പോലീസ് വേഷമാണ് എന്‌റെ സിനിമകളില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ വേഷം. സോഷ്യല്‍ മീഡിയയിലൊക്കെ ഇപ്പോഴും ആ സീന്‍ ഇടയ്ക്കിടയ്ക്കു കാണാറുണ്ട്.  

മധുവിലൂടെ സിനിമയിലേക്ക്

മധുസാര്‍ 'പ്രിയ' എന്ന ചിത്രത്തിന്‌റെ ചിത്രീകരണത്തിന് കൊല്‍ക്കത്തയിലെത്തിയപ്പോള്‍ അവിടെ എല്ലാ സഹായവും ചെയ്ത് നല്‍കിയത് അന്ന് അവിടെ മാധ്യമപ്രവർത്തകനായി ജോലി ചെയ്തിരുന്ന മാധവന്‍ ചേട്ടനാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായതും സിനിമയിലെത്തിയതെന്നുമാണ് ഞാന്‍ മനസിലാക്കിയത്.

അതിന് മുന്‍പ് ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നോയെന്ന് അറിയില്ല. പക്ഷേ പ്രിയയ്ക്ക് ശേഷമുള്ള സിനിമകളിലൊക്കെ മധു സാര്‍ മാധവന്‍ ചേട്ടനെയും ഒപ്പം കൂട്ടിയിരുന്നു. താരസംഘടന രൂപീകരിച്ചപ്പോള്‍ മധു സാറായിരുന്നു ആദ്യ പ്രസിഡന്‌റ് , അന്ന് ജനറല്‍ സെക്രട്ടറിയായും മാധവന്‍ ചേട്ടന്‍ കൂടെയുണ്ടായിരുന്നു. അമ്മയ്ക്ക് ഒരു നിയമാവലിയും ചട്ടക്കൂടുകളുമൊക്കെയുണ്ടാക്കുന്നതിലൊക്കെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നല്ല അഭിനേതാവ് എന്ന പോലെ തന്നെ മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം. പക്വതയോടെ തീരുമാനമെടുക്കുന്നതിലുള്ള അദ്ദേഹത്തിന്‌റെ മിടുക്കും എടുത്തു പറയേണ്ടതാണ്.

കഥ ചോദിക്കില്ല, സ്വാഭാവിക അഭിനയം കൊണ്ട് ഞെട്ടിക്കും

മാധവന്‍ ചേട്ടനെ നമ്മളൊരു സിനിമയിലേക്ക് വിളിച്ചാല്‍ അദ്ദേഹം ഒരിക്കലും കഥ ചോദിക്കില്ല. എന്ന് വരണം, എത്ര ദിവസമുണ്ട് എന്നീ കാര്യങ്ങള്‍ മാത്രമേ ചോദിക്കൂ. സെറ്റില്‍ വന്ന് മേയ്ക്ക് അപ്പ് ഇടുന്നതിന് തൊട്ടുമുന്‍പാകും വേഷം എന്താണെന്നു ചോദിക്കുന്നത്.

അത് മാധവന്‍ ചേട്ടന്‍ മാത്രമല്ല , കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, അങ്ങനെ ആ സമയത്തുണ്ടായിരുന്ന ഇവരെല്ലാം അങ്ങനെ തന്നെയായിരുന്നു. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒന്ന് അവര്‍ക്ക് അവരിലുള്ള വിശ്വാസം, ഏത് കഥാപാത്രവും ചെയ്യാനാകുമെന്ന ആത്മവിശ്വാസം... രണ്ട് വിളിക്കുന്ന സംവിധായകരെ കുറിച്ചുള്ള ബോധ്യം. അവര്‍ക്ക് യോജിക്കുന്ന കഥാപാത്രങ്ങളിലേക്ക് മാത്രമേ ഈ സംവിധായകര്‍ വിളിക്കൂ എന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ കഥയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ ഒന്നും ചോദ്യമുണ്ടാകാറില്ല.

മറ്റൊന്ന് സാമ്പത്തിക കാര്യങ്ങളാണ്. മാധവന്‍ ചേട്ടന്‍ അതും ചോദിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അഭിനയം ആസ്വദിച്ചിരുന്നു, സിനിമയില്‍ സജീവമായി നില്‍ക്കാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹത്തിലേക്കു വരുന്ന കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. സ്വഭാവികമായ അഭിനയമായിരുന്നു മറ്റൊരു പ്രത്യേകത. അമിതാഭിനയമില്ല. മിതത്വത്തോടെയും തന്മയത്വത്തോടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.

പരാതിയോ പരിഭവമോ ഇല്ല

അറുനൂറിലേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത ആളാണ് ടി പി മാധവന്‍. അത് ഒരിക്കലും എളുപ്പമായ ഒന്നല്ല. പക്ഷേ അപ്പോഴും അര്‍ഹിക്കുന്ന തരത്തിലുള്ള മികച്ച കഥാപാത്രം അദ്ദേഹത്തിന് ലഭിച്ചില്ലെന്നതും വാസ്തവമാണ്. എന്നാല്‍ അങ്ങനെ ഒരു പരാതിയോ പരിഭവമോ അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ഒരു സീനില്‍ മാത്രമേയുള്ളൂ എന്ന് പറഞ്ഞാല്‍ പോലും സന്തോഷത്തോടെ വന്ന് അഭിനയിച്ചിട്ടുപോകുന്ന ആളാണ്. അത്തരം ആളുകള്‍ സിനിമയില്‍ വളരെ കുറവാണല്ലോ.

സെറ്റിലുള്ളവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാന്യനായ ലാകാരനായിരുന്നുവെന്ന് നിസംശയം പറയാം. മികച്ച കലാകാരനായതുകൊണ്ട് മാത്രം കാര്യമില്ലല്ലോ, നല്ലൊരു മനുഷ്യനാവുക എന്നതല്ലേ കൂടുതല്‍ പ്രധാനം. ഈ രണ്ട് ഗുണങ്ങളുമുള്ള കലാകാരനായിരുന്നു ടി പി മാധവന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്‌റെ വിയോഗത്തില്‍ നമ്മുക്കൊക്കെ ഇത്രയേറെ വേദന തോന്നുന്നതും.

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി