ENTERTAINMENT

'മതിലാണ് പ്രശ്നം', നടി തൃഷയും അയല്‍ക്കാരിയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം ഒത്തുതീര്‍ന്നു; കേസ് പിൻവലിക്കും

ജനുവരി 24 നായിരുന്നു സംഭവത്തെ ചൊല്ലി തൃഷ ജസ്റ്റിസ് എൻ സതീഷ് കുമാറിന് മുമ്പാകെ പരാതി സമർപ്പിച്ചത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വസതിയുടെ പേരിൽ നിലനിന്നിരുന്ന കേസിൽ അയൽവാസിയുമായി ഒത്തുതീർപ്പിലെത്തി താരം. ഈ വർഷം ആദ്യം ഫയൽ ചെയ്തിരുന്ന സിവിൽ കേസിനായി കോടതിയിൽ കെട്ടിവെച്ച ഫീസ് തുക തിരികെ നൽകാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തൃഷയും അയൽവാസിയായ മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും അവരുടെ അഭിഭാഷകരും ഒപ്പിട്ട സംയുക്ത ഒത്തുതീർപ്പ് മെമ്മോയിലാണ് കേസ് ഒത്തുതീർപ്പാക്കിയത്.

ജനുവരി 24 നായിരുന്നു സംഭവത്തെ ചൊല്ലി തൃഷ ജസ്റ്റിസ് എൻ സതീഷ് കുമാറിന് മുമ്പാകെ പരാതി സമർപ്പിച്ചത്. ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കൻഡ് ലെയ്‌നിലെ തൃഷയുടെ വസ്തുവിന്റെ കിഴക്കൻ ഭിത്തിയിൽ അയൽവാസി മുഖേന പൊളിക്കലോ അറ്റകുറ്റപ്പണികളോ നടത്തുന്നത് തൻ്റെ വീടിൻ്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാൽ നിർമ്മാണപണികൾക്ക് താത്കാലിക സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ടുളളതായിരുന്നു തൃഷയുടെ പരാതി.

2005 ലാണ് തൃഷ മേൽപ്പറഞ്ഞ പുരയിടം സ്വന്തമാക്കിയത്. തൃഷയുടെ വീടിനും അയൽവാസിയുടെ വീടിനും ഇടയിൽ പൊതുവായ മതിലുണ്ടെന്നും രണ്ട് കെട്ടിടങ്ങളും പഴയ ഉടമസ്ഥൻ നിർമ്മിച്ചതാണെന്നും പ്രാഥമിക കണ്ടെത്തലിൽ ജഡ്ജിക്ക് ബോധ്യമായി. മെയ്യപ്പനും ഭാര്യ ശ്രീമതി കാവേരിയും 2023-ൽ സമീപത്തുളള വസ്തു വാങ്ങുകയും കെട്ടിടം പൊളിച്ച് പുനർനിർമ്മാണപ്പണികൾ ആരംഭിക്കുകയും ചെയ്തു. ഒരു മതിൽ അപ്പുറം നിൽക്കുന്ന വസ്തു പൊളിച്ചു പണിയുന്നതിലൂടെ തൃഷയുടെ ഉടമസ്ഥാവകാശത്തിലുളള കെട്ടിടത്തിനും കേടുപാടുകൾ വരാൻ സാധ്യതയുണ്ടെന്നായിരുന്നു തൃഷയുടെ വാദം.

ആധാരപ്രകാരം മുൻഗാമികൾ പണിതീർത്ത കെട്ടിടം രണ്ട് യൂണിറ്റുകളാക്കി തിരിച്ചാണ് വിൽപ്പന നടത്തിയിട്ടുളളത്. ഓവർ ഹെഡ് ടാങ്കിലേക്കും ഡ്രെയിനേജ് സംവിധാനത്തിലേക്കുമുളള പൈപ്പുകൾ വരെ ഒന്നാണെന്നുളളതും കോടതിക്ക് ബോധ്യപ്പെട്ടു. രണ്ട് യൂണിറ്റുകൾക്കും ഉറപ്പ് നൽകുന്നതാണ് പൊതുമതിൽ. തൃഷയുടെ ഉടമസ്ഥതയിലുളള വസ്തുവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മതിയായ നടപടികളും സുരക്ഷാ മാർ​ഗങ്ങളും സ്വീകരിക്കണമെന്നാണ് അയൽവാസിയായ മെയ്യപ്പന് ഒടുവിൽ കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

സുരക്ഷ ഉറപ്പാക്കാത്ത പക്ഷം പൊതുമതിൽ പൊളിക്കുന്നതിലൂടെ വസ്തുവിന്റെ നിലവിലെ ഘടനയിൽ മാറ്റം സംഭവിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കുവരെ കാരണമാവുകയും ചെയ്തേക്കാമെന്ന് കോടതി കണ്ടെത്തി. ഇതിനെ തുടർന്നായിരുന്നു പുനർ നിർമ്മാണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയിൽ പരിഹാരനടപടികളൊന്നും ആവാത്ത സാഹചര്യത്തിൽ ഇടക്കാല വിലക്ക് നീട്ടുകയും ചെയ്തിരുന്നു. അതേസമയം, 2024 മാർച്ച് 21ന് തൃഷയുടെ അമ്മയും അയൽക്കാരിയും കോടതിക്ക് പുറമെയുളള ഒത്തുതീർപ്പു സാധ്യതകൾ അന്വേഷിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹാജരായിരുന്നു. ചർച്ച വിജയിക്കുകയും തർക്കം രമ്യമായി പരിഹരിക്കുകയും ചെയ്തതായാണ് ഒടുവിൽ താരം അറിയിച്ചിരുന്നത്. ചട്ടപ്രകാരം കോടതി ഫീസ് തിരികെ നൽകാൻ ഹൈക്കോടതി രജിസ്‌ട്രിക്ക് നിർദേശവും നൽകിയിട്ടുണ്ട്.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്