ബോളിവുഡിൽ ഒരുകാലത്ത് ഏറ്റവും ആഘോഷിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു വിവേക് ഒബ്‌റോയ്. ഹിറ്റ്ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പർ താരപദവിയിലേക്ക് കുതിക്കുന്നതിനിടെയാണ് കരിയറിൽ വിള്ളലുകൾ സംഭവിക്കുന്നത്. ഇപ്പോഴിതാ തനിക്ക് സിനിമകൾ കുറഞ്ഞതിനെക്കുറിച്ചും ബിസിനസിലേക്ക് ഇറങ്ങിയതിനെക്കുറിച്ചും സംസാരിക്കുകയാണ് വിവേക്.
താൻ ബോളിവുഡ് ലോബിയിങ് സംസ്‌കാരത്തിന്റെ ഇരയാണെന്നും ഇത്തരം അവസരങ്ങളിൽ രണ്ട് മാർഗങ്ങളാണ് മുന്നിൽ ഉണ്ടാവുകയെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. ഇന്ത്യന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'എന്റെ സിനിമകൾ ഹിറ്റായ ഒരു ഘട്ടം എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു, എന്റെ പ്രകടനങ്ങൾ പ്രശംസിക്കപ്പെട്ടു, എന്നിട്ടും പല കാരണങ്ങളാൽ എനിക്ക് റോളുകളൊന്നും ലഭിച്ചില്ല' എന്നും വിവേക് പറഞ്ഞു.
'നിങ്ങൾ സിനിമയിലെ രീതികളുടെയും ലോബിയിങ്ങിന്റെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് മാർഗങ്ങളാണ് ഉള്ളത് ഒന്നുകിൽ വിഷാദത്തിലാവുക അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി തീരുമാനിക്കുക. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്ത് നിരവധി ബിസിനസുകൾ തുടങ്ങി.' എന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരിസിലാണ് വിവേക് ഒബ്‌റോയ് അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ലൂസിഫറിലും വിവേക് ഒബ്‌റോയ് അഭിനയിച്ചിരുന്നു.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനുമായുള്ള പരസ്യ തർക്കത്തിന് പിന്നാലെയാണ് വിവേകിന്റെ കരിയറിന് ഇടിവ് സംഭവിച്ചത്. സൽമാൻ തന്നെ ഭീഷണിപ്പെടുത്തിയതായി 2003 ൽ വിവേക് ഒബ്‌റോയ് വാർത്തസമ്മേളനം നടത്തിയിരുന്നു.