ആതിര ഹരികുമാർ 
ENTERTAINMENT

'കനകം കാമിനി കലഹത്തിലെ ശാലിനി ഞാനായിരുന്നു' നഷ്ടങ്ങളേറെ, പക്ഷേ നിരാശയില്ല; ആതിര ഹരികുമാർ

ഓഡിഷനില്‍ പങ്കെടുത്ത് പിന്തളളപ്പെട്ട അനുഭവങ്ങള്‍ ഒരുപാടുണ്ട്

സുല്‍ത്താന സലിം

'പാല്‍തു ജാന്‍വറി'ല്‍ ജോണി ആന്റണിയുടെ മകളായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് ആതിര ഹരികുമാര്‍. ഒരുപക്ഷെ കോവിഡ് പോസിറ്റീവ് ആയില്ലായിരുന്നെങ്കില്‍ അതിര അറിയപ്പെടേണ്ടിയിരുന്നത് മറ്റൊരു കഥപാത്രത്തിലൂടെ ആവുമായിരുന്നു. 'കനകം കാമിനി കലഹ'ത്തില്‍ വിന്‍സി ചെയ്ത ശാലിനി എന്ന കഥാപാത്രത്തിലേയ്ക്ക് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആദ്യം കരുതിയിരുന്നത് ആതിരയെ ആയിരുന്നു. ഈ കാലയളവില്‍ നഷ്ടമായ അവസരങ്ങള്‍, സിനിമാമോഹത്താല്‍ പങ്കെടുത്ത ഓഡിഷനുകള്‍, മറന്നുപോയ ആദ്യസിനിമ, പ്രേക്ഷകര്‍ തിരിച്ചറിയാന്‍ കാരണമായ കഥാപാത്രങ്ങള്‍, സിനിമ എന്ന തന്റെ അടങ്ങാത്ത കൊതിയെ ക്കുറിച്ച് ദ ഫോര്‍ത്തിനോട് പറയുകയാണ് ആതിര ഹരികുമാര്‍.

സിനിമ ചെറുപ്പം മുതലേ ഉളള ആഗ്രഹം

സിനിമ ചെറുപ്പം മുതലേ ഉളള ആഗ്രഹമായിരുന്നു. പ്രൊഫഷണല്‍ ഡിഗ്രി എടുത്തതിന് ശേഷം മാത്രമേ സിനിമയിലേയ്ക്ക് വിടൂ എന്നത് വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു. പ്രത്യേകിച്ച് അമ്മയുടെ. അമ്മ ഒരു അധ്യാപികയാണ്. പഠനത്തിന് തന്നെയാണ് അമ്മ മുന്‍തൂക്കം കൊടുത്തിരുന്നത്. പഠനം ഏകദേശം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയ്ക്ക് വേണ്ടിയുളള ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഓഡിഷനില്‍ പങ്കെടുത്ത് പിന്തളളപ്പെട്ട അനുഭവങ്ങളും ഒരുപാടുണ്ട്.

'കനകം കാമിനി കലഹ'ത്തിലെ ശാലിനി ഞാനായിരുന്നു

'കനകം കാമിനി കലഹ'ത്തില്‍ വിന്‍സി ചെയ്ത ശാലിനി എന്ന കഥാപാത്രത്തിലേയ്ക്ക് ആദ്യം കരുതിയിരുന്നത് എന്നെ ആയിരുന്നു. ക്രൂവിനൊപ്പം ജോയിന്‍ ചെയ്തതിന് ശേഷമാണ് കൊറോണ പോസിറ്റീവാണെന്ന് അറിയുന്നതും പിന്മാറേണ്ടി വരുന്നതും. നഷ്ടബോധം തോന്നിയ കഥാപാത്രമായിരുന്നു ശാലിനി.

എന്റെ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും...!

പരിചയമുളള മുഖങ്ങള്‍ക്കും സിനിമയ്ക്കുള്ളില്‍ ബന്ധങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഓഡീഷനില്‍ പോലും സാധ്യത കൂടുതലെന്ന് തോന്നിയിട്ടുണ്ട്. യാതൊരു സിനിമാ ബന്ധവുമില്ലാത്ത ആളാണ് ഞാന്‍. ഓഡീഷനുകളിലെ തോല്‍വിയില്‍ ഒരിക്കല്‍ പോലും നിരാശ തോന്നിയിട്ടില്ല. ആ കഥാപാത്രത്തിന് ഞാന്‍ ചേരാത്തതുകൊണ്ടാവും ഒഡീഷനില്‍ പിൻതള്ളപ്പെട്ടതെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഒരുപക്ഷേ സിനിമയല്ലാതെ മറ്റേത് മേഖല ആയിരുന്നെങ്കിലും ഇത്രയധികം ഒഴിവാക്കലുകള്‍ എന്നെ മടുപ്പിക്കുമായിരുന്നു. പക്ഷേ സിനിമയുടെ കാര്യത്തില്‍ അങ്ങനെയൊരു നഷ്ടബോധം തോന്നില്ല. ഭയങ്കരമായ കൊതിയാണ് സിനിമയോട്. എന്റെ സന്തോഷം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക എന്നതാണെന്ന്. സിനിമ എന്നും മുന്നിലുളള വലിയൊരു പ്രതീക്ഷയാണ്.

ചില ഓഡിഷന്‍കോളുകള്‍ പ്രൊമോഷന്‍ മാത്രമാണ്

ചില സമയം സിനിമയുടെ പേരുപറഞ്ഞ് ഒഡീഷന്‍ വിളിക്കും. അതുകണ്ട് നമ്മള്‍ പ്രൊഫൈല്‍ അയക്കും. ചിലപ്പോഴൊക്കെ സെലക്ടായെന്ന് പറഞ്ഞ് മെയില്‍ വന്നാലും അങ്ങനൊരു ഓഡീഷനൊന്നും എവിടെയും നടക്കാറില്ല. സിനിമ ഇറങ്ങുമ്പോള്‍ ആ കഥാപാത്രങ്ങളായി പരിചിതമുഖങ്ങളെ കാണുകയും ചെയ്‌തേക്കാം. പുതുമുഖങ്ങള്‍ ആരുംതന്നെ ഉണ്ടാവില്ല. ഇത്തരം ഒഡീഷന്‍ കോളുകള്‍ സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രമുളളതാണെന്ന് തോന്നിയിട്ടുണ്ട്.

സ്പൂണ്‍ഫീഡിങ് ഇല്ല, ക്രിയേറ്റിവിറ്റിക്ക് വിടും

'പാല്‍തു ജാന്‍വറി'ലേതാണ് ആളുകള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം. ജോണി ആന്റണിയുടെ മകളുടെ വേഷമായിരുന്നു എന്റേത്. എങ്ങനെ അഭിനയിക്കണമെന്നത് സ്പൂണ്‍ഫീഡ് ചെയ്യുക ആയിരുന്നില്ല. സീന്‍ വിശദമായി പറഞ്ഞുതന്ന് ബാക്കി നമ്മുടെ ഭാവനയ്ക്ക് വിടുന്നതായിരുന്നു രീതി. അഭിനയത്തില്‍ വലിയ പരിചയമൊന്നും ഇല്ലാത്തതുകൊണ്ട് പൂര്‍ണമായും സംവിധായകനെ ആശ്രയിക്കുന്ന ആളാണ് ഞാന്‍. കൂടെ ഉള്ളവരുടെ അഭിനയം കണ്ട് പലപ്പോഴും അത്ഭുതപ്പെട്ട് നിന്നുപോയിട്ടുണ്ട്. ബേസിലേട്ടനും ജോണിച്ചേട്ടനുമെല്ലാം ലൊക്കേഷനില്‍ നല്ല ധൈര്യമായിരുന്നു. 'പാല്‍തു ജാന്‍വറി'ലെ വേഷവും ഓഡിഷന്‍ വഴിയായിരുന്നു ലഭിച്ചത്. 'ജിബൂട്ടി' എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും കുടുംബത്തോടൊപ്പം തിയേറ്ററില്‍ തന്നെ പോയിക്കണ്ട് ആസ്വദിച്ച സിനിമ പാല്‍തുവാണ്.

'വേട്ടപ്പട്ടികളും ഓട്ടക്കാരും', നാല് വര്‍ഷമായി പെട്ടിയിലിരുന്ന സിനിമ

എന്റെ ആദ്യ സിനിമ. ഒരു പെണ്‍കുട്ടി അവളുടെ കന്യകാത്വം വില്‍പ്പനയ്ക്ക് വെയ്ക്കുന്നതും തുടര്‍ന്ന് സമൂഹം അവളില്‍ ഇടപെടുന്നതുമാണ് കഥാസാരം. ചിത്രീകരണം പൂര്‍ത്തിയായി നാല് വര്‍ഷത്തിന് ശേഷമാണ് ഐഎഫ്എഫ്‌കെയില്‍ സിനിമ എത്തിയത്. എങ്കിലും തിയേറ്ററില്‍ പ്രേക്ഷകന് പഴക്കം അനുഭവപ്പെടാതിരുന്നത് ചിലപ്പോള്‍ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടാവാം. ഈ സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കഥയുടെ പ്രത്യേകത കൊണ്ടുതന്നെ ഭയങ്കര ആകാംക്ഷയായിരുന്നു.

പക്ഷേ ഷൂട്ട് കഴിഞ്ഞ് കരുതിയപോലുളള റിലീസുണ്ടായില്ല. പല സാങ്കേതിക തടസങ്ങളും കാരണം റിലീസ് നീണ്ടുപോയി. ഐഎഫ്എഫ്‌കെയില്‍ സെലക്ഷന്‍ ഉണ്ടെന്ന് സംവിധായകന്‍ എന്നെ വിളിച്ച് പറയുമ്പോള്‍ ആ കഥ പോലും എനിക്ക് ഓര്‍മ്മയില്ലായിരുന്നു. കയ്യടികളും, ചിരിയും കൊണ്ട് തിയേറ്റര്‍ പ്രതികരണം മനസ് നിറച്ചു. ഐഎഫ്എഫ്‌കെ എന്നത് ഏതൊരു അഭിനേതാവും കൊതിക്കുന്ന വേദിയാണ്. അപ്രതീക്ഷിതമായി ഇത്തവണ ഗസ്റ്റായി എത്താന്‍ പറ്റിയത് വലിയ ഭാഗ്യമായി കാണുന്നു. രാരിഷ് ജി കുറുപ്പ് ആണ് രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരുന്നത്. സാങ്കല്‍പിക സംഭവങ്ങള്‍ ഇഴചേര്‍ത്ത് ഡോക്യുമെന്ററി രീതിയില്‍ അവതരിപ്പിച്ച മോക്യുമെന്ററി വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു ഇത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ