റിലീസിന് പിന്നാലെ തമിഴ്‌നാട്ടിൽ കളക്ഷൻ റെക്കോർഡുകളുമായി കുതിച്ച് മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്'. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഒരു കോടി രൂപയിൽ അധികമാണ് ചിത്രം കളക്ട് ചെയ്തത്.
കർണാടകയിൽ നിന്ന് നാല് ദിവസം കൊണ്ട് 1.79 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 1.15 കോടി രൂപയുമാണ് ചിത്രം നേടിയത്. പ്രേമം സിനിമ ഇരു സംസ്ഥാനങ്ങളിലും ഉണ്ടാക്കിയ ഓളത്തിന് സമാനമാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' തീയേറ്റർ കളക്ഷനിൽ ഉണ്ടാക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.
ചിത്രം നാല് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 14.8 കോടി രൂപയാണ് കളക്ട് ചെയ്തത്. നേരത്തെ ചിത്രത്തെ അഭിനന്ദിച്ച് നടനും നിർമാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.
''മഞ്ഞുമ്മൽ ബോയ്സ് കണ്ടു. ജസ്റ്റ് വാവ്! ഡോൺഡ് മിസ് ഇറ്റ് ! ടീമിന് അഭിനന്ദനങ്ങൾ,'' എന്നായിരുന്നു ഗോകുലം മൂവീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ ഉദയനിധി പറഞ്ഞത്. 'ജാനേമൻ' എന്ന സിനിമയ്ക്കുശേഷം ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' 'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തു ടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ പറയുന്നത്.
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.