സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്ന് വ്യക്തമാക്കി നടന്‍ അലന്‍സിയര്‍. സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളിക്കുന്നവരൊക്കെ അനുഭവിക്കുന്ന വേദനകള്‍ പുറത്തറിയുന്നതിലും വലുതാണ്. പൊലീസ് വേഷത്തിലൊക്കെ വന്നു നില്‍ക്കുന്ന പുരുഷന്‍മാര്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാതെ, കാരവനുള്ളില്‍ കയറാന്‍ പറ്റാതെ നടക്കുന്ന നടപ്പ് ഞാന്‍ കണ്ടിട്ടുണ്ട്.
എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. അതില്‍ എന്താണ് തെറ്റ്? എന്തുകൊണ്ട് ഈ പറയുന്ന സ്ത്രീപക്ഷ വാദികള്‍, സ്ത്രീശരീരത്തെ വര്‍ണിച്ചുകൊണ്ടുള്ള നമ്പൂതിരിയുടെ ശില്‍പം മാത്രം എല്ലാ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നു? എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ഒരു പുരുഷ ശരീരം തരുന്നില്ല? എന്റെ ശരീരം തരുന്നില്ല എന്നതായിരുന്നു എന്റെ ചോദ്യം.
ഞാനൊരു സ്ത്രീ വിരോധിയൊന്നുമല്ല. പക്ഷേ, ഏകപക്ഷീയമാകരുത് ഒന്നും. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കില്‍ പെണ്ണില്ല, പെണ്ണില്ലെങ്കില്‍ ആണുമില്ല. ശിവ-പാര്‍വതി സങ്കല്‍പ്പമുണ്ടല്ലോ, അത് തന്നെ എത്രയോ ദൈവികമാണ്, േ്രശഷ്ഠമാണ്. അത് നിങ്ങള്‍ മറന്നിട്ട് ഏകപക്ഷീയമായെന്ന് പറഞ്ഞിട്ട്, അപ്പുറത്ത് അമ്മയും അച്ഛനെന്നും സംഘടനയുണ്ടാക്കിയിട്ടൊന്നും കാര്യമില്ല. പറഞ്ഞതില്‍ ഒരു ലജ്ജയും തോന്നുന്നില്ല. പെണ്‍പ്രതിഭ നല്‍കി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാന്‍ ഇക്കാര്യം പറഞ്ഞത്.
ഞാന്‍ എന്റെ അമ്മയേയും ഭാര്യയേയും സ്‌നേഹിക്കുന്ന ആളാണ്. ഇന്നലെ കിട്ടിയ അവാര്‍ഡ് ആദ്യം കൊണ്ടുകൊടുത്തത് എന്റെ ഭാര്യയുടെ കൈയ്യിലല്ല. എന്റെ കൂടെ അഭിനയിച്ച പൗളി ചേച്ചിക്കാണ്. അത് നിങ്ങള്‍ കാണാതെ പോയത് എന്റെ കുറ്റമല്ലെന്നും മാധ്യമങ്ങളോട് അലന്‍സിയര്‍ പറഞ്ഞു. എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാന്‍ വരേണ്ട. മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുത്. ഇതു പറയാന്‍ ആ വേദി തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് എനിക്ക് ഒരു ആണ്‍പ്രതിമ വേണമെന്നു ഞാന്‍ പറഞ്ഞത്. അല്ലാതെ പെണ്‍കരുത്തുള്ളിടത്തല്ല.
എന്റെ അച്ഛന് ഇവിടെ പുരയിടം വരെ ഇല്ലായിരുന്നു. എന്റെ അമ്മയ്ക്കാണ് അവകാശം. അച്ഛനോടു ഞാന്‍ എനിക്ക് ഭൂമി എഴുതിത്തരണം എന്നു പറഞ്ഞപ്പോള്‍കയ്യില്‍ പണമില്ലെന്നാണ് അച്ഛന്‍ പറഞ്ഞത്. എന്റെ അമ്മയ്ക്കാണ് അവകാശം. ഭക്ഷണം കഴിച്ച പാത്രം കഴുകിവയ്ക്കാന്‍ അമ്മ അച്ഛനെ പഠിപ്പിച്ചു. ആ അമ്മയുടെ മകനാണ് ഞാന്‍. അല്ലാതെ ഞാന്‍ ഒരു സ്ത്രീവിരുദ്ധതയും പറഞ്ഞിട്ടില്ല. ഞാന്‍ സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ്. ഞാന്‍ ആക്ഷേപിച്ചുകൊണ്ടല്ല പറഞ്ഞത്. സ്ത്രീകള്‍ പുരുഷന്‍മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. അങ്ങനെയൊരു അവഹേളനം നിലവിലുണ്ട്. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. സംവരണം മുഴുവന്‍ സ്ത്രീകള്‍ക്കാണ്. എന്ത് അധാര്‍മികത കാണിച്ചാലും പുരുഷനാണ് പഴി. ഇല വന്നു മുള്ളില്‍ വീണാലും, മുള്ളുവന്ന് ഇലയില്‍ വീണാലും എന്നൊരു പഴയ ചൊല്ലുണ്ട്. അത് ഇപ്പോള്‍ തിരിച്ചാണ് സംഭവിക്കുന്നത്. പുരുഷന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. അതുകൊണ്ടാണല്ലോ നിങ്ങള്‍ മൈക്കുമായി ഇപ്പോള്‍ ഇവിടെ വന്നു നില്‍ക്കുന്നതെന്നും അലന്‍സിയര്‍.