പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും വ്യാപകമായതോടെ പ്രതികരണവുമായി സംവിധായകന്‍ ഓം റൗട്ട് രംഗത്ത്. ടീസറിനോടുള്ള ജനങ്ങളുടെ പ്രതികരണം ഹൃദയം തകര്‍ക്കുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. ടീസര്‍ മൊബൈല്‍ ഫോണില്‍ കാണുന്നതിനാലാണ് പൂര്‍ണതയോടെ ആസ്വദിക്കാനാവാത്തത്. തീയേറ്ററിന് വേണ്ടി നിര്‍മിച്ച സിനിമയാണ് ആദിപുരുഷ് . ത്രീഡി എക്സ്പീരിയന്‍സില്‍ ആസ്വദിക്കുമ്പോള്‍ അത് മനസിലാകുമെന്നും ഓം റൗട്ട് വ്യക്തമാക്കി. കാര്‍ട്ടൂണ്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ടീസറിലെ ഗ്രാഫിക്‌സ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ട്രോളുകള്‍ തുടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്തത് തങ്ങളല്ലെന്ന് അറിയിച്ച് പ്രമുഖ വിഎഫ്എക്സ് കമ്പനി എന്‍.വൈ വിഎഫ്എക്‌സ് വാലാ രംഗത്തെത്തിയിരുന്നു. ചിത്രത്തിനായി വിഎഫ്എക്സ് ഒരുക്കിയത് അജയ് ദേവ്ഗണിന്റെ കമ്പനിയായ എന്‍.വൈ വിഎഫ്എക്‌സ് വാലായാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണം.
ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമാണ് വേഷമിടുന്നത്. ഐമാക്സ് 3ഡി ഫോര്‍മാറ്റില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം 2023 ജനുവരി 12ന് തിയേറ്ററുകളിലെത്തും.