സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും ചേർന്ന് നിർമ്മിച്ച 'ബി 32 മുതൽ 44 വരെ' ചിത്രത്തിന്റെ ടീസർ വീഡിയോ നടി മഞ്ജു വാര്യർ റിലീസ് ചെയ്തു. ശ്രുതി ശരണ്യമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് . സിനിമ - മാധ്യമ - സാംസ്കാരിക - രാഷ്ട്രീയ മേഖലകളിലുള്ള സ്ത്രീകൾ സമൂഹ മാധ്യമങ്ങളിലൂടെ ടീസർ പങ്കുവെച്ചു. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, റെയ്ന രാധാകൃഷ്ണൻ, കൃഷാ കുറുപ്പ് എന്നിവരാണ് വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെൺകഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സിയാ എന്ന കഥാപാത്രമായി അനാർക്കലി മരിക്കാറും, ഇമാനായി സരിൻ ഷിഹാബും, നിധിയായി റെയ്ന രാധാകൃഷ്ണൻ, ജയയായി അശ്വതി ബി, റേച്ചൽ ആയിട്ട് കൃഷാ കുറുപ്പ് എന്നിവരാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻസ്വീകാര്യത ലഭിച്ചിരുന്നു. ഏപ്രിൽ 6 ന് ചിത്രം തീയേറ്ററുകളിൽ എത്തും.
അഞ്ച് സംവിധാനസഹായികൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ലഭിച്ച ഫണ്ടിനോട് പൂർണമായും നീതി പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരമാവധി സ്ത്രീകളെ ചിത്രത്തിന്റെ ഭാഗമാക്കിയതെന്നാണ് സംവിധായികയും, രചയിതാവുമായ ശ്രുതി ശരണ്യം വ്യക്തമാക്കിയത്. ചലച്ചിത്ര അക്കാദമിയുടെ ആലപ്പുഴ വനിതാ ചലച്ചിത്ര മേളയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സ്പെയിനിലെ ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സജിൻ ചെറുകയിൽ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുദീപ് എളമൺ ഛായാഗ്രഹണം. സംഗീതം സുദീപ് പാലനാട്.