മോഹൻലാൽ നായകനായ 'നേര്' സിനിമ കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. ചിത്രത്തിനെ കുറിച്ച് ട്രോളുകൾ വന്നപ്പോഴാണ് സ്‌കെച്ച് ആർട്ടിസ്റ്റ് എന്ന ചിത്രം കാണുന്നതെന്ന് ശാന്തി മായാദേവി ദ ഫോർത്തിനോട് പ്രതികരിച്ചു.
അന്ധയായ കുട്ടി എങ്ങനെ പെരുമാറുമെന്ന് മനസിലാക്കാൻ നിരവധി റഫറൻസുകൾ എടുത്തിട്ടുണ്ടെന്നും ശാന്തി ദ ഫോർത്തിനോട് പറഞ്ഞു. ഒരേ സ്വഭാവത്തിലുള്ള ചിത്രങ്ങൾ എടുക്കുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള സാമ്യങ്ങൾ കാണാനാകും. ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും ശാന്തി പറഞ്ഞു.
ചിത്രത്തെ വിമർശിക്കുന്നവർ സ്‌കെച്ച് ആർട്ടിസ്റ്റ് എന്ന ചിത്രം മുഴുവൻ കാണണമെന്നും ശാന്തി ആവശ്യപ്പെട്ടു. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് കളക്ഷൻ റെക്കോർഡുമായി മുന്നേറുകയാണ്. പത്ത് ദിവസം കൊണ്ട് 50 കോടി രൂപയ്ക്കടുത്താണ് ചിത്രം തീയേറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും റെക്കോർഡ് ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദ സ്‌കെച്ച് ആർട്ടിസ്റ്റ് 2 എന്ന ചിത്രത്തിലെ സീനുകളുമായി ബന്ധപ്പെടുത്തി നേര് സിനിമ കോപ്പിയടിയാണെന്ന് ആരോപണം ഉയർന്നത്.
ടെലിവിഷന് വേണ്ടി 1995 ൽ നിർമിച്ച ചിത്രമായിരുന്നു സ്‌കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് സീ. മൈക്കൽ ആഞ്ചലി എഴുതി ജാക്ക് ഷോൾഡർ സംവിധാനം ചെയ്ത ചിത്രത്തിൽ ജെഫ് ഫാഹിയും കോർട്ടെനി കോക്‌സും ആയിരുന്നു അഭിനയിച്ചത്.
ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച നേരിൽ അഡ്വ വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചത് അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്.
സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.