ENTERTAINMENT

നടി ഷീല പറയുന്നു, ആ അപൂർവ "വൈറൽ" ചിത്രത്തിന്റെ കഥ

രവി മേനോന്‍

സാമൂഹ്യ മാധ്യമങ്ങളിൽ ആ പഴയ ചിത്രം കറങ്ങിനടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മലയാളത്തിലെ മുൻനിര നടീനടന്മാരും സംവിധായകരും നിർമ്മാതാക്കളും ഗായകരും മറ്റു സാങ്കേതിക വിദഗ്ദ്ധരും ചേർന്ന ഒരു അപൂർവ സംഗമത്തിന്റെ അനശ്വരമായ ഓർമ്മച്ചിത്രം.

മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രതിഭകളുടെ ആ കൂട്ടായ്മയിൽ നിന്ന് ഇന്ന് നമുക്കൊപ്പമുള്ളത് മധുവും ഷീലയും അംബികയും യേശുദാസും എസ് ജാനകിയും ഉൾപ്പെടെ അപൂർവം പേർ മാത്രം. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ ഫോട്ടോ പിറന്നുവീണ സാഹചര്യവും പശ്ചാത്തലവും മിക്കവർക്കും കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല എന്നത് സ്വാഭാവികം. പ്രായം എൺപതുകളിലോ എൺപതുകളുടെ പടിവാതിലിലോ എത്തിനിൽക്കുന്നവരാണല്ലോ അധികവും.

1960 കളിലെ മലയാള സിനിമയുടെ ഒരു ക്രോസ് സെക്ഷൻ തന്നെയുണ്ട് കംപ്യൂട്ടറിന്റെ സഹായത്തോടെ വർണ്ണചിത്രമായി മാറിയ ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ

ഓർത്തെടുത്തത് ഷീലയാണ്. അഞ്ചരപതിറ്റാണ്ടു മുൻപ് ആ ചിത്രം ക്യാമറയിൽ പതിഞ്ഞ നിമിഷത്തിന്റെ മങ്ങിയ ഓർമ്മകൾ ഷീല പങ്കുവെച്ചതിങ്ങനെ: "1967 ലോ 68 ലോ ആവണം. സിനിമാ പ്രവർത്തകരുടെ ഒരേയൊരു സംഘടനയായ മലയാള ചലച്ചിത്ര പരിഷത്തിന് ചെന്നൈയിൽ ഒരു ഓഫീസ് കെട്ടിടം നിർമ്മിക്കാനുള്ള പണം സ്വരൂപിക്കാൻ വേണ്ടി കേരളത്തിൽ പല സ്ഥലങ്ങളിലായി താരനിശകൾ സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു. അതിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ എടുത്ത പടമാണത്. "- ഷീലയുടെ വാക്കുകൾ.

അസോഷ്യേറ്റ് വാസു സാർ 'ടി ഇ വാസുദേവൻ' ആണ് അന്ന് പരിഷത്തിന്റെ തലപ്പത്ത് എന്നാണോർമ്മ. മറ്റു ഭാഷയിലെ സിനിമാ പ്രവർത്തകർക്ക് സ്വന്തമായി സംഘടനകളുണ്ട്. മലയാള സിനിമയ്ക്കും അതുപോലൊരു കൂട്ടായ്‌മ വേണം എന്ന ആശയമായിരുന്നു 1966 ൽ പരിഷത്തിന് രൂപം നല്കാനുള്ള പ്രചോദനം. സംഘടനക്ക് ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് അന്നത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന കെ ആർ ഗൗരിയമ്മ നൽകിയ പിന്തുണ മറക്കാനാവില്ലെന്ന് പറയുന്നു ഷീല.

അമ്മയും മാക്ടയും ഫെഫ്‌കയുമൊക്കെ രംഗത്തെത്തും വരെ മലയാള സിനിമയിലെ ഒരേയൊരു ആധികാരിക സംഘടനയായിരുന്ന പരിഷത്ത്

യേശുദാസ്, ജാനകി എന്നിവരുടെ ഗാനമേള, അംബികയുടേയും സുകുമാരിയുടെയും ശാസ്ത്രീയ നൃത്തം, പ്രമുഖ നടീനടന്മാർ അഭിനയിച്ച ചെറു നാടകങ്ങൾ ഒക്കെയായിരുന്നു താരനിശകളിലെ മുഖ്യ ഇനങ്ങൾ. കേരളത്തിൽ അന്നതൊരു പുതുമയായിരുന്നു. സ്വാഭാവികമായും പരിപാടികൾക്ക് വൻ സദസ്സുകളെ ആകർഷിക്കാൻ പറ്റി. ബസ്സുകളിലായിരുന്നു പരിപാടിക്കായി പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ യാത്ര. അന്ന് ശേഖരിച്ച പണം കൊണ്ട് ടി നഗറിൽ വാങ്ങിയ ഭൂമിയിലാണ് പരിഷത്തിന്റെ ആസ്ഥാനം ഉയർന്നതെന്ന് ഓർക്കുന്നു ഷീല. വലിപ്പച്ചെറുപ്പമില്ലാതെ സിനിമാരംഗത്തെ എല്ലാവർക്കും അംഗമാകാൻ കഴിഞ്ഞ സംഘടനയാണ് പരിഷത്ത്. അമ്മയും മാക്ടയും ഫെഫ്‌കയുമൊക്കെ രംഗത്തെത്തും വരെ മലയാള സിനിമയിലെ ഒരേയൊരു ആധികാരിക സംഘടനയായിരുന്ന പരിഷത്ത് ഇന്നും സജീവമായി നിലനിൽക്കുന്നു. "ദുരിതമനുഭവിക്കുന്ന എത്രയോ സിനിമാപ്രവർത്തകർക്ക് സാമ്പത്തികമുൾപ്പെടെയുള്ള സഹായങ്ങൾ നൽകാൻ പരിഷത്തിന് കഴിഞ്ഞു. ആ നിലക്ക് പരിഷത്തിന് നമ്മുടെ സിനിമാ ചരിത്രത്തിൽ നിർണ്ണായക പ്രാധാന്യമുണ്ട്."

1960 കളിലെ മലയാള സിനിമയുടെ ഒരു ക്രോസ് സെക്ഷൻ തന്നെയുണ്ട് കംപ്യൂട്ടറിന്റെ സഹായത്തോടെ വർണ്ണചിത്രമായി മാറിയ ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ. സത്യൻ, പ്രേംനസീർ, അടൂർ ഭാസി, തിക്കുറിശ്ശി, കോട്ടയം ചെല്ലപ്പൻ, ജോസ് പ്രകാശ്, ബഹദൂർ, പി എ തോമസ്, മുതുകുളം, എസ് പി പിള്ള, കൊട്ടാരക്കര ശ്രീധരൻ നായർ, ജി കെ പിള്ള, കെ പി ഉമ്മർ, പി ഭാസ്കരൻ, സുകുമാരി, അടൂർ പങ്കജം തുടങ്ങി നിരവധി പേർ. അധികമാളുകളും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് ഷീലയുടെ സ്വകാര്യ ദുഃഖം. "വലിപ്പച്ചെറുപ്പമില്ലാതെ, താരമെന്നോ സാങ്കേതിക വിദഗ്ദ്ധനെന്നോ നിമ്മാതാവെന്നോ ഉള്ള ഭേദമില്ലാതെ ഒരു കുടുംബം പോലെ ഒരുമിച്ചു കഴിഞ്ഞ കാലത്തിന്റെ മരിക്കാത്ത ഓർമ്മ കൂടിയാണ് ഈ ചിത്രം."

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?