ENTERTAINMENT

'പ്രമുഖ വിതരണ കമ്പനി തമിഴ് സിനിമയിൽ കുത്തകയാകുന്നു'; ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയന്റിനെതിരെ ഒളിയമ്പുമായി വിശാൽ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഉദയനിധി സ്റ്റാലിന്റെ വിതരണക്കമ്പനിയായ റെഡ് ജെയ്ന്റിനെതിരെ ഒളിയമ്പുമായി നടനും നിർമാതാവുമായ വിശാൽ. തന്റെ പുതിയ ചിത്രമായ 'രത്‌നം'ത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു വിശാലിന്റെ പരാമർശം.

ഒരു പ്രമുഖ വിതരണക്കമ്പനി തമിഴ് സിനിമ വ്യവസായത്തെ കുത്തകയാക്കുന്നെന്നും 'എനിമി', 'മാർക്ക് ആന്റണി' തുടങ്ങിയ തന്റെ സമീപകാല പ്രൊജക്റ്റുകൾ ഉൾപ്പെടെയുള്ള പ്രധാന സിനിമകളുടെ റിലീസിന് ഈ ആധിപത്യം തടസമായിരുന്നെന്നും വിശാൽ പറഞ്ഞു.

'എനിമി' (2021) സിനിമയുടെ റിലീസിനിടെ ഒരു സംഭവം നടന്നു. ഉദയ് (ഉദയനിധി സ്റ്റാലിൻ) അറിഞ്ഞോ ഇല്ലയോയെന്ന് എനിക്കറിയില്ല. റെഡ് ജയന്റിലെ ഒരു പ്രത്യേക വ്യക്തിയുമായി വലിയ വഴക്കുണ്ടായി. ആരോടെങ്കിലും അവരുടെ സിനിമ മാറ്റിവെക്കാൻ ആവശ്യപ്പെടാൻ ആർക്കും അവകാശമില്ല. സിനിമ ആരും സ്വന്തമാക്കിയിട്ടില്ല. 'തമിഴ് സിനിമ എന്റെ കൈയ്യിൽ' എന്ന് വാദിച്ച ആരും ഒരിക്കലും തഴച്ചുവളർന്നില്ല. പലിശ കൊടുക്കുന്ന എന്റെ നിർമാതാവിനുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. സിനിമയ്ക്കായി ഞങ്ങൾ എല്ലാവരും രക്തവും വിയർപ്പും ചൊരിഞ്ഞു, ഒരു എസി മുറിക്കുള്ളിൽ ഇരിക്കുന്ന നിങ്ങൾ ഞങ്ങളോട് സിനിമ പിന്നീട് റിലീസ് ചെയ്യാൻ ആവശ്യപ്പെടുന്നു. ആരാണ് അതിന് അവകാശം തന്നത്? എന്ന് ഞാൻ അവനോട് ചോദിച്ചു. 'നിങ്ങൾ സിനിമ വ്യവസായം മുഴുവൻ പാട്ടത്തിനെടുത്തോ?'' എന്നും താൻ ചോദിച്ചതായും വിശാൽ പറഞ്ഞു.

മാർക്ക് ആന്റണിയുടെ റിലീസിനിടയിലും ഇതേ സംഭവം ആവർത്തിച്ചുവെന്നും വിശാൽ പറഞ്ഞു. തന്നോട് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാൻ പറഞ്ഞെന്നും എന്നാൽ താൻ റിസ്‌ക് എടുത്ത് ചിത്രം നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ റിലീസ് ചെയ്യുകയായിരുന്നെന്നും വിശാൽ പറഞ്ഞു.

എന്റെ വരാനിരിക്കുന്ന രത്‌നം എന്ന ചിത്രത്തിനും പ്രശ്നമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഇത് പുറത്തുപറയാൻ ആരും ധൈര്യപ്പെടുന്നില്ല. എല്ലാ നിർമാതാക്കളും ഒരുമിച്ചാൽ സിനിമാ വ്യവസായം വേറെ ലെവലിലാകും. ബിസിനസിനും സൗഹൃദത്തിനും ഇടയിൽ ഒരാൾ ഒരു രേഖ വരയ്ക്കണമെന്നും വിശാൽ പറഞ്ഞു.

ഹരി സംവിധാനം ചെയ്യുന്ന രത്‌നം സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വിശാലും ഭവാനി ശങ്കറും അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 26 ന് റിലീസ് ചെയ്യും. ഒരു ഗ്രാമീണ ആക്ഷൻ ഡ്രാമയായി കണക്കാക്കപ്പെടുന്ന ചിത്രത്തിൽ സമുദ്രക്കനി, വിജയകുമാർ, ഗൗതം മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും