ENTERTAINMENT

ആദിപുരുഷിന്റെ എച്ച്ഡി തമിഴ് പതിപ്പ് ഇന്റർനെറ്റിൽ; ചോർന്നത് ഒടിടി റിലീസിന് മുൻപ്

മോശം വിഎഫ്എക്സ് മൂലം ചിത്രത്തിന്റെ ടീസർ ഉൾപ്പെടെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇതിഹാസ ചിത്രം ആദിപുരുഷിന്റെ എച്ച്ഡി പതിപ്പ് ചോർന്നു. നിലവിൽ തിയേറ്റേറുകളിലുള്ള ചിത്രം ഓഗസ്റ്റിൽ ഒടിടിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെയാണ് എച്ച്ഡി വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പൈറേറ്റഡ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രധാന രംഗങ്ങൾ ട്രോൾ രൂപത്തിലും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജൂൺ 13 ന് റിലീസ് ചെയ്ത ആദിപുരുഷ് ബോക്സ് ഓഫീസിൽ വലിയ പരാജയം നേരിടുന്നതിനിടയിൽ വ്യാജ പതിപ്പ് കൂടി പ്രചരിക്കുന്നത് കനത്ത തിരിച്ചടിയാവുകയാണ്

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് ആദിപുരുഷ്. 500 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി ബോളിവുഡ് താരം സെയ്ഫ് അലിഖാനുമാണ് വേഷമിട്ടത്. സീതയായി കൃതി സനോൺ ആണ് വേഷമിട്ടത്. മോശം വിഎഫ്എക്സ് മൂലം ചിത്രത്തിന്റെ ടീസർ ഉൾപ്പെടെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ശേഷം ചിത്രത്തിലെ മോശം സംഭാഷണങ്ങളേയും അവതരണരീതിയെയും വിമർശിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു.

ഹിന്ദി,തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ആദിപുരുഷ് പ്രദർശനനത്തിനെത്തിയത്. തിയേറ്ററുകളിൽ ചിത്രം വലിയ പരാജയമായിരുന്നു. മുടക്കുമുതൽ തിരികെ ലഭിച്ചെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദമെങ്കിലും 17 ദിവസം കൊണ്ട് 285 കോടി രൂപയാണ് ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.

മനോജ് മുൻതാഷിർ എഴുതിയ സംഭാഷണങ്ങളിലെ വിവാദങ്ങൾക്ക് പിന്നാലെ സംഭാഷണങ്ങൾ നിർമ്മാതാക്കൾ മാറ്റുകയും ടിക്കറ്റ് നിരക്ക് 150 രൂപയായി കുറയ്ക്കുകയും പിന്നീട് 112 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാവുകയും ചെയ്തിരുന്നു. എന്നിട്ടും തിയേറ്ററുകളിൽ പച്ച പിടിക്കാൻ ആദി പുരുഷിന് സാധിച്ചിരുന്നില്ല.

ചിത്രം രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹിന്ദു സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ചിത്രം ഹിന്ദു ദൈവങ്ങളെ വികൃതമായി ചിത്രീകരിച്ചതിനാൽ അത് നിരോധിക്കണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യയിലെ സന്യാസിമാരും രംഗത്ത് വന്നു. ചിത്രത്തെക്കുറിച്ചുള്ള വിവിധ ഹർജികൾ പരിഗണിച്ച അലഹബാദ് ഹൈക്കോടതി നിർമാതാക്കളെ രൂക്ഷമായി വിമർശിച്ചിരുന്നു. വിശുദ്ധഗ്രന്ഥങ്ങളായ രാമായണം, ഖുറാൻ, ബൈബിൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ എന്തിനാണ് സിനിമകൾ നിർമിക്കുന്നതെന്ന് അലഹാബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് ചോദിച്ചു. കോടതി വിമർശനവും ആദിപുരിഷിന്റെ പരാജയത്തിന് ആക്കം കൂട്ടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ