ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ നാളെ അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ പ്രദർശിപ്പിക്കും. ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ സ്ക്രീനിങ് ആയിരിക്കും നാളെ നടക്കുക എന്നും ടിക്കറ്റുകൾ എല്ലാം വിറ്റുപോയതായും അണിയറ പ്രവർത്തകർ ട്വിറ്ററിൽ അറിയിച്ചു. പ്രദർശനത്തിന് ശേഷം പ്രേക്ഷകർക്ക് ചിത്രത്തെ കുറിച്ച് ചോദ്യം ചോദിക്കാനുള്ള അവസരവുമുണ്ടാകും. സംവിധായകൻ എസ് എസ് രാജമൗലി, സംഗീത സംവിധായകൻ എം എം കീരവാണി നടൻ രാം ചരൺ എന്നിവരാണ് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി നൽകുക
ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ചിത്രം ലോസ് ആഞ്ചൽസിൽ പ്രദർശിപ്പിക്കുന്നത് . ചിത്രത്തിലെ നാട്ടു നാട്ടു വിന് ഓസ്കറിൽ ഒറിജിനല്‍ സോങ് വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ഓസ്കർ വേദിയിൽ നാട്ടു നാട്ടുവിന്റെ പ്രത്യേക അവതരണവുമുണ്ടാകും .
എന്നാൽ ആർ ആർ ആർ ഓസ്കർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഗ്ലോൾഡൻ ഗ്ലോബ് , ഹോളിവുഡ് ക്രിട്ടിക്സ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാര നേട്ടങ്ങൾ ഓസ്കറിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് ആരാധകരുടെയും നിരൂപകരുടെയും വിലയിരുത്തൽ . ഈ മാസം 13 നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്