ENTERTAINMENT

നടി മാത്രമല്ല, മല്ലികാ സുകുമാരൻ ഒരു പാട്ടുമാണ്

രവി മേനോന്‍

കൈനിക്കര മാധവൻപിള്ളക്ക് വേണം നന്ദി പറയാൻ; മകൾക്ക് മോഹമല്ലിക എന്ന തേനൂറുന്ന പേരിട്ടതിന്. ആ പേരിൽ നിന്നാണല്ലോ ബിച്ചു തിരുമല - എം എസ് ബാബുരാജ് ടീമിന്റെ ആർദ്രമായ ഒരു പ്രണയഗാനത്തിന്റെ തുടക്കം.

"മോഹമല്ലികേ എന്റെ മനസ്സിൽ ഇന്നലെ വന്നു വിടർന്നു നീ, നിന്നിലെ മധുവായ് മണമായ് കുളിരായ് നിന്നിലലിഞ്ഞു കഴിഞ്ഞൂ ഞാൻ..." വെളിച്ചം കാണാതെ പോയ "സ്ത്രീധനം" (1975) എന്ന ചിത്രത്തിനു വേണ്ടി കെ പി ചന്ദ്രമോഹൻ എന്ന യുവഗായകൻ പാടിയ പ്രണയഗാനം.

പാട്ടിലെ മോഹമല്ലികയും നമ്മുടെ മല്ലികാ സുകുമാരനും ഒരാളാണെന്ന് പറഞ്ഞുതന്നത് ബിച്ചു തിരുമല തന്നെ. യാദൃച്ഛികമായി പിറന്ന വരികൾ. ഭരണി സ്റ്റുഡിയോയിൽ പാട്ടെഴുതാനിരിക്കുകയാണ് സിനിമയിൽ തുടക്കക്കാരനായ ബിച്ചു. മുന്നിൽ ഹാർമോണിയവുമായി ബാബുക്ക. മുൻപൊരു സിനിമക്ക് (ഭജഗോവിന്ദം,1972) ബിച്ചു പാട്ടെഴുതിയിട്ടുണ്ടെങ്കിലും പടം പുറത്തിറങ്ങിയില്ല. പാട്ട് ആരും കേട്ടതുമില്ല.

"ഭരണി സ്റ്റുഡിയോയിലിരുന്ന് പാട്ടിൻെറ പല്ലവിക്ക് വേണ്ടി തല പുകയ്ക്കുമ്പോഴാണ് ആ കാഴ്ച്ച കണ്ണിൽ പെട്ടത്. സ്റ്റുഡിയോയുടെ പുറത്തെ വഴിയിലൂടെ ഒരു സുന്ദരി നടന്നുപോകുന്നു. തിരുവനന്തപുരത്തു വച്ചേ പരിചയമുള്ള മുഖം, മോഹമല്ലിക. മുഖത്തോടൊപ്പം ആ പേരും പൊടുന്നനെ മനസ്സിൽ കയറിവന്നു," ബിച്ചുവിന്റെ വാക്കുകൾ. പ്രണയ സുഗന്ധമുള്ള പേരാണ്. പിന്നെ അധികനേരം വേണ്ടി വന്നില്ല പാട്ടിന്റെ പല്ലവി പിറക്കാൻ. ബാബുരാജ് ചിട്ടപ്പെടുത്തിയ "മോഹമല്ലികേ" അന്നു തന്നെ ചന്ദ്രമോഹന്റെ ശബ്ദത്തിൽ ഭരണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുന്നു.

സ്വന്തം പേരിൽ നിന്ന് ഒരു പാട്ടിന്റെ പല്ലവി ജനിച്ച കഥ മല്ലിക തന്നെ അറിഞ്ഞിരിക്കുമോ എന്ന് സംശയം. കാവ്യഭംഗിയാർന്ന പേരുകളിൽ വേണം മക്കൾ അറിയപ്പെടാൻ എന്നാഗ്രഹിച്ച (പ്രേമചന്ദ്രികയും രാഗലതികയുമാണ് മോഹമല്ലികയുടെ സഹോദരിമാർ) കൈനിക്കര മാധവൻ പിള്ളക്ക് നന്ദി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയിൽ മോഹമല്ലികയുടെ അരങ്ങേറ്റം -- മല്ലിക എന്ന പേരിൽ. പഴയ മോഹമല്ലികയെ ഇന്ന് നാം കണ്ടുമുട്ടുക ബിച്ചു-ബാബുരാജ് ടീമിന്റെ ഈ ഗാനത്തിൽ മാത്രം.

നല്ലൊരു ഗായിക കൂടിയാണ് മല്ലിക. തിരുവനന്തപുരത്തെ തണ്ടർബേർഡ്‌സ് പോലുള്ള ആദ്യകാല ഗാനമേളാ ഗ്രൂപ്പുകളുടെ ഭാഗമായിരുന്ന കലാകാരി. ഉള്ളിൽ നല്ലൊരു പാട്ടുകാരി ഉള്ളതിനാലാവണം സിനിമയിൽ മല്ലിക അഭിനയിച്ച ഗാനരംഗങ്ങൾ അവിസ്മരണീയമായത്. "അവളുടെ രാവുകളി"ലെ ഉണ്ണി ആരാരിരോ എങ്ങനെ മറക്കാൻ? സിനിമയിൽ മല്ലിക പാടി അഭിനയിച്ച ഏറ്റവും മികച്ച ഗാനരംഗം.

മല്ലികയെ ആദ്യമായി ഒരു ഗാനരംഗത്ത് കണ്ടത് "രാഗ"ത്തിലാവണം. വയലാർ-സലിൽ ചൗധരി ടീമിന് വേണ്ടി സുശീല പാടിയ "അമ്പാടി പൂങ്കുയിലേ" എന്ന ഗാനം പാടി അന്ധയായ ലക്ഷ്മിയുടെ കഥാപാത്രം നടന്നുപോകുമ്പോൾ ഒപ്പമുള്ള കൂട്ടുകാരിയെ നമ്മൾ ശ്രദ്ധിക്കാതെ പോവില്ല. അധികം വൈകാതെ നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഗാനരംഗത്ത് അഭിനയിക്കാനുള്ള ഭാഗ്യവും മല്ലികയെ തേടിയെത്തി.

ശശികുമാർ സംവിധാനം ചെയ്‌ത "അഭിമാന"ത്തിലെ "ഈ നീലത്താരക മിഴികൾ" എന്ന ഗന്ധർവഗാനം നസീറിനൊപ്പം പാടി അഭിനയിച്ച രണ്ടു നായികമാരിൽ ഒരാൾ മല്ലിക. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ഏതോ ഒരു സ്വപ്നത്തിലെ "ശ്രീപദം വിടർന്ന സരസീരുഹത്തിൽ" എന്ന ഗാനരംഗത്തുമുണ്ട് ഷീലയോടൊപ്പം ഭജൻ ഗായകമാരിലൊരാളായി മല്ലികയുടെ സാന്നിധ്യം.

തുടർന്ന് കുറച്ചു നല്ല "പാട്ടഭിനയ"ങ്ങൾ കൂടി. മല്ലികയെ കുറിച്ചുള്ള ഓർമ്മകൾക്കൊപ്പം മനസ്സിൽ വന്നു നിറയുന്ന രണ്ടു ഹിറ്റ് ഗാനങ്ങൾ ജയചന്ദ്രന്റെ ശബ്ദത്തിലാണ് നാം കേട്ടത്, ജയിക്കാനായ് ജനിച്ചവനിലെ"ചാലക്കമ്പോളത്തിൽ വെച്ച് നിന്നെ കണ്ടപ്പോൾ,'' കാത്തിരുന്ന നിമിഷത്തിലെ "കാറ്റിലോളങ്ങൾ കെസ്സു പാടും കല്ലായിക്കടവിൽ...'' രണ്ടു രംഗങ്ങളിലും മല്ലിക അഭിനയിക്കുന്നത് എം ജി സോമനോടൊപ്പം.

പാട്ടിനൊത്ത് ചുണ്ടനക്കുന്നില്ലെങ്കിലും "അവൾ വിശ്വസ്തയായിരുന്നു" എന്ന ചിത്രത്തിലുമുണ്ട് സോമന്റെ കൂടെ രസകരമായ ഒരു ഗാനരംഗം: പണ്ട് പണ്ടൊരു കുറുക്കൻ. മറ്റൊരു അസുലഭ ഭാഗ്യം കൂടി കൈവന്നു മല്ലികക്ക്. ഇശൈജ്ഞാനി ഇളയരാജ മലയാളത്തിൽ സ്വതന്ത്രമായി സംഗീത സംവിധാനം നിർവഹിച്ച ആദ്യചിത്രമായ "വ്യാമോഹ"ത്തിൽ സൽ‍മ ജോർജ്ജ് പാടിയ ഓരോ പൂവും വിരിയും എന്ന ഗാനം സിനിമയിൽ പാടി അഭിനയിച്ചത് മല്ലിക.

ഗായിക എന്ന നിലയിലുള്ള മല്ലികയുടെ പ്രതിഭാവിലാസം അധികം പ്രയോജനപ്പെടുത്താൻ ശ്രമിച്ചില്ല മലയാളസിനിമ എന്നതാണ് കൗതുകകരം. സിനിമാഗാനങ്ങളിൽ മല്ലികയുടെ ശബ്ദസാന്നിധ്യം "സരിത''യിൽ ജയചന്ദ്രൻ പാടിയ "ഓർമ്മയുണ്ടോ ഓർമ്മയുണ്ടോ... " എന്ന പാട്ടിനിടയിലെ "ഇല്ല, എനിക്കോർമ്മയില്ല..'' എന്ന മറുപടിയിലും തുടർന്നുള്ള ചിരിയിലുമൊതുങ്ങി.

മല്ലികയുടെ സിനിമായാത്ര അര നൂറ്റാണ്ട് പിന്നിടുമ്പോൾ ഈ പാട്ടുകളും അറിയാതെ ഓർമ്മയിൽ വന്നു നിറയുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും