ENTERTAINMENT

വിവാദ സംഭാഷണങ്ങൾ വെട്ടിമാറ്റി, ടിക്കറ്റ് നിരക്ക് കുറച്ചു; എന്നിട്ടും ആദിപുരുഷിന് രക്ഷയില്ല

ചിത്രം ആദ്യ ദിവസം 140 കോടി രൂപ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു.

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രഭാസ് നായകനായെത്തിയ ആദിപുരുഷിന്റെ കളക്ഷൻ ഇടിഞ്ഞെന്ന് റിപ്പോർട്ടുകൾ. ഓം റൗട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന് ആദ്യ ദിവസം മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നെ അത് തുടരാനായില്ല. 500 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് നിലവിൽ ഏകദേശം 277 കോടി രൂപയാണ് ലഭിച്ചതെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

പ്രഭാസ് , കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഈ വിമർശനങ്ങളെയൊക്കെ അസ്ഥാനത്താക്കിക്കൊണ്ട് ആദ്യ ദിവസം ചിത്രം റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. രാമായണത്തെ ആസ്പദമാക്കിയുള്ള ഇതിഹാസ പുരാണ ബിഗ് ബജറ്റ് ചിത്രം ഒറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമായി 140 കോടി രൂപയാണ് നേടിയത്.

ആദ്യവാരാന്ത്യം ഹിന്ദി പതിപ്പിന് 113 കോടി രൂപ നേടിയ ചിത്രം മോശം പ്രതികരണങ്ങൾ പുറത്ത് വന്നതോടെ പുറകോട്ട് പോവുകയായിരുന്നു. ഹിന്ദി പതിപ്പിന് കഴിഞ്ഞ ദിവസം 1.75 കോടി രൂപ മാത്രമാണ് നേടനായതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്സിന്റെ റിപ്പോർട്ട്. ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 150 കോടി രൂപയിൽ താഴെ ലഭിക്കാനാണ് സാധ്യത. എന്നാൽ, 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 450 കോടി ഗ്രോസ് നേടിയെന്ന് നിര്‍മ്മാതാക്കളുടെ അവകാശവാദം. അതേസമയം, മണി കൺട്രോളിലെ ഒരു റിപ്പോർട്ട് പ്രകാരം ആദിപുരുഷ് മൊത്തത്തിൽ 200 കോടിയുടെ നഷ്ടം നേരിടുമെന്നാണ്. മനോജ് മുൻതാഷിർ എഴുതിയ സംഭാഷണങ്ങളിലെ വിവാദങ്ങൾക്ക് പിന്നാലെ സംഭാഷണങ്ങൾ നിർമ്മാതാക്കൾ മാറ്റുകയും ടിക്കറ്റ് നിരക്ക് 150 രൂപയായി കുറയ്ക്കുകയും പിന്നീട് 112 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഈ ഓഫർ നിർമാതാക്കൾ കൊണ്ടുവന്നത്.

ചിത്രം തിയറ്ററുകളിലെത്തിയതിന് പിന്നാലെ മോശം കമന്റകളാണ് കൂടുതലും കേട്ടത്. കൂടാതെ, ചിത്രത്തിലെ സംഭാഷണങ്ങളെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരുന്നു. രാമായണത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ചെന്നാണ് ആരോപണം. ചിത്രത്തില്‍ ഹനുമാന്റെ സംഭാഷണങ്ങളെ ചൂണ്ടിക്കാണിച്ചാണ് പ്രധാനമായും ആരോപണം ഉയർന്നത്.

ഇതോടെ രാധേ ശ്യാമിനും സാഹോയ്ക്കും ശേഷം പ്രഭാസിന്റെ തുടർച്ചയായ മൂന്നാമത്തെ പരാജയ ചിത്രമായി ആദിപുരുഷ് മാറുകയാണ്. താരത്തിന്റെ ബാഹുബലി: ദി ബിഗിനിംഗ്, അതിന്റെ തുടർച്ചയായ എത്തിയ ബാഹുബലി 2: ദി കൺക്ലൂഷന്റെ ബോക്‌സ് ഓഫീസ് തരം​ഗം പിന്നെ വന്ന ചിത്രങ്ങൾക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാറാണ് പ്രഭാസിന്റെ ഇനി വരാനിരിക്കുന്ന ചിത്രം. സെപ്റ്റംബറിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം