ENTERTAINMENT

'അടി'പതറിയ ആൺവിചാരം

സജീവ് നായരെ പോലൊരാൾക്ക് ഭാര്യയുടെ വാക്ക് കേട്ട് മനം മാറ്റം സാധ്യമാണെന്ന് വിശ്വസിക്കുക അസാധ്യം

സുല്‍ത്താന സലിം

ആൺ അഹന്തയ്ക്കുമേൽ വീഴുന്ന ഓരോ തല്ലും ഭാവിയിൽ ഉണ്ടാക്കാനിടയുളള മനസമാധാനക്കേടിന്റെ ദൃശ്യാവിഷ്കാരമാണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത് വിഷു റിലീസായെത്തിയ 'അടി'. ‘ഇഷ്ക്’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് രതീഷ് രവി ആണ് ‘അടി’യുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഇഷ്കി'ന്റെ പ്രമേയത്തോട് ഏകദേശം അടുത്തുനിൽക്കുന്ന കഥാഗതി തന്നെയാണ് അടിയുടേതും. പക്ഷേ 'ഇഷ്ക്' പോലെ 'അടി' കൊള്ളേണ്ടിടത്ത് കൊണ്ടോ?

സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കണക്കാക്കുന്ന അബദ്ധ പുരുഷ വിചാരങ്ങളിലാണ് സജീവൻ നായരെപ്പോലുളള വ്യക്തികൾ ജീവിക്കുന്നത്. അങ്ങനെ ഒരാൾക്ക് അത്ര എളുപ്പം ഭാര്യയുടെ വാക്ക് കേട്ട് മനം മാറ്റം സാധ്യമാണെന്ന് വിശ്വസിക്കുക അസാധ്യം.

മലയാള സിനിമകളിലെ തല്ലും തല്ലിന്മേൽ തല്ലും ഒട്ടും പുതിയ കാര്യമല്ല. 'മഹേഷിന്റെ പ്രതികാര'വും 'തല്ലുമാല'യും പോലെ ആത്മാഭിമാനത്തിനേറ്റ മുറിവുണക്കാൻ നടക്കുന്ന നായകന്മാരുടെ കഥ ഒരുപാട് വന്നിട്ടുള്ളതാണ്. 'അവനെ തിരിച്ചുതല്ലിയില്ലെങ്കിൽ പിന്നെന്തിന് ഞാൻ മീശയും വച്ച് ആണാണെന്ന് പറഞ്ഞ് നടക്കുന്നു!' എന്നൊരു പുരുഷന് തോന്നുന്നതിലെ പ്രശ്നമാണ് 'അടി'യിലൂടെ പറയാൻ ഉദ്ദേശിച്ചിട്ടുളളത്.

സജീവ് നായരെന്ന നന്ദുവിനെ അയാളുടെ കല്യാണദിവസം വധുവിന്റെ മുന്നിൽ വച്ച് കുറച്ചുപേർ തല്ലി അവശനാക്കുന്നു. ആ സമയം പ്രതികരിക്കാനാവാതെ പോയ സജീവ് നായർക്കത് ശരീരവേദനയ്ക്ക് അപ്പുറം വലിയൊരു നാണക്കേടായി മാറുന്നു. തല്ലുകൊള്ളാൻ മാത്രമല്ല, കൊടുക്കാനും അറിയാവുന്ന 'ഒന്നാന്തരം ആണാണ്' താനെന്ന് ഭാര്യയെ ബോധ്യപ്പെടുത്തലാണ് പിന്നീട് സിനിമയിലുടനീളം സജീവന്റെ ടാസ്ക്. തല്ലാനറിയാത്ത ആണ് ഒന്നിനും കൊള്ളാത്തവനാണെന്ന സജീവന്റെ തെറ്റിദ്ധാരണയെ ഒടുവിൽ അത്യന്തം നാടകീയമായൊരു ക്ലൈമാക്സിലൂടെ ഭാര്യ ​ഗീതിക തിരുത്തുന്നതുമാണ് സിനിമ.

'ഇഷ്കി'ലെ കഥാപാത്രങ്ങളുടെ വൈകാരിക സഞ്ചാരത്തിൽ പ്രേക്ഷകനും എളുപ്പം കയറിക്കൂടാൻ കഴിഞ്ഞിരുന്നു. ക്ലൈമാക്സിൽ 'ഇഷ്കി'ന് സമാനമായ പാറ്റേൺ തന്നെ 'അടി'യിലും പിന്തുടരുമ്പോഴും സാഹചര്യത്തിലും സംഭാഷണത്തിലും അനുഭവപ്പെട്ട അതിനാടകീയതയാണ് 'അടി'യെ വീഴ്ത്തുന്നത്. തിരക്കഥയിൽ വേണ്ടത്ര വ്യക്തത കൊടുക്കാൻ രതീഷ് രവിക്ക് കഴിഞ്ഞിട്ടില്ല. കഥാപാത്രങ്ങൾക്ക് കൃത്യമായൊരു വ്യക്തിത്വം രൂപപ്പെടുത്താനുമായില്ല.

സ്ത്രീകളെ തരം താണവരായും അധീനപെട്ടവരായും കണക്കാക്കുന്ന അബദ്ധ പുരുഷവിചാരങ്ങളിലാണ് സജീവൻ നായരെപ്പോലുളള വ്യക്തികൾ ജീവിക്കുന്നത്. കല്യാണസമ്മാനമായി ആരോ വരച്ചുകൊടുത്ത കാരിക്കേച്ചർ കണ്ട് അയാൾ ബേജാറാകുന്നതും ഈ ഉൾവിചാരം കൊണ്ടാണ്. അങ്ങനെ ഒരാൾക്ക് അത്ര എളുപ്പം ഭാര്യയുടെ വാക്ക് കേട്ട് മനം മാറ്റം സാധ്യമാണെന്ന് വിശ്വസിക്കുക അസാധ്യം. ഒട്ടും പ്രായോ​ഗികമല്ലാത്ത ക്ലൈമാക്സ് എഴുത്ത് തന്നെയാണ് 'അടി' പറയാനുദ്ദശിച്ച രാഷ്ട്രീയത്തെ വിപരീത ഫലത്തിലേയ്ക്ക് എത്തിക്കുന്നത്. സജീവ് നായർ അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയിൽ നിന്ന് മാറി ഒടുവിൽ പറയുന്ന ഒരു വാക്യമുണ്ട്. 'എന്റെ കുടുംബത്തെ നോക്കാൻ എന്റെ പെണ്ണിനറിയാം'. സാഹചര്യം കൃത്യമായി മനസിലാക്കിയിട്ടാണോ സജീവ് അങ്ങനെ പറയുന്നത്? സിനിമയുടെ ഒടുക്കവും സജീവ് നായർ എന്ന കഥാപാത്രത്തെ പ്രേക്ഷകൻ ഇത്തരത്തിൽ സംശയിക്കുന്ന അവസ്ഥയാണെങ്കിൽ 'അടി'പതറാൻ ഇതിൽ കൂടുതൽ എന്ത് വേണം!

സജീവ് നായരെ ഷൈൻ ആക്കാതിരിക്കാൻ ഷൈൻ ടോം ചാക്കോ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഒരു പരിധി വരെ ആ ശ്രമം വിജയിച്ചിട്ടുമുണ്ട്. സിനിമ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നതിൽ അഹാനയുടെ ​ഗീതികയ്ക്ക് വലിയ പങ്കുണ്ട്. പുതുമോടിയിലുളള രണ്ടുപേരുടെ കല്യാണശേഷമുളള ആദ്യ കുറച്ച് ദിവസങ്ങളിൽ അവരെങ്ങനെ പരസ്പരം പെരുമാറുന്നു എന്നതെല്ലാം ഭംഗിയായി തന്നെ ചിത്രത്തിന്റെ ആദ്യ പകുതിയിൽ കാണാം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും തെറ്റില്ലാത്ത പ്രകടനങ്ങൾ തന്നിട്ടുണ്ട്.

ധ്രുവൻ ചെയ്ത വെള്ളപ്പട്ടരാണ് മറ്റൊരു പ്രധാന കഥാപാത്രം. തല്ലുണ്ടാക്കി അസഭ്യം പറഞ്ഞുനടക്കുന്ന കോളനി പിള്ളേരായാണ് വെള്ളപ്പട്ടരെയും സുഹൃത്തിനേയും കാണിച്ചിരിക്കുന്നത്. അവരുമായുളള തല്ലിനിടയിലാണ് സജീവ് നായർ കുഴപ്പത്തിലാവുന്നതും. ആൺകോയ്മയ്ക്ക് എതിരായ രാഷ്ട്രീയം പറയുന്ന സിനിമയിൽ വില്ലന് സമാനമായ റോൾ കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങൾക്ക് എന്തുകൊണ്ട് കോളനി പശ്ചാത്തലം നൽകി എന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. അസഭ്യം കേട്ട് മടുത്ത് നിൽക്കുന്ന കാമുകി തിരിച്ച് പട്ടരെ നോക്കി തെറി പറഞ്ഞപ്പോഴാണ് പട്ടരിലെ ഈ​ഗോ വർക്കാവുന്നത്. 'അവളെന്നെ തെറി വിളിച്ചു' എന്ന് പറയുന്ന പട്ടര്, 'അതും ഒരു പെണ്ണ്' എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്. അയാളെ അസ്വസ്ഥനാക്കുന്ന കാര്യം അയാളിലെ പൗരുഷബോധമാണെന്ന് പ്രേക്ഷകനെ മനസിലാക്കിക്കൊടുക്കാൻ ഇത്രയും ആവർത്തനങ്ങളുടെ ആവശ്യമുണ്ടോ എന്ന് തോന്നിപ്പോകും. ഒന്നും രണ്ടും മൂന്നും തവണയല്ല, ഡയലോ​ഗിലെ ഈ എണ്ണമില്ലാത്ത ആവർത്തനങ്ങൾ സിനിമയിൽ പല സമയങ്ങളിലായി കാണാം.

ഓർത്തിരിക്കാൻ പോന്ന ഈണങ്ങൾ അല്ലെങ്കിലും സിനിമയ്ക്ക് കാഴ്ചാസുഖം തരുന്നതായിരുന്നു ​ഗോവിന്ദ് വസന്ദയുടെ സം​ഗീതം. ഫൈസൽ സിദ്ദീഖിന്റെ ക്യാമറയും നൗഫൽ അബ്ദുളളയുടെ എഡിറ്റിങ്ങും സാങ്കേതികപരമായി സിനിമയെ മികച്ചതാക്കുന്നുണ്ട്. എങ്കിലും തുടക്കം മുതൽ ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങൾക്കും ഡബ്ബിങ്ങിനൊത്ത ചുണ്ടനക്കം സാധ്യമാവാത്തതുപോലെയും അനുഭവപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ