ENTERTAINMENT

'നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല'; നകുൽ തമ്പിയെ സന്ദർശിച്ച അഹാന കൃഷ്ണയുടെ പോസ്റ്റ്

നൃത്തത്തിലും അഭിനയത്തിലുമുള്ള മികവ് തെളിയിച്ച പ്രതിഭയാണ് നകുല്‍ തമ്പി. 2019ൽ പുറത്തിറങ്ങിയ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ രംഗത്ത് നകുൽ ശ്രദ്ധ നേടുന്നത്

വെബ് ഡെസ്ക്

നാല് വർഷം മുൻപ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് അഹാന കൃഷ്ണ. 2020 ജനുവരിയിൽ കൊടൈക്കനാലിനു സമീപത്തുണ്ടായ വാഹനാപകടത്തിലുണ്ടായ പരുക്കിനെ തുടർന്ന് ചികിത്സയിൽ തുടരുകയാണ് നകുൽ.

കഴിഞ്ഞ ദിവസം നകുലിനെ സന്ദർശിച്ചതിനെ കുറിച്ചും നകുലിന്റെ നിലവിലെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചും അഹാന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

അഹാന പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി

'നാല് വർഷം മുമ്പ് നേരിട്ട ദൗർഭാഗ്യകരമായ റോഡപകടത്തെ തുടർന്ന് നകുൽ തമ്പിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലരും അന്വേഷിച്ചിരുന്നു. ഇപ്രാവശ്യം ബെംഗളൂരുവിൽ പോയപ്പോൾ നകുലിനെ വീട്ടിൽ പോയി കണ്ടിരുന്നു. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ട്. ഓർമകൾ തിരികെയെത്തുന്നത് ചെറിയ രീതിയിൽ പ്രകടമാകുന്നുണ്ട്. എന്നെയും റിയയെയും തിരിച്ചറിഞ്ഞു .കൈകളും കാലുകളും ഉപയോഗിച്ച് ചലനത്തിൻ്റെ വ്യാപ്തി വർധിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങളും നകുൽ നടത്തുന്നുണ്ട്. നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല,' അഹാന കുറിച്ചു.

അപകടം നടന്ന സമയം വെറും 20 വയസ് മാത്രമായിരുന്നു നകുലിന്റെ പ്രായം. 2019ൽ പുറത്തിറങ്ങിയ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് നകുൽ തമ്പി ശ്രദ്ധ നേടുന്നത്. അഹാനയും നകുലും ഈ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നൃത്തത്തിലും അഭിനയത്തിലുമുള്ള മികവ് തെളിയിച്ച പ്രതിഭയാണ് നകുല്‍. 'പതിനെട്ടാം പടി' എന്ന ചിത്രത്തിലെ വേഷം നകുലിനെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാക്കിയിരുന്നു.

നാല് വർഷം മുൻപ് സുഹൃത്തുക്കളുമായി തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ശേഷം നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഒരു കാറില്‍ നകുലും സുഹൃത്തും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നകുലിന്റെ മസ്തിഷ്കത്തിനും നട്ടെല്ലിനും സാരമായി പരുക്കേറ്റിരുന്നു. ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു താരം. വൻ തുക ചെലവഴിച്ചാണ് നകുലിന്റെ ചികിത്സ നടത്തിയത്. ഒരു പരിധി കഴിഞ്ഞ് ഭീമമായ പണം ആവശ്യമായി വന്നപ്പോൾ പണം സ്വരൂപിക്കാനായി ചലച്ചിത്ര താരങ്ങളും ഒപ്പം ചേർന്ന് ക്രൗഡ്ഫണ്ടിങ് വഴി പണം സ്വരൂപിച്ചിരുന്നു.

ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് നകുൽ മലയാളി പ്രേക്ഷകരിലേക്കെത്തുന്നത്. തുടർന്ന് വെള്ളിത്തിരയിലേക്കെത്തി പ്രസിദ്ധി നേടുന്ന സമയത്തായിരുന്നു അപകടം നകുലിനെ തേടിയെത്തുന്നത്. നകുൽ വീണ്ടും പൂർണആരോഗ്യവാനായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ