അജ്മീര്‍ 92 വിന് എതിരായ ആരോപണങ്ങൾ തള്ളി സംവിധായകൻ പുഷ്‌പേന്ദ്ര സിങ്. ഇതൊരു പ്രൊപ്പഗണ്ട ചിത്രമല്ലെന്നും നമ്മുടെ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന യാഥാർത്ഥ്യങ്ങളെ ദൃശ്യവത്കരിക്കുക മാത്രമാണെന്നും പുഷ്‌പേന്ദ്ര സിങ് പ്രതികരിച്ചു.
പ്രഖ്യാപനം മുതൽ തന്നെ വിവാദങ്ങളിൽപ്പെട്ട അജ്മീര്‍ 92,1992 ന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അജ്മീര്‍ നഗരത്തില്‍ ബലാത്സംഗത്തിനിരയാവുകയും തുടർന്ന് ആത്മഹത്യ ചെയ്യുന്നതുമാണ് സിനിമയുടെ പ്രമേയം.
സംവിധായകന്റെ വാക്കുകൾ
പലരും വിചാരിക്കുന്ന പോലെ അജ്മീര്‍ 92 ഏതെങ്കിലും ഒരു പ്രത്യേക കമ്യൂണിറ്റിക്ക് എതിരായ സിനിമയല്ല , ഇതൊരു പ്രൊപ്പഗണ്ട ചിത്രവുമല്ല. നമ്മുടെ പെണ്‍കുട്ടികള്‍ എന്തൊക്കെയാണ് അഭിമുഖീകരിക്കുന്നത് എന്നതു മാത്രമാണ് അജ്മീര്‍ 92 പറയുന്നത് . ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുകയല്ല സിനിമയുടെ ലക്ഷ്യം, പെൺകുട്ടികളുടെ വേദനങ്ങള്‍ സിനിമയിലൂടെ കാണിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ,' പുഷ്‌പേന്ദ്ര സിങ് പറഞ്ഞു.
തെറ്റായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിനാൽ ചിത്രം റിലീസ് ചെയ്യാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും പുഷ്‌പേന്ദ്ര സിങ് പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ''ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ ദൃശ്യവത്കരിച്ചിരിക്കുന്ന ട്രെയിലറിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
സ്ത്രീകളിൽ ശാക്തീകരണബോധം ഉണർത്താനും, അതിക്രമങ്ങള്‍ക്കെതിരെയും ധീരമായി സംസാരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന വാചകത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. കരണ്‍ വര്‍മ്മയും സുമിത് സിങ്ങുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.