തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമാന സംഭവത്തിന് ഇരയായി ബോളിവുഡ് താരം കത്രീന കൈഫും. കത്രീനയുടെ ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗർ 3 യിലെ ലൊക്കേഷൻ ദൃശ്യങ്ങളാണ് എ ഐ ഉപയോഗിച്ച് ഡീപ് ഫേക്ക് ദൃശ്യങ്ങളാക്കിയിരിക്കുന്നത്.
ചിത്രത്തിലെ നിർണായക രംഗങ്ങളിൽ ഒന്നായ ബാത്ത്ടവൽ ഫൈറ്റിന്റെ ദൃശ്യങ്ങളാണ് ഡീപ് ഫേക്കിനായി ഉപയോഗിച്ചിരിക്കുന്നത്. എ ഐ ഉപയോഗിച്ച് ടവൽ ഒഴിവാക്കിയ ശേഷം വെള്ളി ബിക്കിനിയിൽ നെക്ക് ലെസ് ആയി കത്രീന കൈഫിനെ ഡീപ് ഫേക് ആയി നിർമിക്കുകയായിരുന്നു.
നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഡീപ്‌ഫേക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ ആശങ്കയറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സെലിബ്രേറ്റിയായ സാറപട്ടേലിന്റെ വീഡിയോയുടെ തല മാറ്റിയായിരുന്നു രശ്മികയുടെതായി എത്തിയത്.
വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും കൂടുതൽപ്പേർ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയിൽ പ്രശ്നത്തെ നേരിടണമെന്നും രശ്മിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമിതാഭ് ബച്ചനടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
അതേസമയം ഡീപ്‌ഫേക്ക് വിവാദം ശക്തമായതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കേണ്ട ബാധ്യത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്താണ് ഡീപ് ഫേക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജമായി നിർമിക്കുന്ന ചിത്രങ്ങളോ വീഡിയോയോ ശബ്ദ ഫയലുകളെയോ ആണ് ഡീപ്‌ഫേക്ക് എന്ന് പറയുന്നത്. നിലവിലുള്ള ചിത്രങ്ങളോ വീഡിയോകളോ മറ്റൊരാളുടെത് ആക്കി മോർഫ് ചെയ്യുന്നതിനും ഈ ടൂൾ ഉപയോഗിക്കാൻ പറ്റും. കുറ്റകൃത്യങ്ങൾക്കും ഇപ്പോൾ ഡീപ്‌ഫേക്ക് വീഡിയോകൾ ഉപയോഗിക്കുന്നുണ്ട്.